
തിരുവനന്തപുരം: അയ്യപ്പ ഭക്തൻമാരിൽ നിന്ന് കെഎസ്ആർടിസി അധിക നിരക്ക് ഈടാക്കി ചൂഷണം ചെയ്യുകയാണെന്നും പകരമായി നിലയ്ക്കൽ-പമ്പാ സൗജന്യ വാഹന സൗകര്യം ഒരുക്കുമെന്നും വിശ്വ ഹിന്ദു പരിഷത്ത്. സാമ്പത്തിക പ്രയാസമുള്ള അയ്യപ്പ ഭക്തൻമാരെ നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കും തിരിച്ചും കൊണ്ടുവരാൻ ഇരുപത് വാഹനങ്ങൾ ഉപയോഗിക്കാൻ അനുവാദം നൽകണമെന്ന ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ഘടകം പത്തനംതിട്ട ജില്ലാ കളക്ടർക്ക് കത്ത് നൽകി.
വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷൻ വിജി തമ്പിയുടെ നേതൃത്വത്തിൽ കളക്ടർ ഡോ. ദിവ്യാ എസ്. അയ്യർക്ക് വി.എച്ച്.പി നിവേദനം നൽകി. സർക്കാർ വകുപ്പുകൾ അനുവാദം നൽകിയാൽ ഉടൻ തന്നെ ഇരുപത് ടെമ്പോ ട്രാവലറുകൾ സൗജന്യ യാത്രാ പദ്ധതിക്കായി നിരത്തിലിറക്കുമെന്നും വിശ്വ ഹിന്ദു പരിഷത്ത് അറിയിച്ചു. ദേവസ്വം ബോർഡിനും ശബരിമല സ്പെഷ്യൽ കമ്മീഷണർക്കും സമാന ആവശ്യം ഉന്നയിച്ച് നിവേദനം നൽകുന്നുമെന്നും ഭാരവാഹികൾ അറിയിച്ചു.
വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ. അനിൽ വിളയിൽ, സംസ്ഥാന ഗവേണിംഗ് കൗൺസിൽ അംഗങ്ങളായ സതീഷ് ഐഎഎസ്, ഗിരീഷ് രാജൻ എന്നിവരും നിവേദനം നൽകാനെത്തിയ സംഘത്തിലുണ്ടായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam