കെവിൻ കേസില്‍ വിധി നാളെ; പ്രതികള്‍ക്ക് പരമാവധി ശിക്ഷ കിട്ടുമെന്ന് പ്രതീക്ഷയെന്ന് കെവിന്‍റെ അച്ഛൻ

By Web TeamFirst Published Aug 13, 2019, 6:54 AM IST
Highlights

ദളിത് ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട കോട്ടയം നട്ടാശേരി സ്വദേശി കെവിൻ കൊല്ലം തെൻമല സ്വദേശി നീനുവിനെ പ്രണയിച്ച് വിവാഹം ചെയ്തിന്‍റെ പേരിലാണ് കൊല ചെയ്യപ്പെട്ടത്.

കോട്ടയം: കേരളത്തെയാകെ ഞെട്ടിച്ച  കെവിൻ കേസില്‍ വിധി നാളെ. കോട്ടയം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് അതിവേഗം വിചാരണ പൂര്‍ത്തിയാക്കി വിധി പറയുന്നത്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് കൊല്ലപ്പെട്ട കെവിന്‍റെ അച്ഛൻ ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കോട്ടയം പ്രിൻസിപ്പല്‍ സെഷൻസ് ജ‍ഡ്ജി സി ജയചന്ദ്രൻ നാളെ രാവിലെ പത്ത് മണിക്ക് വിധി പറയും. 

ദളിത് ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട കോട്ടയം നട്ടാശേരി സ്വദേശി കെവിൻ കൊല്ലം തെൻമല സ്വദേശി നീനുവിനെ പ്രണയിച്ച് വിവാഹം ചെയ്തിന്‍റെ പേരിലാണ് കൊല ചെയ്യപ്പെട്ടത്. 2018 മെയ് 27 ന് പുലര്‍ച്ചെ മാന്നാനത്തെ ബന്ധു വീട്ടില്‍ നിന്നും നീനുവിന്‍റെ സഹോദരൻ സാനു ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘം കെവിനെ തട്ടിക്കൊണ്ട് പോയി. 28 ആം തീയതി രാവിലെ 11ന് പുനലൂര്‍ ചാലിയേക്കര ആറില്‍ മരിച്ച നിലയില്‍ കെവിനെ കണ്ടെത്തി.

കെവിനെ തട്ടിക്കൊണ്ടുപോയ സംഘം കാറില്‍ വച്ച് അടിച്ചും ഇടിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്. സംഭവം നടന്ന് പിറ്റേദിവസം നീനുവിന്‍റെ സഹോദരൻ സാനു ചാക്കോ അടക്കം 13 പ്രതികളെ പൊലീസ് തമിഴ്നാട്ടില്‍ നിന്നും പിടികൂടി. കെവിനെ തട്ടിക്കൊണ്ട് പോകാൻ ഗൂഡാലോചന നടത്തിയത് നീനുവിന്‍റെ അച്ഛൻ ചാക്കോയാണ്. പ്രതികള്‍ കെവിന്‍റെ വീടിന് സമീപം വന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ മുഖ്യതെളിവായി.

കെവിനെ തട്ടിക്കൊണ്ട് പോയെന്ന ഭാര്യ നീനുവിന്‍റെ പരാതിയെക്കുറിച്ച് അന്വേഷിക്കാത്തതിന് ഗാന്ധി നഗര്‍ എസ്ഐയേയും എഎസ്ഐയും സസ്പെന്‍റ് ചെയ്തിരുന്നു.പ്രതികളുടെ പക്കലില്‍ നിന്നും കൈക്കൂലി വാങ്ങിയ മറ്റൊരു എഎസ്ഐ എംഎസ് ബിജുവിനെ സര്‍വീസില്‍ നിന്നും പുറത്താക്കിയിരുന്നു. കൊലപാതകം, തട്ടിക്കൊണ്ട് പോകല്‍, ഭവനഭേദനം അങ്ങനെ പത്ത് വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.238 രേഖകളും 55 തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കി. ഇക്കഴിഞ്ഞ ഏപ്രില്‍ 24ന് വിചാരണ തുടങ്ങി. വിചാരണ അതിവേഗം പൂര്‍ത്തിയാക്കാൻ രാവിലെ 10 മണിക്കാണ് കോടതി ചേര്‍ന്നിരുന്നത്.

click me!