സിദ്ധാർത്ഥന്‍റെ കുടുംബത്തോട് മാപ്പ് ചോദിച്ച് എസ്എഫ്ഐ; 'ഞങ്ങളിൽ പെട്ടവര്‍ ചെയ്യാൻ പാടില്ലാത്ത കാര്യം ചെയ്തു'

Published : Mar 03, 2024, 11:42 PM ISTUpdated : Mar 03, 2024, 11:45 PM IST
സിദ്ധാർത്ഥന്‍റെ കുടുംബത്തോട് മാപ്പ് ചോദിച്ച് എസ്എഫ്ഐ; 'ഞങ്ങളിൽ പെട്ടവര്‍ ചെയ്യാൻ പാടില്ലാത്ത കാര്യം ചെയ്തു'

Synopsis

സംഘടന തെറ്റ് സമ്മതിക്കുന്നുവെന്നും ഇക്കാര്യത്തില്‍ ആത്മപരിശോധന നടത്തുമെന്നും എസ്എഫ്ഐ സംസ്ഥാന ജോയിന്‍റ് സെക്രട്ടറി ഇ.അഫ്സൽ ന്യൂസ് അവറില്‍ പറഞ്ഞു

തിരുവനന്തപുരം: പൂക്കോട് വെറ്റിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ മാപ്പ് അപേക്ഷിച്ച് എസ്എഫ്ഐ. സിദ്ധാര്‍ത്ഥിന്‍റെ കുടുംബത്തോട് മാപ്പ് അപേക്ഷിക്കുകയാണെന്ന് എസ്എഫ്ഐ സംസ്ഥാന ജോയിന്‍റ് സെക്രട്ടറി ഇ.അഫ്സൽ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവറില്‍ പറഞ്ഞു. സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ കുടുംബത്തിന് മുന്നില്‍ തലകുനിക്കുകയാണ്. സംഘടന തെറ്റ് സമ്മതിക്കുന്നു. ഇക്കാര്യത്തില്‍ ആത്മപരിശോധന നടത്തും. ഇപ്പോള്‍ സിദ്ധാര്‍ത്ഥന്‍റെ കുടുംബത്തിന് മുന്നില്‍ തലകുനിച്ച് നില്‍ക്കുകയാണ്. കുടുംബത്തോട് മാപ്പ് ചോദിക്കുകയാണ്. ഞങ്ങളില്‍ പെട്ടവര്‍ ചെയ്യാൻ പാടില്ലാത്ത കാര്യം ചെയ്തു. അത് ഞങ്ങളുടെ സംഘടനയുടെ പോരായ്മയാണ്.

എസ്എഫ്ഐ ആഗ്രഹിക്കുന്ന രീതിയില്‍ അവര്‍ക്ക് നയിക്കാൻ കഴിയാത്തത് ഒറ്റപ്പെട്ട സംഭവമാണെങ്കിലും ഈ സംഭവം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. സംഘടനയില്‍ വെച്ച് പൊറുപ്പിക്കാൻ കഴിയാത്ത കാര്യമാണിതെന്നും ഇ അഫ്സല്‍ പറഞ്ഞു.ഇതിനിടെ, പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി സിന്‍ജോയുമായി ഹോസ്റ്റലില്‍ പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തി. ഒരു മണിക്കൂറോളമാണ് തെളിവെടുപ്പ് നീണ്ടുനിന്നത്.തെളിവെടുപ്പിലുടനീളം പൊലീസിന്‍റെ ചോദ്യങ്ങളില്‍ പതറാതെ വ്യക്തമായ മറുപടിയാണ് സിന്‍ജോ നല്‍കിയത്. സിദ്ധാര്‍ത്ഥനെ ആക്രമിക്കുന്നതിന് നേതൃത്വം നല്‍കിയത് സിന്‍ജോയാണെന്നാണ് പൊലീസ് കണ്ടെത്തല്‍. എങ്ങനെയാണ് ഇടിച്ചതെന്ന പൊലീസിന്‍റെ ചോദ്യത്തിനും തെളിവെടുപ്പിനിടെ സിന്‍ജോ യാതൊരു ഭാവഭേദവുമില്ലാതെ സിന്‍ജോ പറഞ്ഞുകൊടുത്തു. വൈകിട്ട് നാലരയോടെയായിരുന്നു തെളിവെടുപ്പ് ആരംഭിച്ചത്.

