'ഗൂഢാലോചന കേസുകള്‍ റദ്ദാക്കണം', സ്വപ്‍ന സുരേഷിന്‍റെ ഹര്‍ജിയില്‍ നാളെ വിധി

By Web TeamFirst Published Aug 18, 2022, 7:45 PM IST
Highlights

പാലക്കാടും തിരുവനന്തപുരത്തുമുള്ള കേസുകൾ റദ്ദാക്കണമെന്നാണ് ഹര്‍ജി. ജസ്റ്റിസ് സിയാദ് റഹ്മാനാണ് വിധി പറയുക.

കൊച്ചി: ഗൂഢാലോചന കേസുൾപ്പടെ പൊലീസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകൾ റദ്ദാക്കണം എന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജിയിൽ ഹൈക്കോടതി നാളെ വിധി പറയും. ജസ്റ്റിസ് സിയാദ് റഹ്മാനാണ് സ്വപ്നയുടെ ഹർജിയിൽ വിധി പറയുക. മുൻമന്ത്രി കെ ടി ജലീലിന്‍റെ പരാതിയിൽ തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് എടുത്ത ഗൂഢാലോചന കേസും പാലക്കാട് കസബ പൊലീസ് എടുത്ത കലാപാഹ്വാന കേസും റദ്ദാക്കണമെന്നാണ് ആവശ്യം. 

സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമുള്ള പങ്ക് വെളിപ്പെടുത്തിയതിന് പിറകെയാണ് കേസുകൾ എടുത്തതെന്നും പ്രതികാര നടപടിയാണ് കേസിന് പിറകിലെന്നും സ്വപ്ന സുരേഷ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാൽ നിക്ഷിപ്ത താൽപ്പര്യത്തിന് വേണ്ടി തെളിവുകൾ ഇല്ലാതെയാണ് മുഖ്യമന്ത്രിയ്ക്കെതിരായ വെളിപ്പെടുത്തലെന്നും ഇതിന് പിറകിൽ ഗൂഢാലോചനയുണ്ടെന്നും സർക്കാർ കോടതിയെ അറയിച്ചിട്ടുണ്ട്. അന്വേഷണം തുടരുന്ന ഈ ഘട്ടത്തിൽ കോടതി ഇടപെടരുതെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. 

സ്വർണ്ണക്കടത്തിലെ കള്ളപ്പണ കേസ്: ഇ ഡി അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി, സ്ഥലംമാറ്റം ചെന്നൈയിലേക്ക്

കൊച്ചി: സ്വർണ്ണക്കടത്തിലെ കള്ളപ്പണ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ ഇഡി സ്ഥലം മാറ്റി. ജോയിന്റ് ഡയറക്ടർ രാധാകൃഷ്ണനെ ആണ് ചെന്നൈയിലേക്ക് മാറ്റിയത്. സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ ആണ് മാറ്റം. പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കാതെ ആണ് നടപടി. ഇദ്ദേഹം കൊച്ചി ഓഫിസിലെ ചുമതല ഒഴിഞ്ഞു. 10 ദിവസത്തിനകം ചെന്നൈയിൽ സോണൽ ഓഫിസിൽ ജോയിന്റ് ചെയ്യാനാണ് ഇഡി നിർദ്ദേശം നല്‍കിയിരിക്കുന്നത്. ഒരു വർഷം മുൻപ് സ്ഥലമാറ്റം ഉത്തരവിറങ്ങിയിരുന്നെങ്കിലും സ്വർണ്ണക്കടത്ത് കേസ് ചുമതല ഉള്ളതിനാൽ സ്ഥലം മാറ്റം മരവിപ്പിച്ചിരുന്നു. 

സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ സ്വർണ്ണക്കടത്തിലെ കള്ളപ്പണ കേസിൽ അന്വേഷണം അവസാനിക്കാത്തതിനാൽ സ്ഥലം മാറ്റം മരവിപ്പിച്ചിരിക്കുകയായിരുന്നു. അന്വേഷണം നിർണ്ണയക ഘട്ടത്തില്‍ എത്തി നിൽക്കെ ഉദ്യോഗസ്ഥനോട് ഉടൻ സ്ഥാനമൊഴിയാൻ നിർദ്ദേശിച്ചതിന് പിറകിൽ  കേരളത്തിൽ നിന്നുള്ള എതിർപ്പും കാരണമായെന്നണ് സൂചന. സ്വപ്നയുടെ രഹസ്യമൊഴി വന്നിട്ടും ജോയിന്‍റ് ‍ഡയറക്ടർ കാര്യമായ നടപടികളിലേക്ക് കടക്കുന്നില്ലെന്ന് സ്വപ്നയുടെ അഭിഭാഷകർക്കടക്കം പരാതിയുണ്ടായിരുന്നു. മാത്രമല്ല കേരളത്തിൽ നിന്ന് കേസ് ബംഗലുരുവിലേക്ക് മാറ്റാനുള്ള നീക്കം പി രാധാകൃഷ്ണൻ  നടത്തിയത് കേരളത്തിലെ കേന്ദ്ര സർക്കാർ അഭിഭാഷകർപോലും അറിയാതെയാണ്. ഇതും പെട്ടെന്നുള്ള സ്ഥാനമാറ്റത്തിന് കാരണമായി എന്നാണറിയുന്നത്.

സ്വപ്ന സുരേഷ്  കസ്റ്റഡിയിലിരിക്കെ മുഖ്യമന്ത്രിയുടെ പേര് പറയാൻ പി രാധാകൃഷ്ണൻ നിർബന്ധിച്ചെന്ന വെളിപ്പെടുത്തലിൽ ക്രൈംബ്രാ‌ഞ്ച് ഇഡിയ്ക്കെതിരെ കേസ് എടുത്തിരുന്നു. ഈ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. പി രാധാകൃഷ്ണന് പകരം ഈ ആഴ്ചതന്നെ പുതിയ ഉദ്യോഗസ്ഥനെ നിശ്ചയിക്കുമെന്നാണ് ഇഡി വൃത്തങ്ങൾ അറിയിക്കുന്നത്. കേസിന്റെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഇഡി ട്രാൻസ്ഫർ ഹർജി നൽകിയിട്ടുണ്ട്. കേരളത്തിൽ കേസ് അട്ടിമറിക്കാൻ സാധ്യത ഉണ്ടെന്നാണ് ഹർജിയിലെ  പ്രധാന ആരോപണം. 

click me!