
കൊച്ചി: കാസർകോട് കരിന്തളം ഗവൺമെന്റ് കോളേജിൽ വ്യാജരേഖ ഹാജരാക്കി തൊഴിൽ നേടിയതുമായി ബന്ധപ്പെട്ട കേസിൽ നീലേശ്വരം പൊലീസ് അന്വേഷണം തുടങ്ങി. കെ വിദ്യക്കെതിരായ പരാതിയിൽ നീലേശ്വരം പൊലീസ് സംഘം മഹാരാജാസ് കോളേജിൽ വിവരം ശേഖരിച്ചു. മഹാരാജാസ് കോളേജിന്റെ സീലും ഉദ്യോഗസ്ഥരുടെ ഒപ്പുകളും ശേഖരിച്ചു. വിദ്യക്കായി വിശദമായി അന്വേഷണം നടക്കുന്നുണ്ടെന്ന് നീലേശ്വരം സിഐ പ്രേംസദൻ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. കേസുമായി ബന്ധപ്പെട്ട് മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ അടക്കം അധികൃതരിൽ നിന്നും പൊലീസ് സംഘം വിവരങ്ങൾ തേടി. സംഭവത്തിൽ കരിന്തളം ഗവൺമെന്റ് കോളേജ് പ്രിൻസിപ്പൽ വിദ്യക്കെതിരെ നീലേശ്വരം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്.
പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി സ്മാരക ഗവൺമെന്റ് കോളേജിൽ വ്യാജരേഖ ഹാജരാക്കി ജോലിക്ക് ശ്രമിച്ച കേസിൽ വിദ്യ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചിട്ടുണ്ട്. എന്നാൽ കരിന്തളം കോളേജിൽ വ്യാജരേഖ ഹാജരാക്കി ജോലി നേടിയ കേസിൽ വിദ്യ മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചിട്ടില്ല. വ്യാജരേഖയുണ്ടാക്കി ആരെയും വഞ്ചിക്കുകയോ വ്യക്തിപരമായ നേട്ടമുണ്ടാക്കുകയോ ചെയ്തിട്ടില്ല, അതുകൊണ്ടുതന്നെ വഞ്ചനാക്കേസ് നിലനിൽക്കില്ല, രാഷ്ടീയ പ്രേരിതമായ കേസിൽ തന്നെ വ്യക്തിഹത്യ ചെയ്യാനും കരിയർ നശിപ്പിക്കാനുമാണ് ശ്രമം, അന്വേഷണവുമായി സഹകരിക്കാം, ഏതു ജാമ്യവ്യവസ്ഥയും അംഗീകരിക്കാമെന്നുമാണ് വിദ്യ ജാമ്യ ഹർജിയിൽ വ്യക്തമാക്കിയിരിക്കുന്നത്.
വിദ്യയെ അറസ്റ്റുചെയ്യാൻ പൊലീസിന് ഇപ്പോഴും തടസമില്ല. എന്നാൽ കേസ് രജിസ്റ്റർ ചെയ്ത് എട്ടാം ദിവസവും വിദ്യയെ അറസ്റ്റ് ചെയ്യാനുള്ള യാതൊരു ശ്രമവും പൊലീസ് നടത്തിയിട്ടില്ല. അഗളി പൊലീസ് അട്ടപ്പാടി കോളേജിൽ നടത്തിയ പരിശോധനയിൽ വിദ്യ സമർപ്പിച്ച രേഖകളും വിദ്യ കോളേജിൽ എത്തിയെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചിരുന്നു. അതേസമയം വിദ്യക്ക് പൊലീസ് സംരക്ഷണം നൽകുന്നുവെന്ന വിമർശനം പ്രതിപക്ഷ നേതാവ് ഉയർത്തി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയാണ് വിദ്യയെ വ്യാജരേഖ തയ്യാറാക്കാൻ സഹായിച്ചതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം യൂട്യൂബിൽ കാണാം...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam