വിനോദിനിയ്ക്ക് ആശ്വസിയ്ക്കാം; കൃത്രിമ കയ്യിന് അളവെടുപ്പ് പൂർത്തിയായി, പണവും അടച്ചെന്ന് പ്രതിപക്ഷ നേതാവ്

Published : Jan 05, 2026, 05:04 PM IST
satheesan, vinodini

Synopsis

കുട്ടിയ്ക്ക് കൃത്രിമ കൈ വയ്ക്കാനുള്ള മുഴുവന്‍ ചെലവും ഏറ്റെടുക്കാമെന്ന് അന്ന് തന്നെ വിനോദിനിയുടെ കുടുംബത്തെ അറിയിച്ചിരുന്നുവെന്ന് വിഡി സതീശൻ. കൈയ്യിന് വേണ്ടിയുള്ള മുഴുവൻ തുകയും അടച്ചുവെന്നും സതീശൻ. 

തിരുവനന്തപുരം: പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടര്‍ന്ന് വലത് കൈ നഷ്ടപ്പെട്ട ഒന്‍പത് വയസുകാരി വിനോദിനിയുടെ ചികിത്സ തുടങ്ങിയതായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൃത്രിമ കൈക്ക് ആവശ്യമായ മുഴുവൻ തുകയും അടച്ചുവെന്നും കൃത്രിമ കൈക്കായുള്ള അളവെടുപ്പ് പൂർത്തിയായെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു. വാർത്താകുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

വിനോദിയുടെ വേദനയെ കുറിച്ചുള്ള മാധ്യമ വാര്‍ത്തകള്‍ വെള്ളിയാഴ്ചയാണ് ശ്രദ്ധയില്‍പ്പെട്ടത്. കൃത്രിമ കൈ വയ്ക്കാനുള്ള മുഴുവന്‍ ചെലവും ഏറ്റെടുക്കാമെന്ന് അന്ന് തന്നെ വിനോദിനിയുടെ കുടുംബത്തെ അറിയിച്ചിരുന്നു. ശനിയാഴ്ച രാവിലെ വിനോദിനിയെ പാലക്കാട് നിന്ന് കൊച്ചിയില്‍ എത്തിച്ചു. അമൃത ആശുപത്രിയില്‍ എല്ലാവിധ പരിശോധനകളും പൂര്‍ത്തിയാക്കി. കൃത്രിമ കൈ വയ്ക്കുന്നതിനുള്ള അളവെടുപ്പും നടന്നു. ഇതിനുള്ള ഉപകരണങ്ങള്‍ വിദേശത്ത് നിന്ന് ഓര്‍ഡര്‍ നല്‍കി കൊണ്ടുവരേണ്ടതുണ്ട്. കൃത്രിമ കൈ നിര്‍മ്മിക്കുന്ന ഏജന്‍സിക്ക് ഇതിന് ആവശ്യമായ മുഴുവന്‍ തുകയും ഇന്ന് രാവിലെ നല്‍കിയിട്ടുണ്ട്. രണ്ട് ആഴ്ചക്കുള്ളില്‍ കൃത്രിമ കൈ തയ്യാറാകും. കൃത്രിമ കൈ കുട്ടിക്ക് വച്ചതിന് ശേഷമുള്ള പരിശോധനകള്‍ പരമാവധി മൂന്ന് ആഴ്ചക്കകം പൂര്‍ത്തിയാകുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.

കൃത്രിമകൈ ലഭിക്കാത്തതിനാൽ പുതുവർഷത്തിലും സ്കൂളിൽ പോകാനാകാതെ വീട്ടില്‍ കഴിയുകയായിരുന്നു വിനോദിനി. കൃത്രിമകൈ വെക്കാൻ പണമില്ലാതെ വിഷമത്തിലായിരുന്നു കുട്ടിയുടെ വീട്ടുകാർ. കുടുംബത്തിന് ആകെ കിട്ടിയത് 2 ലക്ഷം രൂപ മാത്രമായിരുന്നു. കൈ മാറ്റിവെക്കുന്നതിനുള്ള സാമ്പത്തികം കുടുംബത്തിന് ഇല്ലെന്നും കളക്ടറെ കണ്ട് പരാതി അറിയിച്ചിട്ടുണ്ടെന്നും കുട്ടിയുടെ അമ്മ പറഞ്ഞിരുന്നു. സഹോദരനൊപ്പം കളിക്കുന്നതിനിടെ നിലത്ത് വീണതായിരുന്നു ഒമ്പതു വയസുകാരി വിനോദിനി. സെപ്റ്റംബര്‍ 24നായിരുന്നു അപകടം.

അന്ന് തന്നെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ കാണിച്ചെങ്കിലും വലതു കൈയൊടിഞ്ഞതിനാല്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റാനായിരുന്നു നിര്‍ദേശം. കൈക്ക് മുറിവുമുണ്ടായിരുന്നു. ജില്ലാ ആശുപത്രിയില്‍ നിന്നും കൈക്ക് പ്ലാസ്റ്ററിട്ടു. കൈവിരലുകളില്‍ കുമിള പൊന്തിയതോടെ വീണ്ടും ആശുപത്രിയിലെത്തിയപ്പോഴേക്കും കൈ അഴുകിയ നിലയിലായിരുന്നു. പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കൈ മുറിച്ചു മാറ്റേണ്ടി വന്നു.

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കുട്ടിയുടെ ചികിത്സാ ചെലവിനും മുന്നോട്ടുള്ള പിന്തുണയും തേടി സമീപിച്ചിട്ടും സർക്കാരും ആരോഗ്യ വകുപ്പും തിരിഞ്ഞു നോക്കിയില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു. പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും രണ്ട് ലക്ഷം രൂപ ധനസഹായം നല്‍കിയത്. എന്നാല്‍ തുച്ഛമായ തുക വിനോദിനിയ്ക്ക് കൃത്രിമ കൈ വെക്കാൻ തികയില്ലായിരുന്നു. തുടർന്ന് ഇക്കാര്യം വാർത്തയായതോടെ പ്രതിപക്ഷ നേതാവ് ഇടപെടുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നാട്ടിൽ പോയി വരുമ്പോൾ ബ്രൗൺഷുഗർ എത്തിക്കുന്നത് പതിവ്; നിരന്തരം നിരീക്ഷണം, ഇതരസംസ്ഥാന തൊഴിലാളി കൊണ്ടോട്ടിയിൽ പിടിയിൽ
പിന്തുണ തേടി മുഖ്യമന്ത്രിയെ കണ്ട് വി വി രാജേഷ്, പിണറായി നൽകിയ നിർദേശം; എല്ലാ സഹകരണവും വാഗ്ദാനം ചെയ്തെന്നും മേയർ