
തിരുവനന്തപുരം: ഏക സിവിൽ കോഡില്‍ സിപിഎം നിലപാട് ഇരട്ടത്താപ്പെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി. ബിജെപിയെ പോലെ ഭിന്നിപ്പുണ്ടാക്കാനാണ് നീക്കം. ചില മുസ്ലീം വിഭാഗങ്ങളെ മാത്രം തെരഞ്ഞ് പിടിച്ച് പ്രക്ഷോഭത്തിന് വിളിക്കുന്നത് രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ്. ഏക സിവിൽ കോഡ് നടപ്പാക്കണം എന്നായിരുന്നു 87 ൽ ഇഎംഎസ് നിലപാട്. അന്നത്തെ നിലപാട് തെറ്റെങ്കിൽ അത് തുറന്ന് പറയാൻ സിപിഎം തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
സിവിൽ കോഡ് സംബന്ധിച്ച് കോൺഗ്രസിന് ഒരു ആശയക്കുഴപ്പവും ഉണ്ടായിരുന്നില്ല. സമരം എങ്ങനെ വേണം എന്ന കാര്യത്തിലേ തീരുമാനം വേണ്ടിയിരുന്നുള്ളു. ഏക വ്യക്തി നിയമം ഇപ്പോൾ വേണ്ട, അത് നടപ്പാക്കാൻ സമൂഹം പാകമായിട്ടില്ല. തിരുത്തൽ ആവശ്യമെങ്കിൽ അത് ഉയർന്ന് വരേണ്ടത് അതാത് സമൂഹത്തിൽ നിന്നാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം യൂണിഫോം സിവിൽ കോഡ് സംബന്ധിച്ച് ഇഎംഎസ് എടുത്ത നിലപാടില്‍ ദുഷ്പ്രചാരണം നടത്തുകയാണെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം തോമസ് ഐസക് പറഞ്ഞു. ഇഎംഎസ് ഏകീകൃത സിവിൽ കോഡിനെ സ്വാഗതം ചെയ്തുവെന്നാണ് ആക്ഷേപം. 12-07-1985-ൽ ഇഎംഎസ് ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ ഇങ്ങനെ പറയുന്നു.“മുസ്ലിം ജനതയിൽ വികാരങ്ങൾ ഉൾക്കൊള്ളുന്ന ഒരു പ്രശ്നമാണ് പൊതു സിവിൽ നിയമമെന്നു ഞങ്ങൾ മനസ്സിലാക്കുന്നു. മുസ്ലിം സമുദായത്തിലെ പൊതുജനാഭിപ്രായം അനുകൂലമായി രൂപപ്പെടുന്നതുവരെ അതു നടപ്പിൽ വരുത്തുന്നതു ബുദ്ധിപൂർവ്വമായിരിക്കില്ലെന്നു കേന്ദ്ര ഗവൺമെന്‍റ് തീരുമാനിച്ചതിനോട് ഞങ്ങൾക്ക് യോജിപ്പാണുള്ളത്- ഐസക് ഫേസ്ബുക്കിൽ കുറിച്ചു.
ഇതു സംബന്ധിച്ച നിയമനിർമ്മാണം ഉടൻ നടത്തണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടിട്ടില്ല. ആവശ്യപ്പെട്ടൂവെന്ന് നിങ്ങളുടെ (ലീഗിന്റെ) നേതാക്കളും അവരുടെ സഹായത്തോടെ അധികാരത്തിൽ തുടരാൻ ശ്രമിക്കുന്ന കോൺഗ്രസ് നേതാക്കളും പറയുന്നത് പച്ചക്കള്ളമാണ്' ലീഗിലെ ചില നേതാക്കന്മാർ സിപിഐ(എം) സംസ്ഥാന കമ്മിറ്റിക്കു ശേഷം സെക്രട്ടറി സ. എം.വി. ഗോവിന്ദൻ നടത്തിയ ഏകീകൃത സിവിൽ കോഡിനെതിരായ പ്രക്ഷോഭ-പ്രചാരണ പരിപാടിയിൽ എന്തിനാണ് ഇത്ര അസ്വസ്ഥരാകുന്നത്? സിപിഐ(എം)മിന്‍റെ ഉദ്ദേശശുദ്ധിയെ എന്തിനാണു ചോദ്യം ചെയ്യുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam