
ദില്ലി: കേരള പൊലീസിന്‍റെയടക്കമുള്ള കേസുകളിൽ വിശദീകരണം നൽകാനായി ദില്ലിയിലെത്തിയ കെ സുധാകരനെയും തന്നെയും ചേർത്തുപിടിച്ച് ആത്മവിശ്വാസമേകിയതിൽ രാഹുൽ ഗാന്ധിയെ വാഴ്ത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ച വാക്കുകൾ ഏറ്റെടുത്ത സതീശൻ, ഇതാണ് നായകനെന്നും രാഹുലിനെ വിശേഷിപ്പിച്ചു. 'ഭീഷണിയുടേയും പകപോക്കലിന്റേയും രാഷ്ട്രീയത്തെ കോൺഗ്രസ് ഭയപ്പെടാറില്ല, ധൈര്യമായി മുന്നോട്ട് പോകുക, നേതൃത്വം കൂടെയുണ്ട്' എന്ന രാഹുൽ ഗാന്ധിയുടെ വാക്കുകൾ കൂടുതൽ കരുത്ത് നൽകുന്നുവെന്ന് പ്രതിപക്ഷ നേതാവ് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ഭരണകൂടം വേട്ടയാടുമ്പോൾ ഒപ്പമുള്ളവർക്ക് ആത്മവിശ്വാസം നൽകി ചേർത്തുപിടിക്കുന്ന നായകനാണ് രാഹുൽ ഗാന്ധിയെന്നും സതീശൻ അഭിപ്രായപ്പെട്ടു.
അതേസമയം കേരള പൊലീസിന്‍റെയും വിജിലൻസിന്‍റെയും കേസുകളിൽ വിശദീകരണം നൽകാനായി ദില്ലിയിലെത്തിയ പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും കെ പി സി സി അധ്യക്ഷൻ കെ സുധാകരനെയും ചേർത്തുപിടിച്ചുള്ള ചിത്രവുമായാണ് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി നേരത്തെ രംഗത്തെത്തിയത്. ഇരുവരുടെയും കൈ ചേർത്ത് പിടിച്ചുള്ള ചിത്രം ട്വിറ്ററിൽ പങ്കുവച്ച രാഹുൽ ഗാന്ധി പറഞ്ഞത് 'ഭീഷണിയുടെയും പകപോക്കലിന്‍റെയും പ്രതികാര രാഷ്ട്രീയത്തെ കോൺഗ്രസ് ഭയപ്പെടുന്നില്ല' എന്നായിരുന്നു.
അതേസമയം സുധാകരനും സതീശനുമെതിരെ സംസ്ഥാനത്ത് കേസെടുത്ത സാഹചര്യമുണ്ടായെങ്കിലും ഇരുവർക്കുമൊപ്പം നിൽക്കാനാണ് ദേശീയ നേതൃത്വത്തിന്‍റെ തീരുമാനം. കേരളത്തിൽ നേതൃമാറ്റം ആലോചനയിലില്ലെന്ന് കോൺഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. എ ഐ സി സി ജനറൽ സെക്രട്ടറിയും സംസ്ഥാനത്തിന്റെ ചുമതലയുള്ള നേതാവുമായ താരീഖ് അൻവറാണ് ദേശീയ നേതൃത്വത്തിന്റെ നിലപാട് അറിയിച്ചത്. കേസുകളുമായി ബന്ധപ്പെട്ട് കെ സുധാകരനും വി ഡി സതീശനും ഇന്ന് ദില്ലിയിലെത്തി രാഹുൽ ഗാന്ധിയെയും മല്ലികാർജ്ജുൻ ഖർഗയെയുമടക്കം കണ്ടിരുന്നു. ഇതിന് ശേഷമാണ് രാഹുൽ ഇരുവർക്കും പിന്തുണ അറിയിച്ചുകൊണ്ടുള്ള ട്വീറ്റുമായി പ്രത്യക്ഷപ്പെട്ടത്. രാഹുൽ ഗാന്ധിക്ക് കേരളത്തിലെ രാഷ്ട്രീയമറിയാമെന്നും കേസുകൾ രാഷ്ട്രീയപ്രേരിതമാണെന്നുമാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതിപക്ഷ നേതാവും കെ പി സി സി അധ്യക്ഷനും മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam