
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്‍റെ കമ്പനി എക്സാലോജികിന് വിദേശത്തും അക്കൗണ്ട് ഉണ്ടെന്ന ആരോപണവുമായി ഷോൺ ജോർജ്. വിദേശത്തെ അക്കൗണ്ടിലേക്ക് കോടികൾ എത്തിയെന്നും ഇതിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഷോൺ ഹൈക്കോടതിയിൽ ഉപഹർജി നൽകി.
എസ്എൻസി ലാവ്‍ലിൻ, പിഡബ്ലിയുസി അടക്കമുള്ള കമ്പനികൾ പണം നൽകിയെന്നും ഷോൺ ആരോപിക്കുന്നു. സിഎംആർഎൽ എക്‌സാലോജിക് സൊല്യൂഷൻസ് ഇടപാട് അന്വേഷിക്കണം എന്ന ഷോണിന്റെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിൽ ആണ്. വിദേശ അക്കൗണ്ട് കൂടി അന്വേഷിക്കണം എന്നാണ് ഷോൺ ഹൈക്കോടതിയിൽ നൽകിയിരിക്കുന്ന ഉപഹർജിയിലെ ആവശ്യം. കൂടുതൽ വിവരങ്ങൾ ഇന്ന് 11.30നുളള വാർത്താ സമ്മേളനത്തിൽ വെളിപ്പെടുത്തുമെന്നും ഷോൺ ജോർജ് പറഞ്ഞു.