
തിരുവനന്തപുരം: മുന്നണിയിൽ ഈഴവർക്കുളള അവഗണന പരസ്യമാക്കി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഈഴവർക്ക് സിപിഎമ്മിലും കോൺഗ്രസിലും അവഗണനയാണെന്നും കസേരയ്ക്ക് ഭീഷണി വരുമ്പോൾ മാത്രമാണ് സമുദായ ചിന്തയെന്നും വെള്ളാപ്പള്ളി നടേശൻ വിമർശിച്ചു. എസ്എൻഡിപി യോഗത്തിന്റെ മുഖപത്രമായ യോഗനാദത്തിലാണ് വെള്ളാപ്പള്ളി നടേശൻ നിലപാട് വ്യക്തമാക്കിയത്. കോൺഗ്രസ് ഈഴവരെ വെട്ടിനിരത്തുകയാണ്. നിലവിൽ സമുദായത്തിനുള്ളത് കെ ബാബു എന്ന എംഎൽഎ മാത്രമാണ്.
കെപിസിസി പ്രസിഡന്റ് പോലും തഴയപ്പെടുന്നു. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ ആ ഈഴവൻ പോലും പദവിയിൽ ഇല്ലാതാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. കെപിസിസി നേതൃമാറ്റ ചർച്ചകൾക്കിടെയാണ് വെള്ളാപ്പള്ളിയുടെ വിമർശനമെന്നതും ശ്രദ്ധേയമാണ്. പിണറായി ഭരിക്കുമ്പോഴും ഈഴവരെ അവഗണിക്കുകയാണ്. തമ്മിൽ ഭേദം സിപിഎം എന്ന് മാത്രം. ഇടതുപക്ഷത്തിന്റെ അതിരുവിട്ട ന്യൂനപക്ഷ ആഭിമുഖ്യത്തെയും വെള്ളാപ്പള്ളി വിമർശിച്ചു. അതേ സമയം നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ മൂന്നാമതും പിണറായി സർക്കാർ അധികാരത്തിൽ വരുമെന്നും നേതൃസ്ഥാനത്ത് പിണറായി വിജയനല്ലാതെ മറ്റൊരു മുഖം സിപിഎമ്മിനില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam