
ആലപ്പുഴ: സി പി എം നേതാവ് പി. ജയരാജന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ജയരാജന്റെ വിമർശനം സാരമാക്കുന്നില്ലെന്ന് വ്യക്തമാക്കിയ വെള്ളാപ്പള്ളി, പാർട്ടിയെ വിമർശിച്ചാണ് അദ്ദേഹം മുന്നോട്ട് പോകുന്നതെന്ന് കുറ്റപ്പെടുത്തി. വിമർശിച്ച് വിമർശിച്ച് അദ്ദേഹത്തിന്റെ തട്ടകത്തിൽ പാർട്ടി എവിടെ എത്തിയെന്ന് എല്ലാവർക്കും അറിയാമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എസ്.എൻ.ഡി.പി യോഗത്തിന്റെയും പിന്നാക്കക്കാരുടെയും വോട്ട് കിട്ടിയതുകൊണ്ട് മാത്രമാണ് പാർട്ടിക്ക് കുറച്ചെങ്കിലും ജയിക്കാൻ സാധിച്ചത്, അല്ലെങ്കിൽ എന്തെങ്കിലും കിട്ടുമായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു. ഇത്തരം കാര്യങ്ങളൊന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നതല്ലെന്നും, പാർട്ടിയിലെ പലരും പലരെയും കൊള്ളിക്കാൻ വേണ്ടി പറയുന്നതാണെന്നും പറഞ്ഞ വെള്ളാപ്പള്ളി സി.പി.എമ്മുമായി തങ്ങൾക്ക് യാതൊരു അകൽച്ചയുമില്ലെന്ന് കൂട്ടിച്ചേർത്തു.
അതേസമയം, യു.ഡി.എഫ് സർക്കാരിന്റെ പ്രവർത്തനം ഇതുവരെ വിലയിരുത്താറായിട്ടില്ലെന്നും സർക്കാരിന് ഇപ്പോൾ മൈനസ് മാർക്ക് ഇടാറായിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആരോഗ്യവകുപ്പിനെതിരെയുള്ള ആക്ഷേപങ്ങളിൽ തുടക്കത്തിലുള്ള ചില ബാലാരിഷ്ടതകൾ മാത്രമാണുള്ളത്.
കെ. മുരളീധരനെ കുറിച്ച് പരാമർശിക്കവെ, അദ്ദേഹം പുത്തരിയിൽ കല്ലുകടിച്ച ആളാണെന്ന് വെള്ളാപ്പള്ളി പരിഹസിച്ചു. ആദ്യം തന്നെ സെക്രട്ടറിയെ മാറ്റാൻ നോക്കിയെങ്കിലും അത് നടന്നില്ലെന്നും, ഇപ്പോൾ വീണിടത്ത് കിടന്ന് ഉരുളുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രായോഗികമായി ആലോചിച്ച് പ്രവർത്തിക്കേണ്ട കാര്യങ്ങളിൽ മുരളീധരന് കുറവ് വന്നിട്ടുണ്ടെന്നും ചില അപാകതകൾ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെന്നും വ്യക്തമാക്കിയ വെള്ളാപ്പള്ളി, ഭരണത്തിന്റെ തുടക്കമല്ലേ എന്ന് ചോദിച്ചുകൊണ്ട് കാത്തിരുന്ന് കാണാമെന്നും പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam