'പി സി ജോർജിന്റേത് വെള്ളത്തിന് തീ പിടിപ്പിക്കുന്ന പ്രസ്താവന'; കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ്

By Web TeamFirst Published Apr 30, 2022, 3:04 PM IST
Highlights

'സിപിഎം- ബിജെപി ഗൂഡാലോചന വ്യക്തമാണ്. ഗുജറാത്ത് മോഡലിനെ അഭിനന്ദിച്ച് ചീഫ് സെക്രട്ടറി സംസാരിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്'.

തിരുവനന്തപുരം: മുൻ എംഎൽഎ പി സി ജോർജിന്റേത് വെള്ളത്തിന് തീ പിടിപ്പിക്കുന്ന പ്രസ്താവനയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വർഗീയത ആളിക്കത്തിക്കാൻ പി സി ജോർജ് ശ്രമിക്കുന്നുവെന്നും  മുൻകൂട്ടി തീരുമാനിച്ച പ്രസ്താവനയാണിതെന്നും വി ഡി സതീശൻ വ്യക്തമാക്കി.

സിൽവർ ലൈൻ കല്ലുകൾ പിഴുതെറിയാൻ കാനം രാജേന്ദ്രന്റെ പാർട്ടിക്കാർ തങ്ങളോടെപ്പം ഉണ്ട്. അദ്ദേഹം ഇക്കാര്യം സ്വന്തം പാർട്ടിക്കാരോട് പറയട്ടെ. ചീഫ് സെക്രട്ടറിയെ ഗുജറാത്തിൽ അയച്ചത് ഗുജറാത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പിന് മാന്യത നൽകാനാണെന്നും സതീശൻ പറഞ്ഞു.  

സിപിഎം- ബിജെപി ഗൂഢാലോചന വ്യക്തമാണ്. ഗുജറാത്ത് മോഡലിനെ അഭിനന്ദിച്ച് ചീഫ് സെക്രട്ടറി സംസാരിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. കേരള മോഡലിനെ പറ്റി പറഞ്ഞവർ ഇപ്പോൾ ഗുജറാത്ത് മോഡലിനെ പറ്റി പറയുന്നു.  മുഖ്യമന്ത്രി ബിജെപിയുമായി ബന്ധമുണ്ടാക്കി. നിലവിലെ സംസ്ഥാനത്തെ സാമ്പത്തിക നില വ്യക്തമാക്കി ധവള പത്രം ഇറക്കണമെന്നും അദ്ദേഹം പറഞ്ഞു. 

പിസി ജോർജ് കേരളത്തിലെ നമ്പർ വൺ വർഗീയവാദി, കാനത്തെ പിണറായി ചങ്ങലക്കിട്ടു: ഷാഫി പറമ്പിൽ

പാലക്കാട്: പി.സി ജോർജിന്റെ പരാമർശത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എം എൽ എ. പിസി ജോർജ് വർഗീയതയുടെ സന്തതസഹചാരിയെന്ന് പാലക്കാട് എം എൽ എ വിമർശിച്ചു. 

പി സി ജോർജ് കേരളത്തിലെ നമ്പർ വൺ വർഗീയ വാദിയെന്ന് ഷാഫി വിമർശിച്ചു. കേരളത്തിലെ സാമൂഹിക സൗഹാർദ അന്തരീക്ഷത്തെ തകർക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നയാളാണ് പി സി ജോർജ്. പൊലീസിന്റെയും സർക്കാരിന്റെയും മൃദു സമീപനമാണ് പി സി ജോർജിന് പ്രോത്സാഹനമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രഗ്യാ സിംഗ് ഠാക്കൂർ, സാക്ഷി മഹാരാജ് എന്നിവരെ മോദി സംരക്ഷിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സമാനമായ നിലയിൽ പി സി ജോർജിനെ കേരള സർക്കാരും സംരക്ഷിക്കുകയാണ്. പി സി ജോർജിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി ജയിലിലടയ്ക്കണം.

കെ റെയിൽ സിൽവർ ലൈൻ പദ്ധതിക്കായി സ്ഥാപിച്ച കുറ്റികൾക്ക് കാവൽ നിൽക്കുമെന്ന കാനത്തിന്റെ പ്രസ്താവനയെയും ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി. സിപിഐയെയും അതിന്റെ സംസ്ഥാന സെക്രട്ടറിയായ കാനം രാജേന്ദ്രനെയും മുഖ്യമന്ത്രി പിണറായി വിജയൻ ചങ്ങലക്കിട്ടിരിക്കുകയാണ്. കാനം രാജേന്ദ്രന്റെ പ്രസ്താവന സി പി ഐക്ക് തന്നെ അപവാദമാണ്. സി പി എം തീവ്ര വലതുപക്ഷ പാർട്ടിയായി മാറിയെന്നും ഷാഫി കുറ്റപ്പെടുത്തി.

 
click me!