
കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്ര മലബാർ കടക്കും മുമ്പേ കല്ലുകടി. ഉദ്ഘാടന വേദിയിൽ നിന്ന് മുതിർന്ന നേതാവ് കെ. സുധാകരൻ ഇറങ്ങിപ്പോയതിന് പിന്നാലെ, കോഴിക്കോട് കുറ്റ്യാടിയിൽ ഷാഫി പറമ്പിൽ എംപിയെ സംസാരിക്കാൻ ക്ഷണിക്കാത്തതാണ് പുതിയ വിവാദം. വേദിയിൽ എംപിയായ ഷാഫിക്ക് മുന്നേ ജാഥാ ക്യാപ്റ്റനായ സതീശനെ അധ്യക്ഷൻ പ്രസംഗത്തിന് ക്ഷണിച്ചതാണ് വിവാദങ്ങളുടെ തുടക്കം. 10 മണിക്കായിരുന്നു സ്വീകരണം. 11 അര കഴിഞ്ഞാണ് തുടഹ്ങിയത്. എംകെ രാഘവൻ, പാറക്കൽ അബ്ദുള്ള, അടൂർ പ്രകാശ് എന്നിവരാണ് ആദ്യം സംസാരിച്ചത്.
ശേഷം സതീശനെ പ്രമോദ് കക്കട്ടിൽ ക്ഷണിച്ചു. ഈ സമയം വേദിയിൽ ഷാഫി സംസാരിക്കണമെന്ന് സദസിൽ നിന്ന് ആവശ്യമുയർന്നു. ഇതോടെ ഷാഫിയെ ക്ഷണിക്കാൻ പ്രമോദ് ശ്രമിച്ചെങ്കിലും ഷാഫി തടഞ്ഞു. സതീശന്റെ പ്രസംഗത്തിന് ശേഷം അധ്യക്ഷൻ ഷാഫിയെ ക്ഷണിക്കാനെത്തിയപ്പോഴും ഷാഫി തടയാൻ ശ്രമിച്ചു. ഇതിനിടെ മുതിർന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ താഴെ വീണു. വെറും ഒറ്റവരിയിൽ ഷാഫി പ്രസംഗം അവസാനിപ്പിച്ച് നീരസം പ്രകടിപ്പിച്ചു. ജാഥാ ക്യാപ്റ്റന് മുമ്പ് സ്ഥലം എംപിയായ താൻ സംസാരിക്കേണ്ടിയിരുന്നുവെന്ന് ഷാഫി അറിയിച്ചതായി കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. വൈകിയതിനാലാണ് സതീശനെ ക്ഷണിച്ചതെന്നും സമയക്കുറവാണ് സംഭവങ്ങൾക്ക് കാരണമെന്നും പ്രമോദ് പറഞ്ഞു. മറ്റ് ആശയക്കുഴപ്പമൊന്നുമില്ലെന്നും കോൺഗ്രസ് നേതൃത്വം പറയുന്നു.
നേരത്തെ പുതുയുഗ യാത്രയിൽ പങ്കെടുക്കാതെ മുൻ കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ മാറി നിന്നതും ചർച്ചയായിരുന്നു. യാത്രയുടെ ഉദ്ഘാടന വേദിയിൽ നിന്ന് സുധാകരൻ ഇറങ്ങിപോയതും ശേഷം കാസർകോട്ടെ സ്വീകരണ വേദികളിലൊന്നിലും സുധാകരൻ പങ്കെടുത്തില്ല. യാത്ര കണ്ണൂരിൽ പ്രവേശിച്ചിട്ടും പങ്കെടുത്തിട്ടില്ല. സ്വന്തം ജില്ലയായ കണ്ണൂരിൽ, പ്രതിപക്ഷ നേതാവ് നയിക്കുന്ന യാത്രയിൽ സുധാകരൻ പങ്കെടുക്കാത്തത് വലിയ ചർച്ചയായി. അതിനിടെ വിശദാകരണവുമായി സുധാകരൻ രംഗത്തെത്തി. കേസുമായി ബന്ധപ്പെട്ട് എറണാകുളത്തായതിനാൽ പങ്കെടുത്തില്ലെന്നാണ് വിശദീകരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam