
ദില്ലി : വിതുര താലൂക്ക് ആശുപത്രിയിലെ രോഗിയുടെ മരണത്തിലേക്ക് നയിച്ച യൂത്ത് കോൺഗ്രസ് സമരത്തിനെതിരെ അതിരൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ നേതാക്കൾ. ഇത് അതിദാരുണമായ മരണമെന്നും യൂത്ത് കോൺഗ്രസിനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നും വികെ സനോജും ഷിജൂഖാനും ദില്ലിയിൽ പറഞ്ഞു. യൂത്ത് കോൺഗ്രസ് ഇങ്ങനെ അധപതിക്കാൻ പാടില്ലെന്നും അവർ കുറ്റപ്പെടുത്തി.
ആംബുലൻസ് തടഞ്ഞ് എന്ത് സമരമാണ് യൂത്ത് കോൺഗ്രസ് നടത്തുന്നതെന്ന് സനോജ് ചോദിച്ചു. ഇത് ബോധപൂർവം നടത്തിയതാണ്. ഈ തോന്നിവാസം അവസാനിപ്പിക്കണം. ശക്തമായ പ്രതിഷേധം ഉയരണം. ജീവൻ രക്ഷപ്പെടുത്താനുള്ള സാധ്യത യൂത്ത് കോൺഗ്രസ് കളഞ്ഞു. യൂത്ത് കോൺഗ്രസ് ഇത്തരം സമരവുമായി വന്നാൽ അവർക്ക് ബുദ്ധിമുട്ട് ഉണ്ടാകുമെന്നും സനോജ് വ്യക്തമാക്കി.
വെള്ളാപ്പള്ളിയുടെ പ്രസ്താവനയെയും ഡിവൈഎഫ്ഐ നേതാക്കൾ തള്ളി. വെള്ളാപ്പള്ളിയല്ല ആര് തന്നെ കേരളത്തെ ഭിന്നിപ്പിക്കുന്ന പ്രസ്താവന നടത്തിയാലും അംഗീകരിക്കില്ല. മന്ത്രി വിഎൻ വാസവൻ്റെ പ്രസ്താവനയെ കുറിച്ച് അറിയില്ല. സ്കൂൾ സമയമാറ്റം ആവശ്യപ്പെടുന്ന എല്ലാവരും വർഗീയ വാദികളല്ല. ഒരു വിഭാഗത്തിന് വർഗീയ രാഷ്ട്രീയ താൽപര്യമുണ്ടെന്നും അവർ പറഞ്ഞു. കേരള സർവകലാശാല വിഷയത്തിലെ ചോദ്യത്തോട് തിരുവനന്തപുരത്ത് പ്രതികരിക്കാമെന്നായിരുന്നു ഷിജു ഖാൻ്റെ മറുപടി.