
കൊച്ചി :എസ്എൻഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ വെള്ളാപ്പള്ളി നടേശൻ അടക്കമുള്ളവർ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. സിംഗിൾ ബഞ്ച് ഉത്തരവ് നിയമവിരുദ്ധവും അധികാര പരിധിക്ക് പുറത്തുള്ളതുമാണെന്നുമാണ് വാദം. കമ്പനി നിയമപ്രകാരമുള്ള തർക്കങ്ങൾ പരിഹരിക്കേണ്ടത് നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിലാണ്. അതിൽ സിവിൽ കോടതികൾക്കോ ഹൈക്കോടതിക്കോ ഇടപെടാൻ അധികാരമില്ലെന്നും അപ്പീലിൽ പറയുന്നു. യോഗത്തിന്റെ വാർഷിക റിട്ടേണുകൾ സമർപ്പിച്ചിട്ടുണ്ട്. തുടർച്ചയായി മൂന്ന് വർഷം റിട്ടേണൺ നൽകിയില്ലെങ്കിൽ മാത്രമാണ് അയോഗ്യത. ഡയറക്ടർ ഐഡന്റിഫിക്കേഷൻ നമ്പറിൽ സംസ്ഥാന സർക്കാർ ഇതുവരെ ചട്ടങ്ങൾ രൂപീകരിച്ചിട്ടില്ല. കേന്ദ്ര കമ്പനി നിയമ പ്രകാരമുള്ള ഡിൻ നമ്പർ ഹാജരാക്കിയിട്ടുണ്ടെന്നും അയോഗ്യരാക്കിയ നടപടി നിലനിൽക്കില്ലെന്നുമാണ് വാദം.
ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പ്രസിഡന്റ് എം.എൻ. സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് എന്നിവരെയാണ് ജസ്റ്റിസ് ടി.ആർ. രവി അയോഗ്യരാക്കിയത്. കമ്പനി നിയമത്തിലെ 164(2) വകുപ്പ് പ്രകാരം സാമ്പത്തിക സ്റ്റേറ്റ്‌മെന്റുകൾ യഥാസമയം ഫയൽ ചെയ്യുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്നാണ് നടപടി. ഡയറക്ടർമാർക്ക് നിർബന്ധമായ ഡയറക്ടർ ഐഡന്റിഫിക്കേഷൻ നമ്പർ ഇല്ലെന്നും കോടതി കണ്ടെത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam