
പത്തനംതിട്ട: ഡെപ്യൂട്ടി സ്പീക്കർ (Deputy speaker) ചിറ്റയം ഗോപകുമാറിന്‍റെ (Chittayam Gopakumar) ആരോപണങ്ങളോട് പ്രതികരിക്കാതെ ആരോഗ്യ മന്ത്രി വീണ ജോർജ് (Minister Veena George). വിവാദങ്ങൾ തുടങ്ങി അഞ്ച് ദിവസം കഴിഞ്ഞിട്ടും ആരോഗ്യ മന്ത്രി വീണ ജോർജ് മാധ്യമങ്ങളുടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ്. വിവാദങ്ങളോട് പ്രതികരിക്കാനില്ലെന്ന് വീണ ജോർജ് പറഞ്ഞു. അതേസമയം, പത്തനംതിട്ടയിൽ നടക്കുന്ന സർക്കാർ പ്രദർശന വിപണന മേളയുടെ സമാപന ചടങ്ങിലും പങ്കെടുക്കില്ലെന്ന് ചിറ്റയം ഗോപകുമാർ അറിയിച്ചു. ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യുന്ന പരിപാടിയുടെ അധ്യക്ഷനായിരുന്നു ചിറ്റയം ഗോപകുമാർ. സിപിഐ ജനപ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചു. മേളയുടെ ഉദ്ഘാടന ചടങ്ങിലും ചിറ്റയം പങ്കെടുത്തിരുന്നില്ല.
പത്തനംതിട്ട-ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന പുതുകുളങ്ങര പാലത്തിന്റെ ഉദ്ഘാടനത്തിന് ആരോഗ്യ മന്ത്രി വീണ ജോർജിനെ അധ്യക്ഷയാക്കാത്തതും വിവാദത്തിലാവുകയാണ്. മന്ത്രി സജി ചെറിയാനെ അധ്യക്ഷനായി നിശ്ചയിച്ചിരുന്ന പരിപാടിയിൽ വീണ ജോർജ് പങ്കെടുക്കില്ലെന്ന് അറിയിച്ചതോടെ ഉദ്ഘാടനത്തിന്റെ തലേദിവസം പരിപാടി മാറ്റിവച്ചു. പുതിയ തിയതി തീരുമാനിച്ചിട്ടില്ല. പത്തനംതിട്ട ഇരവിപേരൂർ പഞ്ചായത്തിലെയും ആലപ്പുഴ ചെങ്ങന്നൂർ നഗരസഭയിലെയും ജനങ്ങളുടെയും ചിരകാലഅഭിലാഷമായിരുന്നു വരട്ടാറിന് കുറുകെയൊരു പാലം. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ആറന്മുള എംഎൽഎ വീണ ജോർജിന്റെ ശ്രമഫലമായാണ് നാല് കോടി അറുപത്തിയഞ്ച് ലക്ഷം രൂപ അനുവദിച്ച് ഇറിഗേഷൻ വകുപ്പാണ് പാലം നിർമ്മാണം പൂർത്തിയാക്കിയത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച പാലത്തിന്റെ ഉദ്ഘാടനം നടത്താനും തീരുമാനിച്ചു.
എന്നാൽ നോട്ടീസ് ഇറങ്ങിയപ്പോൾ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയുടെ അധ്യക്ഷൻ ചെങ്ങന്നൂർ എംഎൽഎ കൂടിയായ മന്ത്രി സജി ചെറിയാൻ. വേദിയിൽ വീണ ജോർജിന്റെ സ്ഥാനം മുഖ്യസാന്നിധ്യം മാത്രമായി. തിങ്കളാഴ്ച രാത്രിയിൽ വരെ വാഹനം പ്രചരണമടക്കം നടത്തിയ പരിപാടി പെട്ടെന്ന് മാറ്റാനുള്ള കാരണവും ഇത് തന്നെയാണ്. ചെങ്ങന്നൂർ നിയോജക മണ്ഡലത്തിലെ മംഗലത്തിലാണ് പരിപാടിക്കുള്ള സ്റ്റേജ് ക്രമീകരിച്ചത്. ഇതും ആരോഗ്യമന്ത്രിയെ ചൊടുപ്പിച്ചു. വീണ ജോർജ് പങ്കെടുക്കില്ലെന്ന കർശന നിലപാട് എടുത്തതോടെയാണ് ഇറിഗേഷൻ വകുപ്പിന് പരിപാടി മാറ്റേണ്ടി വന്നത്.
വീണ-ചിറ്റയം പോര് സിപിഎം- സിപിഐ ഭിന്നതയിലേക്ക്?
ആരോഗ്യ മന്ത്രി - ഡെപ്യൂട്ടി സ്പീക്കർ പോരിനെ ചൊല്ലി പത്തനംതിട്ടയിൽ സിപിഎം-സിപിഐ തർക്കവും രൂക്ഷമാവുകയാണ്. സംസ്ഥാന നേതൃത്വത്തിന്‍റെ പരിഗണയിലുള്ള വിഷയത്തിൽ സിപിഎം ജില്ലാ സെക്രട്ടറി നടത്തിയ പ്രതികരണത്തിനെതിരെ സിപിഐ രംഗത്തെത്തിയിരുന്നു. അതേസമയം മുന്നണിക്കുള്ളിൽ പരിഹരിക്കേണ്ട വിഷയത്തിൽ പൊതു ചർച്ച വേണ്ടെന്ന നിലപാടിലാണ് എൽഡിഎഫ്.
ജില്ലയിലെ സിപിഎം സിപിഐ കലഹം കൊടുമ്പിരി കൊണ്ടു നിൽക്കുന്നതിനിടയിലാണ് ക്യാമ്പിനറ്റ് റാങ്കിലുള്ള ജനപ്രതിനിധികൾ പരസ്പരം പോരടിക്കുന്നത്. മന്ത്രിക്ക് സിപിഎമ്മിന്റേയും ഡെപ്യൂട്ടി സ്പീക്കർക്ക് സിപിഐയുടെയും പിന്തുണ കിട്ടിയതോടെയാണ് താഴെ തട്ടിലും പാർട്ടികൾ തമ്മിലുള്ള ഭിന്നത രൂക്ഷമായത്. വീണ ജോർജും ചിറ്റയം ഗോപകുമാറും മുന്നണി നേതൃത്വത്തിന് പരാതി കൊടുത്തതിന് പിന്നാലെ പരസ്യ പ്രതികരണങ്ങൾക്കില്ലെന്ന നിലപാടിലായിരുന്നു സിപിഐ ജില്ലാ നേതൃത്വം. എന്നാൽ സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഇന്നലെ ചിറ്റയം ഗോപകുമാറിനെതിരെ നടത്തിയ പരിഹാസമാണ് സിപിഐയെ ചെടുപ്പിച്ചത്. സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രതികരണം നിർഭാഗ്യമാണെന്ന് പറയുന്ന സി പി ഐ ജില്ലാ സെക്രടറി എ പി ജയൻ അതേ നാണയത്തിൽ തിരിച്ചടിച്ചു.