
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്‍റെ ഇന്ന് നടക്കുന്ന ഒന്നാം വാർഷിക ചടങ്ങ് പ്രതിപക്ഷനേതാവ്
വി ഡി സതീശന്‍ (V D Satheesan) ബഹിഷ്ക്കരിക്കും. കണ്ണൂരിൽ വൈകീട്ട് നടക്കുന്ന പരിപാടിയിൽ വി ഡി സതീശനും ക്ഷണമുണ്ടായിരുന്നു. സിൽവർലൈനിൽ സമരം ചെയ്യുന്ന സാഹചര്യത്തിൽ സർക്കാരിനെതിരെ യോജിപ്പ് വേണ്ടെന്നാണ് കോൺഗ്രസ് നിലപാട്. അതേസമയം മറ്റ് ജില്ലകളിൽ നടക്കുന്ന വാർഷികാഘോഷ പരിപാടിയിലേക്ക് ക്ഷണം കിട്ടിയ യുഡിഎഫ് ജനപ്രതിനിധികൾക്ക് യുക്തിയനുസരിച്ച് തീരുമാനമെടുക്കാമെന്നും കോൺഗ്രസ് നേതൃത്വം വിശദീകരിച്ചു.
രണ്ടാം പിണറായി സർക്കാരിന്‍റെ ഒന്നാം വാർഷികാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരില്‍ ഇന്ന് വൈകിട്ടാണ് നടക്കുക. വൈകീട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്യും. പൊലീസ് മൈതാനിയിൽ നടക്കുന്ന 'എന്‍റെ കേരളം' മെഗാ എക്സിബിഷൻ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവ്വഹിക്കും. സർക്കാർ അധികാരമേറ്റ മെയ് 20 വരെ നീളുന്ന വാർഷികാഘോഷ പരിപാടികളാണ് സംസ്ഥാനത്താകെ സംഘടിപ്പിച്ചിട്ടുള്ളത്. എല്ലാ ജില്ലകളിലും 'എന്‍റെ കേരളം' പ്രദർശന മേള നടക്കും. കണ്ണൂർ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം ജില്ലകളിൽ അതിവിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്ത് മെയ് 20 നായിരിക്കും വാർഷികാഘോഷ പരിപാടികളുടെ സമാപനം.