അഴിമതിയും ധൂര്‍ത്തും സര്‍ക്കാരിന്‍റെ മുഖമുദ്ര; മുഖ്യമന്ത്രി രാജിവെക്കണമെന്ന് വിഡി സതീശന്‍

Published : Oct 17, 2023, 08:56 PM ISTUpdated : Oct 17, 2023, 08:59 PM IST
അഴിമതിയും ധൂര്‍ത്തും സര്‍ക്കാരിന്‍റെ മുഖമുദ്ര; മുഖ്യമന്ത്രി രാജിവെക്കണമെന്ന് വിഡി സതീശന്‍

Synopsis

എഐ ക്യാമറ വിവാദം, കെഫോണ്‍ അഴിമതി, മാസപ്പടി വിവാദം തുടങ്ങിയവയില്ലെലാം മുഖ്യമന്ത്രി തന്നെയാണ് പ്രതികൂട്ടില്‍. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്കൊന്നും സര്‍ക്കാരിന് മറുപടിയില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു

തിരുവനന്തപുരം: ഗുരുതരമായ അഴിമതി ആരോപണങ്ങൾ നേരിടുന്ന മുഖ്യമന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. രണ്ടാം പിണറായി സര്‍ക്കാരിനെതിരെ യുഡിഎഫിന്‍റെ രണ്ടാം സെക്രട്ടറിയേറ്റ് ഉപരോധം നാളെ നടക്കുന്നതിന് മുന്നോടിയായി ഫേയ്സ്ബുക്ക് ലൈവിലൂടെയാണ് പിണറായി വിജയന്‍ രാജിവെക്കണമെന്ന് വി ഡി സതീശന്‍ ആവശ്യപ്പെട്ടത്.  നാളത്തെ സെക്രട്ടറിയേറ്റ് ഉപരോധം ജനങ്ങളുടെ താക്കീതാവുമെന്നും സര്‍വ മേഖലയിലും പരാജയപ്പെട്ട സര്‍ക്കാരാണ് കേരളത്തിലുള്ളതെന്നും അഴിമതിയും ധൂര്‍ത്തും ആണ് പിണറായി സര്‍ക്കാരിന്‍റെ മുഖമുദ്രയെന്നും വി ഡി സതീശന്‍ ആരോപിച്ചു.


സര്‍ക്കാരിനെ താഴെയിറക്കാന്‍ ഉദ്ദേശമില്ല. ഗുരുതരമായ അഴിമതി ആരോപണങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിടുന്നത്. ആരോപണങ്ങള്‍ക്കൊന്നും മറുപടിയില്ല. മുഖ്യമന്ത്രി സ്ഥാനത്തിരിക്കാന്‍ അദ്ദേഹത്തിന് യോഗ്യതയില്ല. അതിനാല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും രാജിവെക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു. എഐ ക്യാമറ വിവാദം, കെഫോണ്‍ അഴിമതി, മാസപ്പടി വിവാദം തുടങ്ങിയവയില്ലെലാം മുഖ്യമന്ത്രി തന്നെയാണ് പ്രതികൂട്ടില്‍. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്കൊന്നും സര്‍ക്കാരിന് മറുപടിയില്ല.

ഒരന്വേഷണവും നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. സംസ്ഥാനത്തെ ധനസ്ഥിതി പരമദയനീയമാണ്. നികുതി പിരിക്കാന്‍ സര്‍ക്കാരിനാകുന്നില്ല. ബന്ധുക്കള്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും മാത്രം വേണ്ടി നടത്തുന്ന ഭരണമാണ് ഇവിടെ നടക്കുന്നത്. ജനങ്ങളുടെ വികാരമാണ് ഈ സമരത്തിലൂടെ പ്രതിഫലിപ്പിക്കാന്‍ യു.ഡി.എഫ് ആഗ്രഹിക്കുന്നത്. ജനവികാരം ഉയര്‍ത്തി സാധാരണക്കാരന്‍റെ സങ്കടങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുന്നതുവരെ സര്‍ക്കാരിന്‍റെ തെറ്റ് തിരുത്തുന്നതുവരെയുള്ള സമരപരമ്പരകള്‍ക്കാണ് നാളെ തുടക്കമാകുന്നതെന്നും വി ഡി സതീശന്‍ ഫേയ്സ്ബുക്ക് ലൈവില്‍ പറഞ്ഞു.

