
തിരുവനന്തപുരം: ഓപ്പറേഷൻ ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് വിജിലൻസ് നടത്തിയ റെയ്ഡിൽ ഗോഡൗണുകളിലും റേഷൻ കടകളിലും കണ്ടെത്തിയത് വ്യാപക ക്രമക്കേടും അഴിമതിയും. സംസ്ഥാന വ്യാപകമായി റേഷൻ ഗോഡൗണുകളിലും റേഷൻ കടകളിലും ഇന്നലെ നടന്ന റെയ്ഡിൽ നാല് ലൈസൻസികളെയാണ് വിജിലൻസ് സംഘം കയ്യോടെ പിടികൂടിയത്. സംസ്ഥാനത്തെ അഴിമതികൾ അന്വേഷിക്കാൻ രൂപീകരിച്ച 'പ്രോജക്ട് സീറോ' പദ്ധതിയുടെ ഭാഗമായി ‘ഓപ്പറേഷൻ ഭക്ഷ്യസുരക്ഷ’ എന്ന പേരിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് വ്യാപക ക്രമക്കേട് കണ്ടെത്തിയത്.
കരാറുകാർ എന്ന വ്യാജേനയെത്തിയ ഉദ്യോഗസ്ഥർക്ക് ലൈസൻസികളായ വ്യാപാരികൾ റേഷൻ സാധനങ്ങൾ മറിച്ച് വിൽക്കാൻ തയ്യാറായി. അതുവഴി നാല് ലൈസൻസികളെ കൈയോടെ ഉദ്യോഗസ്ഥർ പിടികൂടി. റെയ്ഡിൽ മിക്ക സ്ഥലത്തും സ്റ്റോക്കും രേഖകളും തമ്മിൽ വലിയ വിത്യാസമാണ് കണ്ടെത്തിയിട്ടുള്ളത്. ഉപഭോക്താക്കളുടെ പേരിൽ വ്യാജ ബില്ല് തയ്യാറാക്കി പൊതുവിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്യേണ്ട ഭക്ഷ്യധാന്യങ്ങൾ കരിഞ്ചന്തയിൽ വിൽക്കുകയാണ് ചെയ്തിരുന്നത്. പതിനെട്ട് ലക്ഷം രൂപയുടെ അനധികൃത സാമ്പത്തിക ഇടപാടുകളും കണ്ടെത്തി. കൂടാതെ വാതിൽപ്പടി വിതരണത്തിനുള്ള വാഹനങ്ങളിൽ ജിപിഎസ് പ്രവർത്തനരഹിതമാണ്. ജിപിഎസ് ഘടിപ്പിച്ചവ ഒഴിവാക്കി സ്വകാര്യ വാഹനങ്ങളാണ് വിതരണത്തിനു ഉപയോഗിക്കുന്നതെന്നും കണ്ടെത്തി.14 എൻഎഫ്എസ്എ ഗോഡൗണുകളിലും തിരഞ്ഞെടുത്ത 54 റേഷൻ കടകളിലുമാണ് വിജിലൻസ് സംഘം ഒരേസമയം ഇന്നലെ പരിശോധന നടത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam