
തിരുവനന്തപുരം: പി ജയരാജനെതിരായ വെളിപ്പെടുത്തൽ പ്രതിപക്ഷം ഉന്നയിക്കുന്ന കാര്യങ്ങൾക്ക് അടിവരയിടുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഎമ്മിന് ജീർണത ബാധിച്ചെന്ന് തങ്ങൾ പറഞ്ഞത് ശരിയെന്ന് തെളിഞ്ഞുവെന്നും വിഡി സതീശൻ പറഞ്ഞു. പി ജയരാജന് എതിരായ വെളിപ്പെടുത്തലിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭ വിട്ടിറങ്ങുകയായിരുന്നു. തുടർന്നായിരുന്നു മാധ്യമങ്ങളോടുള്ള പ്രതികരണം.
ഇപ്പോൾ മനു തോമസിന്റെ ജീവന് ഭീഷണിയുണ്ട്. ഷുഹൈബ് വധത്തിൽ സിപിഎമ്മിന് പങ്കുണ്ട് എന്ന് പറഞ്ഞ ആകാശ് തില്ലങ്കേരി ഇപ്പോൾ പാർട്ടിയെ സംരക്ഷിക്കുന്ന ക്രിമിനലാണ്. ആകാശ് തില്ലങ്കേരിക്ക് ട്രോഫി കൊടുത്ത നേതാവാണ് യുവജന കമ്മീഷൻ ചെയർമാനെന്നും വിഡി സതീശൻ പറഞ്ഞു. ടിപി കേസിലെ പ്രതികൾ പരോളിൽ പോയി സ്വർണം പൊട്ടിക്കുന്നു. തോന്നിയത് പോലെ ഇവർക്ക് പരോൾ കൊടുക്കുന്നു. കേരളത്തിൽ മാഫിയ സംഘങ്ങൾ തഴച്ചുവളരുകയാണ്. സിപിഎംഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും രാഷ്ട്രീയ തണലിൽ മാഫിയകൾ വളരുകയാണ്. കാഫിർ പ്രചരണം നടത്തിയ ഒറ്റ സിപിഎം നേതാവിനെതിരെയും കേസെടുത്തിട്ടില്ല. സിപിഎമ്മിന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ പരസ്പരം പോരടിക്കുകയാണ്. അധികാരം ഇവരെ ദുഷിപ്പിച്ചുവെന്നും വിഡി സതീശൻ പറഞ്ഞു.
മനു തോമസ് ഏഷ്യാനെറ്റ് ന്യൂസിലൂടെ നടത്തിയ വെളിപ്പെടുത്തലിലായിരുന്നു പ്രതിപക്ഷത്തിൻ്റെ അടിയന്തിര പ്രമേയ നോട്ടീസ്. ഖാദി ബോർഡ് വൈസ് ചെയർമാൻ കൂടിയായ പി ജയരാജനും മകനുമെതിരായ വെളിപ്പെടുത്തൽ എന്ന നിലക്ക് സർക്കാറിന് മറുപടി പറയാൻ ഉത്തരവാദിത്തമുണ്ടെന്ന നിലക്കായിരുന്നു നീക്കം. പക്ഷേ സാങ്കേതിക വാദം ഉയർത്തി സർക്കാർ എതിർപ്പുയർത്തുകയായിരുന്നു.
സർക്കാറും സിപിഎമ്മും പ്രതിരോധത്തിലാകുന്ന വിഷയങ്ങളിലെല്ലാം പ്രതിപക്ഷത്തിൻ്റെ നോട്ടീസുകൾ നിരന്തരം അവഗണിക്കുകയാണെന്ന് പറഞ്ഞ് സ്പീക്കർക്കെതിരെ വിമർശനവുമായി വിഡി സതീശൻ രംഗത്തെത്തി. സർക്കാറിൻ്റേയും സ്പീക്കറുടേയും നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി. കണ്ണൂർ സിപിഎമ്മിലെ വിവാദം പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങൾക്ക് അപ്പുറം ഗൗരവമേറിയ വിഷയമെന്ന നിലക്ക് തുടർന്നും ഉന്നയിക്കാനാണ് യുഡിഎഫ് നീക്കം.
https://www.youtube.com/watch?v=Ko18SgceYX8