Latest Videos

വിവാദ പരാമർശത്തിൽ കൊടിക്കുന്നിൽ സുരേഷിനെ തള്ളി വി.ഡി.സതീശൻ

By Web TeamFirst Published Aug 28, 2021, 4:00 PM IST
Highlights

എസ്.സി- എസ്.ടി വികസന ഫണ്ട് തട്ടിപ്പ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് നടന്ന ധര്‍ണ്ണയിലാണ് കൊടക്കുന്നില്‍ വിവാദ പരമാര്‍ശം നടത്തിയത്. 

തിരുവനന്തപുരം: നവോത്ഥാന നായകനായിരുന്നുവെങ്കിൽ മുഖ്യമന്ത്രിയുടെ മകളെ പട്ടികജാതിക്കാരന് കല്ല്യാണം കഴിച്ചു കൊടുക്കുമായിരുന്നുവെന്ന കെപിസിസി വര്‍ക്കിംഗ് പ്രസിഡൻ്റ് കൊടിക്കുന്നിൽ സുരേഷിൻ്റെ പ്രസ്താവന തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൊടിക്കുന്നിൽ സുരേഷിൻ്റെ അഭിപ്രായം തൻ്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും കോൺഗ്രസിന് അങ്ങനെയൊരു അഭിപ്രായമില്ലെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. 

എസ്.സി- എസ്.ടി വികസന ഫണ്ട് തട്ടിപ്പ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് നടന്ന ധര്‍ണ്ണയിലാണ് കൊടക്കുന്നില്‍ വിവാദ പരമാര്‍ശം നടത്തിയത്. പട്ടികജാതിക്കാരോട് മുഖ്യമന്ത്രി കടുത്ത അവഗണനയാണ് കാണിക്കുന്നതെന്നും രണ്ടാം പിണറായി സര്‍ക്കാരിന്‍റെ മന്ത്രിസഭരൂപീകരണത്തിലും ഇത് വ്യക്തമായിരുന്നുവെന്നും കൊടിക്കുന്നിൽ പറഞ്ഞു. 

സ്വന്തം കസേര ഉറപ്പിക്കാനുള്ള നവോത്ഥാനം മാത്രമാണ് മുഖ്യമന്ത്രി നടത്തുന്നത്. കെ.രാധാകൃഷ്ണന് ദേവസ്വം വകുപ്പ് നൽകിയതാണ് നവോത്ഥാനമെന്നാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പറയുന്നത്. മുഖ്യമന്ത്രി നവോത്ഥാന നായകൻ ചമയുകയാണ്. അദ്ദേഹം നവോത്ഥാന നായകനായിരുന്നുവെങ്കിൽ മകളെ പട്ടികജാതിക്കാരന് കല്ല്യാണം കഴിച്ചു കൊടുക്കുമായിരുന്നു. കൊള്ളാവുന്ന ധാരാളം പട്ടികജാതി ചെറുപ്പക്കാര്‍ ഉള്ള പാര്‍ട്ടിയാണ് സിപിഎം - ഇതായിരുന്നു കൊടിക്കുന്നിലിൻ്റെ വാക്കുകൾ.  

പരാമര്‍ശം ചര്‍ച്ചയായതോടെ , നവോത്ഥാന നായകന്‍ എന്ന് പറയുന്നതിലെ ആത്മാര്‍ത്ഥതയെയാണ് താന്‍ ചോദ്യം ചെയ്തതെന്ന് കൊടിക്കുന്നില്‍ വിശദീകരിച്ചു.നവോത്ഥാനം സ്വന്തം കുടുംബത്തില്‍ നടപ്പാക്കി കാണിക്കണം എന്നാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. കൊടിക്കുന്നിലിന്‍റെ സ്ത്രീവിരുദ്ധവും വിലകുറഞ്ഞതുമായ പരാമര്‍ശത്തിനെതിരെ ശക്തമായ പ്രതികരണം ഉയര്‍ന്നുവരണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.

നവോത്ഥാന നായകന്‍റെ യഥാര്‍ത്ഥ മുഖം ജനങ്ങള്‍ക്ക് വ്യക്തമായിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭമാണിതെന്ന് പറഞ്ഞ രമേശ് ചെന്നിത്തല കൊടിക്കുന്നിലിന് പരോക്ഷ പിന്തുണയുമായെത്തി. കെപിസിസി ഡിസിസി പുനസംഘടനയില്‍ ദളിതരെ അവഗണിക്കുന്നുവെന്ന് കൊടിക്കുന്നില്‍ നേരത്തേ ആക്ഷേപം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിക്കതെിരായ ഇപ്പഴത്തെ പരാമര്‍ശം ഇത് വീണ്ടും ചര്‍ച്ചയാക്കാനാണെന്ന വിലയിരുത്തലുമുണ്ട്.
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!