കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; വിജിലൻസ് അന്വേഷിക്കുമെന്ന് സഹകരണ മന്ത്രി

By Web TeamFirst Published Aug 11, 2021, 7:56 PM IST
Highlights

നിക്ഷേപകർക്ക് ആശങ്ക വേണ്ടെന്നും കേരള ബാങ്കുമായി ചേർന്ന് പദ്ധതി തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു.

തിരുവനന്തപുരം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് വിജിലൻസ് അന്വേഷിക്കുമെന്ന് സഹകരണ മന്ത്രി. നിക്ഷേപകർ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും കേരള ബാങ്കുമായി ചേർന്ന് പദ്ധതി രൂപീകരിക്കുമെന്നും സഹകരണ മന്ത്രി വി എൻ വാസവൻ അറിയിച്ചു. അതിനിടെ, കേസുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പിലെ 16 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. 

തട്ടിപ്പിനെകുറിച്ച് അന്വേഷിച്ച ഉന്നതതല സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഓഡിറ്റ് ജനറല്‍ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ് ചെയ്തത്. 2014 - 15 സാമ്പത്തിക വര്‍ഷത്തിലാണ് ബാങ്കില്‍ ആദ്യമായി ക്രമക്കേട് കണ്ടെത്തിയത്. എന്നാല്‍ ഇതുതടയാന്‍ ഉദ്യോഗസ്ഥര്‍ നടപടികള്‍ സ്വീകരിച്ചില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ക്രമക്കേട് കണ്ടെത്തിയിട്ടും നടപടിയെടുത്തില്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി. സഹകരണ വകുപ്പിൽ ജനറൽ, ഓഡിറ്റ് വിഭാഗങ്ങളിലെ ചുമതല ഉണ്ടായിരുന്ന മുതിർന്ന ഉദ്യോഗസ്ഥരടക്കം 16 പേരെയാണ് സസ്പെൻഡ് ചെയ്തത്. സസ്പെഷന് പിന്നാലെയാണ് സർക്കാർ വിജിലൻസ് പ്രഖ്യാപിച്ചത്.

അതേസമയം, കരുവന്നൂർ വായ്പാ കേസിലെ രണ്ടും മൂന്നും പ്രതികളായ ബിജു കരീമും സി കെ ജിൽസുമാണ് ഇന്ന് അറസ്റ്റിലായി. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്നലെ തൃശൂർ ജില്ല സെഷൻസ് കോടതി തള്ളിയിരുന്നു. ഇതോടെ ഇരുവരും കീഴടങ്ങി. ബാങ്കിലെ 100 കോടി രൂപയുടെ ക്രമക്കേടിന് ചുക്കാൻ പിടിച്ചത് ഒന്നാം പ്രതി സുനിൽ കുമാറും ബിജു കരീമും സി കെ ജിൽസുമാണ്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

 

click me!