അഴിമതി രാഷ്ട്രീയ വിഷയമാക്കി രണ്ടാം പിണറായി സര്‍ക്കാരിനെതിരെ യുഡിഎഫിന്‍റെ രണ്ടാം സെക്രട്ടറിയേറ്റ് ഉപരോധം നാളെ നടക്കും. രാവിലെ ആറുമുതല്‍ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് വളയും. കൊള്ളക്കാരുടെ ഭരണമാണ് കേരളത്തിലേതെന്നാണ് പ്രതിപക്ഷ ആരോപണം. രാവിലെ മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണമുണ്ടാകും. എഐ ക്യാമറ അഴിമതി ഉള്‍പ്പടെ മുന്‍നിര്‍ത്തി ഇക്കഴിഞ്ഞ മെയ് 20 നാണ് യുഡിഎഫ് സെക്രട്ടറിയേറ്റ് വളഞ്ഞത്. അഞ്ച് മാസം പൂര്‍ത്തിയാകുന്നതിനിടെയാണ് അഴിമതി വിഷയങ്ങള്‍ ഉയര്‍ത്തിയുള്ള രണ്ടാം സമരം. രാവിലെ ആറുമുതല്‍ സെക്രട്ടറിയേറ്റിന്‍റെ നാല് ഗേറ്റുകളില്‍ മൂന്നെണ്ണം പൂര്‍ണമായും ഉപരോധിക്കും.

കന്‍റോണ്‍മെന്‍റ് ഗേറ്റ് ഉപരോധിക്കാന്‍ പൊലീസ് അനുവദിക്കില്ല. തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് മെയിന്‍ ഗേറ്റില്‍ ആദ്യമെത്തുക. ആറരയോടെ പാറശ്ശാല, നെയ്യാറ്റിന്‍കര, കോവളം, കാട്ടാക്കട നിയോജക മണ്ഡലങ്ങളിലെ പ്രവര്‍ത്തകരും എത്തും. സമാനമായി സൗത്ത് ഗേറ്റും വൈഎംസിഎയ്ക്ക് ഗേറ്റും വളയും. കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍, പ്രതിപക്ഷനേതാവ് വിഡി സതീശന്‍, ഘടകകക്ഷി നേതാക്കള്‍ തുടങ്ങി യുഡിഎഫിന്‍റെ മുന്‍നിര നേതാക്കളെല്ലാം ഉപരോധസമരത്തില്‍ പങ്കെടുക്കും. വടക്കന്‍ ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ ഇന്നുതന്നെ എത്തിത്തുടങ്ങും. ഗതാഗത തടസം ഒഴിവാക്കാന്‍ വാഹനങ്ങളുടെ പാര്‍ക്കിങ്ങിന് ഉള്‍പ്പടെ പ്രത്യേക നിര്‍ദേശം പൊലീസ് നല്‍കിയിട്ടുണ്ട്. പതിനാല് ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ ആയിരത്തി അഞ്ഞൂറോളം പൊലീസുകാരെയാണ് സുരക്ഷയ്ക്കായി ക്രമീകരിക്കുന്നത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിസി നിയമന തർക്കത്തിനിടെ ഗവർണറെ കണ്ട് മുഖ്യമന്ത്രി, കൂടിക്കാഴ്ച നടന്നത് ലോക് ഭവനിൽ
മകൾക്ക് കലയോടാണ് ഇഷ്ടം, എനിക്ക് മകളെയാണ് ഇഷ്ടമെന്ന് യൂസഫലി; എന്റെ പൊന്നേ 'പൊന്ന് പോലെ' നോക്കണമെന്ന് ഫെഷീന യൂസഫലി