സിദ്ധാർത്ഥനെ ക്രൂരമായി മർദ്ദിച്ച ഹോസ്റ്റൽ നടുമുറ്റം, ഹോസ്റ്റൽ മുറി, ഡോർമെറ്ററി എന്നിവിടങ്ങളിൽ എത്തിച്ച് അഞ്ചരയോടെ തെളിവെടുപ്പ് പൂർത്തിയാക്കി. സിദ്ധാർത്ഥന മർദ്ദിക്കാൻ ഉപയോഗിച്ച വയർ കണ്ടെടുത്തു. ആൾക്കൂട്ട വിചാരണ ചെയ്തതടക്കം എല്ലാം സിന്‍ജോ അന്വേഷണ ഉദ്യോഗസ്ഥനോട് വിശദമാക്കി. പൂക്കോട് വെറ്റിനറി സർവകലാശാലയിലെ സിദ്ധാർത്ഥന്‍റെ മരണം കൊലപാതകമാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നാണ് റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നത്. ക്രൂരമായ ആൾക്കൂട്ട വിചാരണക്ക് പിന്നാലെ മരണമല്ലാതെ മറ്റൊന്നും മുന്നിലില്ലാത്ത അവസ്ഥയിലേക്ക് പ്രതികൾ സിദ്ധാർത്ഥനെ എത്തിച്ചെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. അറിഞ്ഞതിനേക്കാള്‍ ഭീകരമാണ് സിദ്ധാർത്ഥ നേരിട്ട ക്രൂരതയെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട് കൂടി പുറത്തുവന്നതോടെ വ്യക്തമാകുന്നത്.

വീട്ടിലേക്ക് പോയ സിദ്ധാർത്ഥനെ പ്രതികൾ വിളിച്ചു വരുത്തുന്നു. സിദ്ധാർത്ഥനെതിരെ ഒരു പെൺകുട്ടിയുടെ പരാതിയുണ്ടെന്നും നിയമനടപടിയുമായി പെൺകുട്ടി മുന്നോട്ടുപോയാൽ പൊലീസ് കേസാകുമെന്നും പകരം ആൺകുട്ടികളുടെ ഹോസ്റ്റലിലെ അലിഖിത നിയമം അനുസരിച്ച് ഈ പരാതി തീർപ്പാക്കാമെന്നും പറഞ്ഞാണ് സിദ്ധാര്‍ത്ഥനെ പ്രതികള്‍ വിളിച്ചുവരുത്തിയത്. പിന്നാലെ പതിനാറിന് രാവിലെ സിദ്ധാർത്ഥ് ക്യാമ്പസ് ഹോസ്റ്റലിൽ എത്തി. പ്രതികൾ സിദ്ധാർത്ഥനെ മുറിയിൽ തടവിലാക്കി. എങ്ങോട്ടും പോകാൻ അനുവദിച്ചില്ല. രാത്രി ഒമ്പത് മണിമുതൽ ക്രൂര മർദനം തുടങ്ങി. അർധ നഗ്നനക്കി നാലിടത്തു വച്ച് മർദിച്ചു.

ബെൽറ്റ്, വയർ, എന്നിവ കൊണ്ട് അടിച്ചു. മുഷ്ടി ചുരുട്ടി മർദിച്ചു. കാലുകൊണ്ട് ചവിട്ടി. പുലർച്ചെ രണ്ടുമണിവരെയാണ് മർദനവും പരസ്യ വിചാരണയും നീണ്ടത്. ഇതോടെ മരണമല്ലാതെ മറ്റുവഴിയില്ലാത്ത സാഹചര്യത്തിലേക്ക് സിദ്ധാർത്ഥനെ കൊണ്ടെത്തിച്ചു എന്നും റിപ്പോർട്ടുണ്ട്. സിദ്ധാർത്ഥൻ ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം പറയുന്നുണ്ട്. ആഴത്തിലുള്ള അന്വേഷണത്തിലൂടെ കൊലപാതക സാധ്യത കൂടി പരിശോധിക്കണമെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. 

'അനിലിൻെറ സ്ഥാനാർത്ഥിത്വം പിതൃശൂന്യ നടപടി',നേതൃത്വത്തിനെതിരെ ബിജെപി ജില്ലാ നേതാവിൻെറ പോസ്റ്റ്, പിന്നാലെ നടപടി


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യാത്രക്കിടെ കുഞ്ഞ് അബോധാവസ്ഥയിലായി; കെഎസ്ആര്‍ടിസി ബസിൽ ആശുപത്രിയിലെത്തിച്ച് ജീവനക്കാര്‍
മെഡിക്കൽ കോളേജ് ഡോ‌ക്ടർമാരുടെ മാസശമ്പളം പതിനായിരം രൂപ വരെ ഉയർത്തി സർക്കാർ; തുക അനുവദിക്കുന്നത് സ്പെഷ്യൽ അലവൻസായി