
തിരുവനന്തപുരം: വിഡി സതീശനെതിരെ വീണ്ടും വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. സതീശൻ എസ്എൻഡിപി യോഗത്തെ തെരുവിലിട്ട് ആക്ഷേപിക്കുന്നുവെന്നാണ് വെള്ളാപ്പള്ളിയുടെ പുതിയ ആരോപണം. വിഷയത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് വെള്ളാപ്പള്ളി തന്‍റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു. കൂടാതെ സതീശൻ എല്ലാ മത സാമുദായിക വിഭാഗങ്ങളെയും ആക്ഷേപിക്കുന്നയാളാണെന്നും പ്രീണന നയവും ഇരട്ടത്താപ്പും ഒരുമിച്ച് സ്വീകരിക്കുന്നുവെന്നും വെള്ളാപ്പള്ളി ആരോപിക്കുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എസ്.എൻ.ഡി.പി യോഗത്തെ തെരുവിലിട്ട് ആക്ഷേപിക്കുന്ന വിഷയത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണം. സവർണ ഫ്യൂഡൽ മാടമ്പി മാനസികാവസ്ഥയാണ് സതീശന്‍റേത്. എല്ലാ മതസാമുദായിക സംഘടനകളെയും നേരിട്ടും അല്ലാതെയും ആക്ഷേപിക്കുന്ന നിലപാടാണ് സതീശൻ സ്വീകരിക്കുന്നത്. ശ്രീനാരായണ ഗുരുദേവന്‍റെ ദർശനങ്ങളിലൂന്നി രാജ്യംമുഴുവൻ പ്രചരണം നടത്തുന്ന ലോക് സഭ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിയുടേയും, പിന്നാക്ക ദളിത് വിഭാഗങ്ങളുടെ പ്രതിനിധിയായ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയുടെയും അറിവോടെയാണോ ഇങ്ങനെ ചെയ്യുന്നതെന്ന് വ്യക്തമാക്കണം. ബീഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ പിന്നാക്ക വിഭാഗങ്ങൾക്ക് അധികാരത്തിൽ ഉൾപ്പെടെ അർഹമായ നീതി ഉറപ്പാക്കുമെന്നു പറഞ്ഞു പ്രചാരണം നടത്തിയ രാഹുൽ ഗാന്ധിയെ സതീശൻ വെല്ലുവിളിക്കുകയല്ലേ ഇതിലൂടെ ചെയ്യുന്നത്. ശ്രീനാരായണഗുരുദേവ തൃക്കരങ്ങളാൽ സ്ഥാപിതമായ എസ്.എൻ.ഡി.പി യോഗത്തെ മാത്രമല്ല ഗുരുദേവ ദർശനങ്ങളെകൂടിയാണ് സതീശൻ ആക്ഷേപിക്കുന്നത്. ഇതാദ്യമായല്ല സതീശൻ എസ്.എൻ.ഡി.പി യോഗത്തെ ആക്ഷേപിക്കുന്നത്. പറവൂരിൽ ഉൾപ്പെടെ ഈഴവ സമുദായത്തിന്റെ പിന്തുണ മറന്നുകൊണ്ടാണ് സതീശന്റെ നീക്കങ്ങൾ. ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തിൽ തുടച്ചു നീക്കിയ ഉച്ചനീചത്വത്തിന്റെയും തൊട്ടുകൂടായ്മയുടെയും കാലത്തേക്കു കേരളത്തെ തിരികെ വീണ്ടും കൊണ്ടുപോകാനാണു സതീശന്റെ ശ്രമം.
സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്നു വീമ്പിളക്കുന്ന സതീശൻ എൻ .എസ്.എസ് ആസ്ഥാനത്ത് ഒന്നര മണിക്കൂർ തിണ്ണ നിരങ്ങിയ കഥ പുറത്തു വന്നുകഴിഞ്ഞു. കൊച്ചിയിൽ സിറോ മലബാർ സഭയുടെ സിനഡ് നടന്നപ്പോൾ അവിടെ മറ്റൊരു കാറിൽ ആരും അറിയാതെ സതീശൻ പോയത് എന്തിനാണെന്നും വെളിപ്പെടുത്തണം. ആരുമറിയാതെ തിണ്ണ നിരങ്ങുന്ന സതീശന്റെ ഇരട്ടമുഖമാണിത്. എസ്.എൻ.ഡി.പി യോഗത്തെ ആക്ഷേപിക്കുന്ന സതീശൻ, ശിവഗിരിയിൽ പ്രസംഗിക്കാൻ പോയപ്പോൾ എന്തുകൊണ്ട് ഇതേ നിലപാട് സ്വീകരിച്ചില്ല.അതു സതീശന്റെ പ്രീണന നയവും ഇരട്ടത്താപ്പുമാണ്. അതുകൊണ്ട് തന്നെ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ എസ്.എൻ.ഡി.പി യോഗത്തെ തെരുവിലിട്ട് ആക്ഷേപിക്കുന്ന വിഷയത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam