
തിരുവനന്തപുരം: ഭർതൃവീട്ടിൽ നിന്ന് ഇറങ്ങി വരുന്ന പെൺകുട്ടികളെ സംരക്ഷിക്കാൻ വേണ്ട സംവിധാനം കേരളത്തിൽ ഇല്ല എന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ (V D Satheesan) അഭിപ്രായപ്പെട്ടു. കുറ്റപ്പെടുത്തുന്നത് സർക്കാരിനെ മാത്രമല്ല. സ്വയം വിമർശനം കൂടിയാണ് താൻ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീധന പീഡനങ്ങൾക്കെതിരെ (Dowry harassement) വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം അനിവാര്യമാണ്. രണ്ടു വയസുള്ള പെൺകുഞ്ഞ് മുതൽ 90 വയസുള്ള മുത്തശിമാർ വരെ ലൈംഗിക അതിക്രമത്തിന് ഇരയാകുന്ന നാടായി കേരളം മാറുന്നു. ഡിജിറ്റൽ ലോകത്തും സ്ത്രീകൾ സംഘടിതമായി അപമാനിക്കപ്പെടുന്നു. ഇതിന് അറുതിവരുത്താൻ ആവശ്യമായ സംവിധാനങ്ങൾ സംസ്ഥാനത്ത് ഇല്ല. വനിതാ കമ്മിഷൻ ഉൾപ്പടെ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല എന്നും വി ഡി സതീശൻ വിമർശിച്ചു.
മലയിൻകീഴ് പോക്സോ കേസിൽ തുടരന്വേഷണം
മലയിൻകീഴ് പോക്സോ കേസിൽ തുടരന്വേഷണം നടത്താൻ തീരുമാനമായി. പൊലീസ് വീഴ്ച ഉൾപ്പെടെ അന്വേഷിക്കും . കാട്ടാക്കട ഡി വൈ എസ് പിക്ക് ആണ് അന്വേഷണ ചുമതല. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെത്തുടർന്നാണ് തീരുമാനം.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രണ്ടാനച്ഛന്റ പീഡിപ്പിച്ചു എന്ന് മെഡിക്കൽ പരിശോധനയിൽ തെളിഞ്ഞിരുന്നു, എന്നിട്ടും ഇരയെയും അമ്മയെയും പ്രതിയുടെ വീട്ടിൽ പാർപ്പിച്ചത് വീഴ്ചയാണ്. കുറ്റപത്രം നൽകിയ കേസിൽ തുടരന്വേഷണത്തിനായി കോടതിയെ സമീപിക്കും
ഇരയുടെ അമ്മയ്ക്കെതിരായ കേസിലും തുടരന്വേഷണം നടത്തും. ഇരയുടെ അമ്മ രണ്ടാനച്ഛനെ വധിക്കാൻ ശ്രമിച്ചെന്നാണ് അമ്മക്കെതിരായ കേസ്.
അതേസമയം, കാട്ടാക്കട ഡിവൈഎസ്പിയുടെ അന്വേഷണത്തിൽ നീതി കിട്ടില്ലെന്ന് ഇരയുടെ അമ്മ പ്രതികരിച്ചു. തന്റെ പരാതി നേരിൽ കേൾക്കാൻ പോലും ഡിവൈഎസ്പി തയാറായിട്ടില്ല. താൻ പറയുന്നത് ഒന്നും മൊഴിയായി രേഖപ്പെടുത്താൻ പോലും തയാറായിട്ടില്ല. സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയുടെ റിപ്പോർട്ട് തെറ്റാണ്. തന്നെയും മകളെയും വീട്ടിൽ കൊണ്ടുപോയി ആക്കിയപ്പോൾ പ്രതി വീട്ടിൽ ഉണ്ടായിരുന്നു. ദൈവത്തോട് പ്രാർത്ഥിച്ചു വീട്ടിൽ പോകാനാണ് പൊലീസ് ആവശ്യപ്പെട്ടത് എന്നും ഇരയുടെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam