
പത്തനംതിട്ട: ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ കഴിയാത്തത്തിൽ പരസ്പരം പഴിചാരി ദേവസ്വം ബോർഡും പോലീസും. പതിനെട്ടാം പടിയിൽ പരിചയ സമ്പന്നരായ പോലീസുകാരെ നിയോഗിച്ചിട്ടില്ലെന്നു അവലോകന യോഗത്തിൽ ദേവസ്വം ബോർഡ് അധികൃതര്‍ പറഞ്ഞപ്പോൾ അങ്ങനെയെങ്കിൽ പതിനെട്ടാംപടിയുടെ നിയന്ത്രണം ബോർഡ് ഏറ്റെടുക്കണമെന്നായിരുന്നു ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍ അജിത്ത് കുമാറിൻ്റെ പ്രതികരണം.
ശബരിമല തീർത്ഥാടനം തുടങ്ങിയ ശേഷമുള്ള ആദ്യ മന്ത്രിതല അവലോകന യോഗത്തിലാണ് വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയത്. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ്റെ അധ്യക്ഷതയിലായിരുന്നു യോഗം. കഴിഞ ദിവസങ്ങളിലെ നിയന്ത്രാണാതീതമായ തിരക്കായിരുന്നു പ്രധാന ചർച്ച. ഇതിനിടയിലാണ് ദേവസ്വം ബോർഡും പൊലീസും തമ്മിലുള്ള തർക്കം.
മുൻ കാലങ്ങളിൽ മിനിറ്റിൽ 90 പേരെ വരെ പതിനെട്ടാം പടി കയറ്റിയിരുന്നെന്നും ഇത്തവണ അത് സാധ്യമാകാത്തത് പൊലീസിന്റെ വീഴ്ചയാണെന്നുമായിരുന്നു ബോർഡിന്റെ വിമർശനം. മുൻകാലങ്ങളിൽ പതിനെട്ടാംപടിയിൽ ഡ്യൂട്ടി ചെയ്തിട്ടുളള പൊലീസുകാരെ വിന്യസിക്കണമെന്നും ബോർഡ് പ്രസിഡന്റ് പറഞ്ഞു. നിലവിൽ ഡ്യൂട്ടിയിലുള്ളവരുടെ ഭാഗത്ത് വീഴ്ചയില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. വിമർശനങ്ങളെ അസഹിഷ്ണുതയോടായാണ് എഡിജിപി നേരിട്ടത്.
യോഗത്തിൽ കെഎസ്ആർടിസിയുടെ നടപടികളെ ദേവസ്വം മന്ത്രിയും വിമർശിച്ചു.അമിത നിരക്ക് ഈടാക്കുന്ന സാഹചര്യത്തിൽ ഭക്തർക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയിൽ സർവീസ് നടത്തണമെന്നും സിറ്റിങ്ങ് കപ്പാസിറ്റിയിൽ കൂടുതൽ ആളുകളെ ബസിൽ കയറ്റരുതെന്നും നിർദേശം നൽകി. വരും ദിവസങ്ങളിൽ തിരക്ക് കൂടുടുന്ന സാഹചര്യത്തിൽ ര്യത്തിൽ നിലയ്ക്കൽ അടക്കം കൂടുതൽ സജീകരണം ഏർപ്പെടുത്താനും തീരുമാനമായി
മന്ത്രിമാരായ കെ രാജൻ, എംബി രാജേഷ് എന്നിവരും യോഗത്തിൽ പങ്കെടുത്തു. അതേസമയം കഴിഞ്ഞ നാല് ദിവസം ശബരിമലപാതയിലുണ്ടായിരുന്ന ഗതാഗത കുരുക്ക് ഇന്നുണ്ടായില്ല. അവലോകന യോഗത്തിനായി മന്ത്രിമാരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും എത്തിയതോടെ പൊലീസ് കൂടുതൽ കാര്യക്ഷമമായതാണ് ഗതാഗതം സുഖമമാകാൻ കാരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam