
കൊറോണയ്ക്കെതിരെ സംസ്ഥാനം മുഴുവൻ പ്രതിരോധം തീർക്കുമ്പോൾ നിരജ്ഞൻ എന്ന എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ വീഡിയോ വൈറലാകുന്നു. കൊറോണ വരാതിരിക്കാൻ എന്തൊക്കെ ചെയ്യണമെന്ന് വ്യക്തമായി തന്നെ നിരജ്ഞൻ ഈ കൊച്ചുവീഡിയോയിൽ പറഞ്ഞിരിക്കുന്നു.പൈപ്പിൻചുവട്ടിൽ നിന്ന് കൈ കഴുകുന്ന നിരജ്ഞന്റെ അനിയനിൽ നിന്നാണ് വീഡിയോ ദൃശ്യങ്ങൾ ആരംഭിക്കുന്നത്.
"വെള്ളത്തിൽ കളിക്കരുത്" എന്ന അമ്മയുടെ വാണിംഗിന് "ഇങ്ങനെ കളിച്ചില്ലെങ്കിൽ പണി കിട്ടുമമ്മേ" എന്നാണ് കുട്ടിയുടെ കൌണ്ടർ. തുടർന്ന് ചുമയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഷേക്ക് ഹാൻഡും ഹഗ്ഗിംഗും ഒഴിവാക്കണമെന്ന നിർദ്ദേശങ്ങളും പിന്നാലെ വരുന്നുണ്ട്. 'നിനക്കു ഞങ്ങളെ ഒരു ചുക്കും ചെയ്യാനാവില്ലെടാ കൊറോണാ വൈറസേ' എന്ന പഞ്ച് ലൈനോടെയാണ് വീഡിയോ അവസാനിക്കുന്നത്. മന്ത്രി തോമസ് ഐസക്കാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
അനിയനെ താരമാക്കി നിരഞ്ജനാണ് സ്ക്രിപ്റ്റും കാമറയും എഡിറ്റിംഗും സംവിധാനവുമൊക്കെ. തട്ടത്തുമല ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് ഈ സഹോദരങ്ങൾ. നിരഞ്ജൻ എട്ടാം ക്ലാസിലും നീരജ് എൽകെജിയിലും. സ്കൂളിലെ സിനിമാപ്രവർത്തനങ്ങളിൽ സജീവമാണ് നിരഞ്ജൻ. നമ്മളിൽ നിന്ന് ആരിലേയ്ക്കും കൊറോണാ പടരാൻ ഇടവരരുത് എന്ന സന്ദേശം ഉൾപ്പെടുത്തി നിരജ്ഞൻ മറ്റൊരു വീഡിയോ പുറത്തിറക്കിയിരുന്നു. കൊറോണയ്ക്ക് എതിരെയുള്ള നമ്മുടെ പ്രതിരോധ പ്രവർത്തനങ്ങളിൽ ചെറിയ കുട്ടികളടക്കം പങ്കു ചേരുകയാണെന്ന് തോമസ് ഐസക് വീഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പിൽ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam