
തിരുവനന്തപുരം: നെന്മാറ ഇരട്ട കൊലപാതകം സംസ്ഥാനത്തെ പൊലീസ് സംവിധാനത്തിന്റെ തകര്‍ച്ച വ്യക്തമാക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വധഭീഷണി മുഴക്കിയ ചെന്താമരയെ പട്ടിൽ പൊതിഞ്ഞ ശകാരം നടത്തി പറഞ്ഞുവിടുകയായിരുന്നു പൊലീസ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. പ്രിയങ്ക ഗാന്ധിക്കെതിരെ കരിങ്കൊടി കാട്ടിയതിലും പാലക്കാട് ബ്രൂവറി വിവാദത്തിലും പ്രതിപക്ഷ നേതാവ് രൂക്ഷ വിമർശനം ഉന്നയിച്ചു.
പ്രിയങ്ക ഗാന്ധിക്ക് നേരെ കരിങ്കൊടി കാണിച്ചത് സിപിഎമ്മിന്റെ രാഷ്ട്രീയ പാപ്പരത്തമെന്നാണ് അദ്ദേഹം വിമർശിച്ചത്. കടുവ ആക്രമണം ഉണ്ടായ ഉടനെ തന്നെ എല്ലാ പരിപാടിയും റദ്ദാക്കി പ്രിയങ്ക ഗാന്ധി വയനാട്ടിൽ വന്നു. മുഖ്യമന്ത്രി എവിടെ പോയി? പ്രിയങ്ക ഗാന്ധി എവിടെയുണ്ടെന്ന് ചോദിക്കാൻ സിപിഎമ്മിന് നാണമുണ്ടോ? ഒരു വകുപ്പുകളുമായും കൂടിയാലോചിക്കാതെയാണ് പാലക്കാട് ബ്രൂവറിക്ക് അനുമതി കൊടുത്തത്. ഈ കമ്പനിയുമായി ഡൽഹിയിൽ ഒരാൾ ചർച്ച നടത്തിയിട്ടുണ്ട്. ഘടകക്ഷികൾ അറിയാതെ ആരാണ് ഗൂഢാലോചന നടത്തിയതെന്ന് വൈകാതെ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
നെന്മാറയിൽ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച് നാട്ടിലെത്തിയ ചെന്താമര ഭീഷണിപ്പെടുത്തിയത് സംബന്ധിച്ച് പരാതി നല്‍കിയിട്ടും നടപടി എടുക്കാത്ത പൊലീസ് ഈ കൊലപാതകങ്ങള്‍ക്ക് ഉത്തരം പറഞ്ഞേ മതിയാകൂ എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒരു വീട്ടിലെ മൂന്നു പേരെയാണ് ഈ പ്രതി രണ്ടു തവണയായി കൊലപ്പെടുത്തിയത്. ഇതോടെ ഒരു കുടുംബത്തിലെ രണ്ട് പെണ്‍കുട്ടികളാണ് അനാഥമാക്കപ്പെട്ടത്. പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതര വീഴ്ചയ്ക്കു പുറമെ കൊലയാളിയെ ഇനിയും കണ്ടെത്താനായിട്ടില്ല. സംസ്ഥാനത്തെ ക്രമസമാധാനം പൂര്‍ണമായും തകര്‍ത്ത് സേനയെ രാഷ്ട്രീയവത്ക്കരിച്ച് നിര്‍വീര്യമാക്കിയതിന്റെ ദുരന്തഫലമാണ് നെന്മാറയില്‍ കണ്ടത്. ഇത്രയും അരാജകമായ സാഹചര്യം സംസ്ഥാനത്ത് ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല. അനാഥരാക്കപ്പെട്ട ഈ പെണ്‍കുട്ടികളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണം. കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനും സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു