'മതസൗഹാർദ്ദം തകർക്കാൻ സമൂഹമാധ്യമങ്ങളിൽ ആസൂത്രിത നീക്കങ്ങൾ'; മുഖ്യമന്ത്രിക്ക് സതീശന്‍റെ കത്ത്

By Web TeamFirst Published Sep 13, 2021, 6:07 PM IST
Highlights

യുട്യൂബുമെല്ലാം തെറ്റായ ആശയ പ്രചരണത്തിനായി ചിലർ ദുരുപയോഗം ചെയ്യുകയാണ്. വർഗീയ വിഷം ചീറ്റുന്ന ഇവരിൽ പലരും ഫേക്ക് ഐഡികളിലൂടെ ആസൂത്രിതമായി കേരളത്തിന്‍റെ മതമൈത്രി തകർക്കാൻ കച്ചകെട്ടി ഇറങ്ങിയവരാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു

തിരുവനന്തപുരം: കേരളത്തിന്‍റെ മതസൗഹാർദവും സാമൂഹിക ഇഴയടുപ്പവും തകർക്കുന്ന പല നീക്കങ്ങളും ഒളിഞ്ഞും തെളിഞ്ഞും ഉണ്ടാകുന്നത് അതീവ ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണം എന്ന അഭ്യർഥനയോടെ മുഖ്യമന്ത്രി പിണറായി വിജയനുള്ള കത്തിലാണ് പ്രതിക്ഷ നേതാവ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. വലിയ രീതിയിൽ ചേരിതിരിവ് ,സ്പർധ, അവിശ്വാസം ഇവ വിവിധ മതവിശ്വാസികൾക്കിടയിൽ സൃഷ്ടിക്കാനുള്ള ബോധപൂർവ്വമുള്ള ശ്രമമാണ് നടക്കുന്നത്.

സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. വാട്ട്സ്ആപ്പ് ,ടെലിഗ്രാം തുടങ്ങിയ മെസേജിംഗ് ആപ്പുകൾ തുടങ്ങി ഫേസ്ബുക്കും യുട്യൂബുമെല്ലാം തെറ്റായ ആശയ പ്രചരണത്തിനായി ചിലർ ദുരുപയോഗം ചെയ്യുകയാണ്. വർഗീയ വിഷം ചീറ്റുന്ന ഇവരിൽ പലരും ഫേക്ക് ഐഡികളിലൂടെ ആസൂത്രിതമായി കേരളത്തിന്‍റെ മതമൈത്രി തകർക്കാൻ കച്ചകെട്ടി ഇറങ്ങിയവരാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

പൊലീസ് ഇക്കാര്യം ഗൗരവത്തോടെ അന്വേഷിക്കണം. സാമൂഹിക മാധ്യമങ്ങളിലൂടെ സാമുദായിക സ്പർധ വളർത്തുന്നവരെ കണ്ടെത്തി കർശന ശിക്ഷ ഉറപ്പാക്കാൻ സൈബർ പൊലീസിന് നിർദേശം നൽകണം. കൂടാതെ സാമുദായിക സംഘടനകളോ സാമുദായിക നേതാക്കളോ ഏതെങ്കിലും പ്രത്യേക സംഭവങ്ങൾ മുൻനിർത്തി പരാതി ഉന്നയിക്കുകയോ ആശങ്ക പ്രകടിപ്പിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ അതും അന്വേഷണ പരിധിയിൽ വരണം.

കേരളത്തിന്റെ സമാധാന അന്തരീക്ഷവും മതമൈത്രിയും സാമൂഹിക ഇഴയടുപ്പവും സംരക്ഷിക്കാനുള്ള എല്ലാ നല്ല ശ്രമങ്ങൾക്കും പിന്തുണയും അറിയിക്കുന്നുവെന്നും വി ഡി സതീശന്‍ കത്തില്‍ കുറിച്ചു. രണ്ടു സമുദായങ്ങളെ തമ്മിലടിപ്പിക്കാൻ ശ്രമത്തിന് പിന്നിൽ സംഘ പരിവാർ അജണ്ടയെന്ന് സംശയിക്കുന്നുവെന്ന് നേരത്തെ വി ഡി സതീശന്‍ പറഞ്ഞിരുന്നു. . മനപ്പൂർവം വിദ്വേഷം ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള വിദ്വേഷമായി മാറ്റി, കേരളത്തിൽ അത് വളർത്താനിടയാക്കരുതെന്നും സതീശൻ ആവർത്തിച്ചു.

സിപിഎമ്മിന് ഈ വിഷയത്തിൽ നിഗൂഡ ലക്ഷ്യമുണ്ടോയെന്ന് സംശയിക്കുന്നു. ആ രീതിയിലാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണങ്ങളെന്ന് കുറ്റപ്പെടുത്തിയ സതീശൻ, വിഷയത്തിൽ കോൺഗ്രസ് കക്ഷി ചേരുന്നില്ലെന്നും ഇരുകൂട്ടരോടും സംയമനം പാലിക്കാനാണ് ആവശ്യപ്പെടുന്നതെന്നും വ്യക്തമാക്കി. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!