പാര്‍ട്ടിയില്‍ സജീവമാകും, കെ സുരേന്ദ്രന്‍റെ ക്ഷണം തിരിച്ചുവരവിന്‍റെ സൂചനയെന്ന് പി.പി മുകുന്ദൻ

By Web TeamFirst Published Feb 23, 2020, 3:27 PM IST
Highlights

പല പ്രസിഡണ്ടുമാർ ഇതിനിടെയിൽ വന്ന് പോയങ്കിലും മുകുന്ദനെ തിരിച്ചുകൊണ്ടുവരുന്നതിൽ തീരുമാനം നീണ്ടു. എന്നാല്‍ സുരേന്ദ്രൻറെ ക്ഷണം ഒരു തിരിച്ചുവരവിൻറെ സൂചനയാണെന്ന് മുകുന്ദൻ പറഞ്ഞു.

തിരുവനന്തപുരം: പാർട്ടിയിൽ ഇനി സജീവമാകുമെന്ന് ബിജെപി മുതിർന്ന നേതാവ് പി.പി മുകുന്ദൻ. കെ.സുരേന്ദ്രൻറെ സ്ഥാനാരോഹണ ചടങ്ങിൽ ഒരു വിഭാഗം നേതാക്കളുടെ വിട്ടുനിൽക്കലിനൊപ്പം പി.പി.മുകുന്ദൻറെ സാന്നിധ്യവും ചർച്ചയായിരുന്നു.  ഒരു വലിയ ഇടവേളക്ക് ശേഷം മുകുന്ദൻ നേതാക്കൾക്കൊപ്പം പാർട്ടി ആസ്ഥാനത്തെത്തിയത് സുരേന്ദ്രൻ ക്ഷണിച്ചത് അനുസരിച്ചായിരുന്നു. 

ദീർഘനാൾ സംഘടനാ സെക്രട്ടറിയായിരുന്ന പിപി മുകുന്ദനും പാർട്ടിയും രണ്ട് വഴിക്കാകുന്നത് 2006 മുതലാണ്. പല പ്രസിഡണ്ടുമാർ ഇതിനിടെയിൽ വന്ന് പോയങ്കിലും മുകുന്ദനെ തിരിച്ചുകൊണ്ടുവരുന്നതിൽ തീരുമാനം നീണ്ടു. എന്നാല്‍ സുരേന്ദ്രൻറെ ക്ഷണം ഒരു തിരിച്ചുവരവിൻറെ സൂചനയാണെന്ന് മുകുന്ദൻ പറഞ്ഞു.

കെ.സുരേന്ദ്രൻ പ്രസിഡണ്ടായി ചുമതലയേറ്റ ചടങ്ങിൽ നിന്നും ഒരു വിഭാഗം നേതാക്കൾ വിട്ടുനിന്നതും വൈകിയെത്തിയതും ശരിയായില്ലെന്നും മുകുന്ദൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 
പുന:സംഘടനാ നടക്കാനിരിക്കെ മുകുന്ദനടക്കമുുള്ളവരുടെ സേവനം ഏത് രീതിയിൽ ഉപയോഗിക്കുമെന്നതിൽ ഇനിയും തീരുമാനം വരാനുണ്ട്. എന്തായാലും ബിജെപിയില്‍ പുതിയ ഫോര്‍മുലകള്‍ ഉരിത്തിരിയുന്നുണ്ടെന്ന് വേണം കരുതാന്‍.

click me!