വാളയാറില്‍ വിജിലന്‍സ് റെയ്ഡ്; 67000 രൂപ പിടിച്ചെടുത്തു, കൈക്കൂലിയായി പച്ചക്കറിയും; ഭയന്നോടി ഉദ്യോഗസ്ഥർ

By Web TeamFirst Published Jan 4, 2022, 8:33 AM IST
Highlights

പണം കൂടാതെ പച്ചക്കറിയും കൈക്കൂലിയായി ഉദ്യോഗസ്ഥര്‍ വാങ്ങിയതായെന്ന് വിജിലൻസ് പറയുന്നു.

പാലക്കാട്: വാളയാർ (Walayar) ആർടിഒ ചെക്ക് പോസ്റ്റിൽ വിജിലൻസ് (Vigilance) കൈക്കൂലിപ്പണം പിടികൂടി. അഞ്ച് ഉദ്യോഗസ്ഥര്‍ ആറ് മണിക്കൂർ കൊണ്ട് വാങ്ങിയ കൈക്കൂലി തുകയായ  അറുപത്തിയേഴായിരം രൂപ പിടിച്ചെടുത്തു. പാരിതോഷികമായി പച്ചക്കറികളും ഇവര്‍ കൈപ്പറ്റിയിരുന്നതായി വിജിലൻസ് സംഘം വ്യക്തമാക്കി.
 
തമിഴ്നാട്-കേരളാ അതിര്‍ത്തിയായ വാളയാറിലെ ആര്‍ടിഒ ചെക്പോസ്റ്റിൽ ചരക്ക് വാഹനങ്ങളിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം പരിശോധന നടത്തിയത്. ഇന്നലെ രാത്രി രണ്ട് മണിക്കായിരുന്നു പരിശോധന. മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടറായ ബിനോയ്, അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടർമാരായ ജോർജ്, പ്രവീൺ, അനീഷ്, കൃഷ്ണകുമാർ എന്നിവരായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്നത്. ആർടിഒ ഓഫീസിൽ സൂക്ഷിച്ച നിലയിലാണ് കൈക്കൂലി പണം കണ്ടെത്തിയത്. പരിശോധന സംഘത്തെ കണ്ടതോടെ ഇൻസ്പെക്ടറായ ബിനോയ് ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും വിജിലൻസ് ഇയാളെ പിടികൂടി.

രാത്രി 8 മണി മുതൽ പുലര്‍ച്ചെ രണ്ട് വരെയുള്ള കൈക്കൂലിപ്പണമാണ് 67000 രൂപയെന്നാണ് വിജിലൻസ് വിശദീകരിക്കുന്നത്. ഇന്നലെ രാവിലെ പത്ത് മുതൽ രാത്രി പന്ത്രണ്ട് വരെ സര്‍ക്കാരിന് നികുതിയിനത്തിൽ കിട്ടിയതാകട്ടെ വെറും 69000 രൂപ മാത്രമാണ്. തമിഴ്നാട്ടിൽ നിന്നെത്തിയ വാഹനങ്ങളിൽ നിന്നും പാരിതോഷികമായി പച്ചക്കറികളും ഇവര്‍ കൈപ്പറ്റി. പിടിച്ചെടുത്ത തുക സര്‍ക്കാരിലേക്ക് കണ്ടുകെട്ടാനുള്ള നടപടി ആരംഭിച്ചു. ഈ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കാനും വിജിലൻസ് ശുപാര്‍ശ ചെയ്തു. പാലക്കാട് അതിര്‍ത്തിയിലെ ആര്‍ടിഒ ചെക്പോസ്റ്റുകളിൽ കൈക്കൂലി വാങ്ങൽ വ്യാപകമാണെന്ന് നേരത്തെ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് ശേഷവും കൈക്കൂലി വാങ്ങുന്നത് തടയാൻ യാതൊരു നടപടിയുമുണ്ടായിരുന്നില്ല.

 

 

click me!