
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എംആര്‍ അജിത്കുമാറിന് ക്ലീൻ ചിറ്റ് നൽകിയ വിജിലന്‍സ് റിപ്പോര്‍ട്ടിൽ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതിക്കാരൻ. അന്വേഷണ ഉദ്യോഗസ്ഥരുടെ ശമ്പളം തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരനായ അഡ്വ. നാഗരാജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിജിലന്‍സ് അന്വേഷണം നടത്തിയിട്ടില്ലെന്നാണ് വിജിലന്‍സ് കോടതിയുടെ കണ്ടെത്തൽ. പ്രാഥമിക വിവരശേഖരണം പോലും ഉദ്യോഗസ്ഥര്‍ നടത്തിയിട്ടില്ലെന്നും നാഗരാജ് ആരോപിച്ചു. കേസിൽ അന്വേഷണം നടത്താതെയാണ് എംആര്‍ അജിത്കുമാറിന് ക്ലീൻ ചിറ്റ് നൽകികൊണ്ടുള്ള റിപ്പോര്‍ട്ട് നൽകിയതെന്നാണ് ആരോപണം. അന്വേഷണ കാലയളവായ നാലുമാസത്തെ ശമ്പളം തിരിച്ചുപിടിക്കണമെന്നാണ് പരാതിക്കാരന്‍റെ ആവശ്യം.
അജിത്കുമാറിന് വിജിലൻസ് നൽകിയ ക്ലീൻചിറ്റ് റിപ്പോർട്ട് തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയിരുന്നു. അജിത് കുമാർ ഭാര്യ സഹോദരന്‍റെ പേരിൽ കവടിയാറിൽ ഭൂമി വാങ്ങി ആഡംബര വീട് പണിതതിൽ അഴിമതി ഉണ്ടെന്നായിരുന്നു അജിത് കുമാറിനെതിരായ ആരോപണം. വിജിലൻസ് സമർപ്പിച്ച ക്ലീൻ ചിറ്റ് അംഗീകരിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. പരാതിക്കാരന്‍റെ മൊഴി ഈ മാസം 30ന് നേരിട്ട് രേഖപ്പെടുത്തുമെന്നും കോടതി അറിയിച്ചു.
മുന്‍ എംഎല്‍എ പി വി അന്‍വറിന്‍റെ പരാതിയിലായിരുന്നു അജിത് കുമാറിനെതിരായ വിജിലൻസ് അന്വേഷണം നടത്തിയത്. എന്നാൽ, അൻവർ ആരോപിച്ച വീട് നിര്‍മ്മാണം, ഫ്ളാറ്റ് വാങ്ങല്‍, സ്വര്‍ണ്ണക്കടത്ത് എന്നിവയില്‍ അജിത്കുമാര്‍ അഴിമതി നടത്തിയതായി കണ്ടെത്താനായില്ലെന്നായിരുന്നു വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറഞ്ഞത്. ഈ റിപ്പോർട്ടിനെതിരെയാണ് അഭിഭാഷകനായ നാഗരാജ് വിജിലൻസ് കോടതിയെ സമീപിച്ചത്. ഭാര്യ സഹോദരന്‍റെ പേരിൽ സെന്‍റിന് 70 ലക്ഷം വരുന്ന ഭൂമി വാങ്ങി അവിടെ ആഡംബര വീട് നിർമ്മിക്കുന്നുവെന്നും, അഴിമതി പണം ഉപയോഗിച്ചാണ് ഇത് ചെയ്യുന്നതുമെന്നുമായിരുന്നു ഹർജിക്കാരനായ നാഗരാജ് ഹർജിയിൽ ആരോപിച്ചിരുന്നത്.