വാക്കുകള്‍ക്ക് വാളിനെക്കാള്‍ മൂര്‍ച്ച, ഗ്രൂപ്പ് സംവിധാനങ്ങളെ തച്ചുടച്ച് തുടക്കം; വി ഡി സതീശന്റെ രാഷ്ട്രീയ യാത്ര സംഭവബഹുലം

Published : May 14, 2026, 05:09 PM IST
 VD Satheesan

Synopsis

പോരാട്ടത്തിന്റെ അവസാനനാളിലും അണികളിൽ പടർന്ന അസാധ്യമെന്ന തോന്നലിനെ, ആത്മവിശ്വാസത്തിന്റെ വചനങ്ങളോതി തീ പിടിപ്പിച്ചോരാൾ. മുൻഗാമി പൊരുതിത്തോറ്റ പോർക്കളത്തിൽ അതേ എതിരാളിയെ നിരായുധനായി മുട്ടുകുത്തിച്ച പോരാളി. വാക്കിന് വാളിനേക്കാൾ മൂർച്ചകാട്ടിയ വടശ്ശേരി ദാമോദരൻ സതീശൻ.

തെരഞ്ഞെടുപ്പിനേക്കാള്‍ വലിയ കടമ്പയും പിന്നിട്ടാണ് വിഡി സതീശന്‍ കേരളത്തിന്‍റെ മുഖ്യമന്ത്രിയാകുന്നത്. ആരാവണം മുഖ്യമന്ത്രിയെന്ന തര്‍ക്കം, ഫലത്തില്‍ പാര്‍ട്ടിയിലും മുന്നണിയിലും സതീശന്‍റെ രാഷ്ട്രീയ ഗ്രാഫുയര്‍ത്തി. സംസ്ഥാനത്തും ദേശീയ രാഷ്ട്രീയത്തിലും വേരൂന്നി നില്‍ക്കുന്ന കെസി വേണുഗോപാലിനെ മറികടക്കാന്‍ ഘടകക്ഷികളുടെ ഉള്‍പ്പടെ പിന്തുണ സതീശന് ഗുണം ചെയ്തു. ഗ്രൂപ്പ് വൈരത്താല്‍ അകന്നുപോയ പാര്‍ട്ടി അണികളെ ഒന്നിപ്പിക്കലും, പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ നിറവേറ്റലും മുന്നോട്ടുള്ള പാതയില്‍ വിഡി സതീശന് വെല്ലുവിളിയാണ്.

പോരാട്ടത്തിന്റെ അവസാനനാളിലും അണികളിൽ പടർന്ന അസാധ്യമെന്ന തോന്നലിനെ, ആത്മവിശ്വാസത്തിന്റെ വചനങ്ങളോതി തീ പിടിപ്പിച്ചോരാൾ. മുൻഗാമി പൊരുതിത്തോറ്റ പോർക്കളത്തിൽ അതേ എതിരാളിയെ നിരായുധനായി മുട്ടുകുത്തിച്ച പോരാളി. വാക്കിന് വാളിനേക്കാൾ മൂർച്ചകാട്ടിയ വടശ്ശേരി ദാമോദരൻ സതീശൻ. തുടർച്ചയായ രണ്ടാം നിയമസഭാ തോൽവിയോടെ രാഷ്ട്രീയ ആയുധങ്ങളും ആവേശവും കെട്ടടങ്ങിയ മുന്നണിയെയാണ്, കോൺഗ്രസ്‌ പാർട്ടി, 2021 ൽ സതീശന്റെ കയ്യിൽ ഏൽപ്പിക്കുന്നത്. പരമ്പരാഗത ഗ്രൂപ്പ് സംവിധാനങ്ങളെ തച്ചുടച്ച് പാർട്ടിയിൽ ശുദ്ധീകരണത്തിന്റെ തുടക്കം. നിലപാടുകളിലെ കാർക്കശ്യം കൊണ്ട് കോൺഗ്രസിൽ കണ്ടു പരിചയമില്ലാത്തൊരു പാത, വിഡി സതീശൻ തുറന്നപ്പോൾ കല്ലിനും മുള്ളിനും കുറവുണ്ടായിരുന്നില്ല. സഖ്യസാധ്യതകളിലും സോഷ്യൽ എൻജിനീയറിങ്ങിലും ഉപതെരഞ്ഞെടുപ്പുകളെ അദ്ദേഹം പരീക്ഷണശാലകളാക്കി. ജനപക്ഷത്തിന് വേണ്ടി, സതീശൻ സ്വന്തം പക്ഷത്തെപോലും മറന്നതിന് രാഹുൽ മാങ്കൂട്ടത്തിൽ അനുഭവസ്ഥൻ. നിലപാടിൽ വിട്ടുവീഴ്ച ഉണ്ടാകില്ലെന്നതിന് കൊടുക്കേണ്ടി വന്ന വില ഷാഫി പറമ്പിലിന്റെ മറുകണ്ടംചാടൽ. യുവാക്കളുടെ പടത്തലവന്മാരെ നഷ്ടമായപ്പോൾ ജെൻസികളിലേക്ക് വരെ ആഴ്ന്നിറങ്ങി പുതിയ തളിരെടുത്തു.

