
തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍റെ അച്ഛൻ അബ്ദുൽ റഹീം സൗദിയിൽ നിന്ന് നാട്ടിലെത്തി. ഉറ്റവരെ മകൻ കൂട്ടത്തോടെ കൊലപ്പെടുത്തിയതിന്‍റെ തോരാ കണ്ണീരിനും കടബാധ്യതയുടെയും നടുവിലേയ്ക്കാണ്, ഏഴു വര്‍ഷമായി നാടണയാൻ കാത്തിരുന്ന റഹീം വന്നിറങ്ങിയത്.
കൊവിഡിൽ കച്ചവടം തകര്‍ന്നുണ്ടായ കടം വീട്ടിയും യാത്രാവിലക്ക് നീങ്ങിയും സൗദിയിൽ നിന്ന് ഉറ്റവരുടെ അടുത്തേയ്ക്ക് ഓടിയെത്താൻ പാടു പെടുകയായിരുന്നു അബ്ദുൽ റഹീമിനെ തേടി കഴിഞ്ഞ ദിവസമെത്തിയത് ഒരിക്കലും വീട്ടാനാകാത്ത നഷ്ടങ്ങളുടെ വാര്‍ത്തയായിരുന്നു. സൗദിയിലെ കടം ബാക്കിയാക്കി, കുടുംബത്തിന് മകൻ വരുത്തിവച്ച ദുരന്തത്തിനും ലക്ഷങ്ങളുടെ ബാധ്യതയ്ക്കും നടുവിലേയ്ക്കാണ് രാവിലെ 7.45 ന് റഹീം വിമാനമിറങ്ങിയത്. സാമൂഹ്യ പ്രവര്‍ത്തകരുടെ സഹായത്തിൽ യാത്രാവിലക്ക് നീക്കിയാണ് റഹീം നാട്ടിലെത്തിയത്.
കൂട്ടാനെത്തിയ ബന്ധുക്കള്‍ക്കും അയൽവാസികള്‍ക്കുമൊപ്പം റഹീം ആദ്യം പോയത് മകന്‍റെ അടിയേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന ഭാര്യ ഷെമീനെയെ കാണാനായിരുന്നു. ഇളയമകൻ അഫ്സാനെക്കുറിച്ചടക്കം ചോദിച്ച ഷെമീനയോട് എന്തു പറയണമെന്നറിയാതെ റഹീം നിന്നു. തനിക്ക് കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റതെന്നാണ് ഷെമീന റഹീമിനോടും പറഞ്ഞത്. ഇളയമകൻ അഫ്സാനെ കാണണമെന്നും ഷെമീന പറഞ്ഞു. കൊലപാതകങ്ങളെല്ലാം നടത്തിയ അഫാനെയും ഉമ്മ ഷെമീന അന്വേഷിച്ചു. വിങ്ങിപ്പൊട്ടിയാണ് ആശുപത്രിയിൽ നിന്നും റഹീം പുറത്തേക്കിറങ്ങിയത്.
വെഞ്ഞാറമൂട്ടിലെ ആശുപത്രിയിൽ നിന്ന് താഴെ പാങ്ങോട് ജുമാ മസ്ജിദിലെ കബറിടത്തിലെത്തി. കുഞ്ഞുമകൻ അഫ്സാന്റെ കബറിടമായിരുന്നു റഹീം ആദ്യം അന്വേഷിച്ചത്. സ്വന്തം മകന്റെ കൈകളാൽ കൊല്ലപ്പെട്ട അഫ്സാൻ, ഉമ്മ സൽമാ ബീവി, സഹോദരൻ, സഹോദരന്‍റെ ഭാര്യ എന്നിവരുടെ കബറുകള്‍ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു. റഹീമിനെ ആശ്വസിപ്പിക്കാനറിയാതെ ബന്ധുക്കളും സുഹൃത്തുക്കളും കുഴങ്ങി.
7 വർഷങ്ങൾക്ക് ശേഷമാണ് റഹീം നാട്ടിലെത്തിയത്. രണ്ടര വർഷമായി ഇഖാമ കാലാവധി തീർന്നെങ്കിലും യാത്രാവിലക്ക് നേരിടുകയായിരുന്നു. ഇപ്പോൾ തിരികെയെത്തുമ്പോൾ കുടുംബം തന്നെ ഇല്ലാതായ അവസ്ഥ. കുഞ്ഞുമകൻ പോയി, ഭാര്യ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ, മൂത്ത മകൻ കൂട്ടക്കൊലക്കേസ് പ്രതി. ഇതിനെല്ലാം കാരണമായ കടബാധ്യത നാട്ടിലും മറുനാട്ടിലും.