
കാസർകോട്: കോൺഗ്രസിനുള്ളിൽ നിലവിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ (VD Satheesan). മുതിർന്ന നേതാക്കളുയായി ആശയവിനിമയം നടത്തിയില്ലെന്ന പരാതി പരിഹരിക്കുമെന്നും കെപിസിസി പുനസംഘടന (KPCC Reshuffle) ഉടനെ പൂർത്തിയാക്കുമെന്നും വിഡി സതീശൻ വ്യക്തമാക്കി. കേഡർ പാർട്ടിയായി മാറുക എന്നതല്ല കേവലം ആൾക്കൂട്ടമല്ലതായി മാറാനാണ് പുനസംഘടനയിലൂടെ ശ്രമിക്കുന്നതെന്നും പാർട്ടിക്കൊരു ചട്ടക്കൂട്ടുണ്ടാക്കുകയാണ് ലക്ഷ്യമെന്നും വിഡി സതീശൻ പറഞ്ഞു. തന്നെ ഹൈക്കമാൻഡ് (Highcommand) ദില്ലിക്ക് വിളിപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ സതീശൻ പക്ഷേ പുന:സംഘടനയുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയെ വരും ദിവസങ്ങളിൽ കാണുന്നുണ്ടെന്നും വ്യക്തമാക്കി.
പുരാവസ്തു തട്ടിപ്പുക്കാരൻ മോൻസൻ മാവുങ്കലുമായി (Monson mavungal) അടുത്ത ബന്ധമുണ്ടെന്ന ആരോപണത്തിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരന് (K Sudhakaran) വിഡി സതീശൻ പൂർണപിന്തുണ പ്രഖ്യാപിച്ചു. രാഷ്ട്രീയ നേതാക്കൻമാർക്കെതിരെയുള്ള കാര്യങ്ങൾ പൊലിപ്പിക്കുന്നതാണ് നിലവിലെ രീതിയെന്ന് പറഞ്ഞ സതീശൻ തട്ടിപ്പുകാരനെന്നറിഞ്ഞാൽ സുധാകരൻ അവിടെ പോകുമോയെന്നും ചോദിച്ചു.
കെപിസിസി രാഷ്ട്രീയകാര്യസമിതിയിൽ നിന്നും എഐസിസിയിൽ നിന്നും വിഎം സുധീരൻ രാജി പ്രഖ്യാപിക്കുകയും കെപിസിസി നേതൃത്വത്തിനെതിരെ പരസ്യവിമർശനം ഉന്നയിക്കുകയും ചെയ്ത സാഹചര്യത്തിൽ സുധാകരനും സതീശനും പ്രതിരോധത്തിലാണ്. കെപി അനിൽകുമാറും പിഎസ് പ്രശാന്തും കോൺഗ്രസ് വിട്ട പോലെ സുധീരൻ്റെ വിമതനീക്കത്തെ എളുപ്പം തള്ളിക്കളയാൻ ഇരുവർക്കും സാധിക്കില്ല. വിഡി സതീശൻ നേരിട്ടെത്തി അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിമതസ്വരമടക്കാൻ സുധീരൻ തയ്യാറായിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam