
തിരുവനന്തപുരം: കരിമണൽ കമ്പനിയിൽ നിന്ന് കൈപ്പറ്റിയ 1.72 കോടി രൂപയ്ക്ക് വീണ വിജയൻ ഐജിഎസ്ടി അടച്ചതിന്റെ രേഖകൾ സിപിഎം ഇന്ന് പുറത്തുവിട്ടേക്കും. മാത്യു കുഴൽനാടന്റെ പരാതിയിൽ ധനമന്ത്രിയുടെ വിശദീകരണത്തിനും സാധ്യതയുണ്ട്. ഐജിഎസ്ടി അടച്ചു എന്ന നിലയിൽ പാർട്ടി കേന്ദ്രങ്ങൾ പറയുന്നുണ്ടെങ്കിലും ആരും ഇതു വരെ രേഖ പുറത്തു വിട്ടിട്ടില്ല. അതേസമയം ഇന്നും മറുപടിയില്ലെങ്കിൽ, വീണക്കെതിരെ കൂടുതൽ കാര്യങ്ങൾ പറയാൻ മാത്യു ഒരുങ്ങുന്നു എന്നും വിവരങ്ങൾ ഉണ്ട്.
അതിനിടെ, മാത്യു കുഴൽനാടൻ എം എൽ എയുടെ കുടുംബ വീട് അടങ്ങുന്ന ഭൂമിയിൽ പരിശോധനയിൽ ഇന്ന് നിർണായക റിപ്പോർട്ട് തഹസിൽദാർക്ക് ലഭിക്കും. കഴിഞ്ഞ ദിവസം എം എൽ എയുടെ കുടുംബ വീട് അടങ്ങുന്ന ഭൂമിയിൽ നടത്തിയ പരിശോധന പൂർത്തിയാക്കിയ താലൂക്ക് സർവേ വിഭാഗത്തിന്‍റെ റിപ്പോർട്ടാണ് ഇന്ന് തഹസിൽദാർക്ക് കൈമാറുക. അളന്ന് തിട്ടപ്പെടുത്തിയ ഭൂമിയിൽ നിലം ഉൾപ്പെടുന്നുണ്ടോ, ഉണ്ടെങ്കിൽ ആ നിലം മണ്ണിട്ട് നികത്തിയോ എന്നതടക്കമുള്ള കാര്യങ്ങളിലെ റിപ്പോർട്ട് മാത്യു കുഴൽ നാടനെ സംബന്ധിച്ചടുത്തോളം നിർണായകമാണ്.
സ്ഥലത്ത് 4 മാസം മുൻപ് കടവൂർ വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ നിയമലംഘനങ്ങൾ കണ്ടെത്തിയിരുന്നില്ല. വീണ്ടും വിവാദം ഉയർന്നപ്പോഴാണ് റവന്യു സർവെ വിഭാഗം റീ സർവ്വേ നടത്തിയത്. റോഡിനായി സ്ഥലം വിട്ടുനിൽകിയപ്പോൾ, വീട്ടുവളപ്പിലേക്ക് വാഹനം കയറ്റാൻ ഒരു സെന്റ് സ്ഥലം മാത്രം മണ്ണിട്ട് നിറച്ചതായി കുഴൽനാടൻ നേരത്തെ അറിയിച്ചിരുന്നു. ഇതടക്കമുള്ള കാര്യങ്ങളാണ് താലൂക്ക് സർവേ വിഭാഗം കഴിഞ്ഞ ദിവസം പരിശോധിച്ചത്.
https://www.youtube.com/watch?v=kG8-8IWDwR8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam