'ലക്ഷണങ്ങളുണ്ടെങ്കില്‍ ആര്‍ടിപിസിആര്‍ പരിശോധന'; അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളായി

Published : Feb 05, 2022, 02:52 PM ISTUpdated : Feb 05, 2022, 03:11 PM IST
'ലക്ഷണങ്ങളുണ്ടെങ്കില്‍ ആര്‍ടിപിസിആര്‍ പരിശോധന'; അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളായി

Synopsis

വിമാനത്തിലെ അന്താരാഷ്ട്ര യാത്രക്കാരില്‍ രണ്ട് ശതമാനം പേര്‍ക്ക് റാന്‍ഡം പരിശോധന നടത്തുന്നതാണ്. എയര്‍ലൈന്‍ ജീവനക്കാരാണ് ഇവരെ കണ്ടെത്തി നല്‍കേണ്ടത്. പരിശോധനയുടെ ചെലവ് സംസ്ഥാനം വഹിക്കുന്നതാണ്.

തിരുവനന്തപുരം: കേരളത്തിലേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് (Veena George). കേരളത്തില്‍ വരുന്ന എല്ലാ അന്താരാഷ്ട്ര യാത്രക്കാരും കേരളത്തില്‍ താമസിക്കുന്ന കാലയളവ് പരിഗണിക്കാതെ സ്വയം രോഗനിരീക്ഷണം നടത്തുകയും രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തേണ്ടതുമാണ്. കൊവിഡ് പരിശോധനാ ഫലത്തിന്‍റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടതാണ്. വിമാനത്തിലെ അന്താരാഷ്ട്ര യാത്രക്കാരില്‍ രണ്ട് ശതമാനം പേര്‍ക്ക് റാന്‍ഡം പരിശോധന നടത്തുന്നതാണ്. എയര്‍ലൈന്‍ ജീവനക്കാരാണ് ഇവരെ കണ്ടെത്തി നല്‍കേണ്ടത്. പരിശോധനയുടെ ചെലവ് സംസ്ഥാനം വഹിക്കുന്നതാണ്.

അന്താരാഷ്ട്ര യാത്രക്കാര്‍ സംസ്ഥാനത്ത് എത്തിച്ചേരുന്ന തിയതി മുതല്‍ ഏഴ് ദിവസത്തേക്ക് സ്വയം ആരോഗ്യ നിരീക്ഷണം തുടരുകയും രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ പരിശോധനയ്ക്ക് വിധേയമാക്കുകയും വേണം. കര്‍ശനമായ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. ഇവര്‍ ഈ കാലയളവില്‍ അടച്ചിട്ട ഇടങ്ങളില്‍ ഒത്തുകൂടുന്നതും ആള്‍ക്കൂട്ടമുള്ള സ്ഥലങ്ങളും ഒഴിവാക്കണം. കൊവിഡ് പോസിറ്റീവായ എല്ലാ അന്താരാഷ്ട്ര യാത്രക്കാരുടെയും സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്കായി അയക്കും. കൊവിഡ് പോസിറ്റീവായ യാത്രക്കാരുടെ ചികിത്സ നിലവിലുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ചെയ്യുന്നതാണ്. എത്തിച്ചേരുന്ന എട്ടാം ദിവസം റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് ഉപയോഗിച്ച് കൊവിഡ് പരിശോധന നടത്തുന്നത് യാത്രക്കാരുടെ സുരക്ഷയ്ക്ക് ഉചിതമാണ്.

അന്താരാഷ്ട്ര യാത്രക്കാരുടെ അഭ്യര്‍ത്ഥന പരിഗണിച്ചും സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിദഗ്ധസംഘം വിലയിരുത്തിയുമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കൂടിയ അവലോകന യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. എല്ലാ അന്താരാഷ്ട്ര യാത്രക്കാരും അവരുടെ സ്വന്തം സുരക്ഷയ്ക്കും കുടുംബത്തിന്റെയും സമൂഹത്തിന്റെയും സുരക്ഷയ്ക്കുമായി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നാളെ അവധി: വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ച് കളക്‌ടർ; നടപടി കടുവ ഭീതിയെ തുടർന്ന്
ഒൻപതംഗ കുടുംബം പെരുവഴിയിൽ; ഗ്യാസ് അടുപ്പിൽ നിന്ന് പടർന്ന തീ വീടിനെ പൂർണമായി വിഴുങ്ങി; അപകടം കാസർകോട്