വാക്ചാതുര്യമാണ് വി ഡി സതീശന്റെ യുഎസ്പി. സഭാതലത്തെ പ്രകമ്പനം കൊള്ളിച്ച പ്രസംഗങ്ങൾ, തർക്കങ്ങൾ, വൈകാരിക പ്രകടനങ്ങൾ. മൂന്നാംഭരണം വരുമെന്ന മുറവിളികൾക്ക് സതീശന്‍ പുതുയുഗം വരുമെന്ന ബദലുയർത്തി. ടീം യുഡിഎഫ് എന്ന പ്രയോഗം ഘടകകക്ഷികളെ കോർത്തിണക്കിയ ചരടാക്കി. ഇന്ദിരാ ഗ്യാരണ്ടിയെ ജനപ്രിയ വാഗ്ദാനമായി വോട്ടർമാർ ഏറ്റെടുത്തപ്പോൾ ടീം യുഡിഎഫിന് കരുത്ത് പകർന്നു. കേവല ഭൂരിപക്ഷത്തിലേക്ക് കടന്നുകൂടുമോ എന്ന് ആശങ്കപ്പെടുമ്പോഴും നയിക്കാൻ ഇറങ്ങിയ ആൾ നൂറിൽ കുറച്ചില്ല. പ്രവചനം പോലെ അത് സാധ്യമായപ്പോൾ വിഡി സതീശൻ എന്ന രാഷ്ട്രീയ നേതാവിന് ശോഭയേറി. മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് ജനം തെരുവിലിറങ്ങിയത് പട നയിച്ചവൻ നാടുഭരിക്കണമെന്ന ആഗ്രഹത്താൽ.

ലോട്ടറി സംവാദത്തിൽ അന്നത്തെ മന്ത്രി ആയിരുന്ന തോമസ് ഐസക്കിനെ വെള്ളം കുടിപ്പിച്ചതാണ് വി ഡി സതീശന്റെ രാഷ്ട്രീയ ജീവിതത്തിലെ ട്വിസ്റ്റ്. പക്ഷേ അതിന്റെ ആനുകൂല്യം ഭരണം കിട്ടിയപ്പോൾ പാർട്ടി നൽകിയില്ല. 1986 ൽ എംജി യൂണിവേഴ്സിറ്റിയുടെ വിദ്യാർത്ഥി യൂണിയൻ ചെയർമാൻ സ്ഥാനമാണ് സതീശന്റെ രാഷ്ട്രീയ ജീവിതത്തിൽ ആദ്യത്തെ കസേര. പിന്നീട് അർഹതപ്പെട്ടത് പലതും, പലകാലങ്ങളിൽ നിഷേധിക്കപ്പെട്ട ഒരു നേതാവിന് കാലം 40 വർഷങ്ങൾക്കുശേഷം കാത്തുവച്ചതാണ് കേരളത്തിന്റെ മുഖ്യമന്ത്രിപദം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അമിതാഹ്ലാദമില്ലാതെ കരുതലോടെ പ്രതികരിച്ച് മുസ്ലിംലീഗ്; സാമുദായിക താൽപര്യമല്ല ജനവിധിയാണ് പ്രധാനമെന്ന നിലപാടിൽ ഉറച്ച് നേതാക്കൾ
'തൊടുപുഴയിൽ മുസ്ലിം ലീ​ഗിന്റെ പേരിൽ നടന്ന പ്രകടനത്തിലെ മുദ്രാവാക്യങ്ങൾ തള്ളിക്കളയുന്നു'; ശക്തമായ നടപടി സ്വീകരിക്കുമെന്ന് പിഎംഎ സലാം