സർക്കാരിന്റെ മുഖം കറുത്തു; നടപടികൾ മയപ്പെടുത്തി വിജിലൻസ്, ഇടപെടലിൽ ഉദ്യോഗസ്ഥർക്ക് അമർഷം

By Web TeamFirst Published Nov 29, 2020, 5:36 PM IST
Highlights

ഗൂഡാലോചന നടന്നുവെന്ന് സിപിഎമ്മും ധനമന്ത്രിയും സംശയിക്കുന്ന സാഹചര്യത്തിൽ വിജിലൻസ് ഡ‍യറക്ടറോട് സർക്കാർ വിശദീകരണം ചോദിച്ചേക്കും. കണ്ടെത്തിയ ക്രമക്കേടുകൾക്ക് വെള്ളപൂശാൻ വിജിലൻസ് പരിശോധന നടത്തിയ 36 ശാഖകളിൽ ധനവകുപ്പ് ആഭ്യന്തര പരിശോധന നടത്തും

തിരുവനന്തപുരം: സിപിഎം കടുത്ത നിലപാടെടുത്തതോടെ കെഎസ്എഫ്ഇയിലെ മിന്നൽ പരിശോധനയിലെ തുടർ നടപടികള്‍ മയപ്പെടുത്തി വിജിലൻസ്. സർക്കാരിന് നൽകുന്ന റിപ്പോർട്ടിൽ ക്രമക്കേടുകളെക്കുറിച്ചുള്ള കണ്ടെത്തലുകള്‍ പലതും ഒഴിവാക്കുമെന്നാണ് സൂചന. വിജിലൻസ് കണ്ടെത്തൽ മറികടക്കാൻ കെഎസ്എഫ്ഇ ശാഖകളിൽ ആഭ്യന്തര പരിശോധന നടത്താൻ ധനവകുപ്പ് തീരുമാനിച്ചു.

മന്ത്രിയും ഭരണകക്ഷി നേതാക്കളും വിജിലൻസിനെ പരസ്യമായി കടന്നാക്രമിക്കുന്നത് ഇതാദ്യമായാണ്. ഓപ്പറേഷൻ ബച്ചത്തിലെ കണ്ടെത്തലുകളെ ഇന്നലെ ധനമന്ത്രി കുറ്റപ്പെടുത്തിയിട്ടും നടപടികളുമായി മുന്നോട്ട് പോകാനായിരുന്നു വിജിലൻസ് നീക്കം. പക്ഷെ ധനമന്ത്രി കടുപ്പിക്കുകയും കൂടുതൽ നേതാക്കൾ പിന്തുണയുമായെത്തുകയും ചെയ്തതോടെ വിജിലൻസിന് മേൽ ആഭ്യന്തരവകുപ്പിന്റെ പിടിവീണു. ചിട്ടി വഴി കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചു എന്നതടക്കമുള്ള ഗുരുതര ക്രമക്കേടുകൾ ആഭ്യന്തരവകുപ്പിന് നൽകുന്ന റിപ്പോർട്ടിൽ നിന്നും വിജിലൻസ് ഡയറക്ടർ ഒഴിവാക്കാനാണ് സാധ്യത.

പരിശോധനയെ കുറിച്ചുള്ള പതിവ് വാർത്താക്കുറിപ്പും ഉണ്ടാകില്ല. വിജിലൻസ് ഡയറക്ടർ സുദേഷ് കുമാർ അവധിയതിനാൽ ഐജി എച്ച് വെങ്കിടേഷിനാണ് ഡയറക്ടറുടെ ചുമതല. ഗൂഡാലോചന നടന്നുവെന്ന് സിപിഎമ്മും ധനമന്ത്രിയും സംശയിക്കുന്ന സാഹചര്യത്തിൽ വിജിലൻസ് ഡ‍യറക്ടറോട് സർക്കാർ വിശദീകരണം ചോദിച്ചേക്കും. കണ്ടെത്തിയ ക്രമക്കേടുകൾക്ക് വെള്ളപൂശാൻ വിജിലൻസ് പരിശോധന നടത്തിയ 36 ശാഖകളിൽ ധനവകുപ്പ് ആഭ്യന്തര പരിശോധന നടത്തും.

അതേ സമയം ധനമന്ത്രിയുടെയും പാർട്ടി നേതാക്കളുടേയും വിമ‍ർശനത്തിൽ വിജിലൻസിൽ അമർഷമുണ്ട്. ഒരുമാസമായി ശേഖരിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലെ പരിശോധനയിൽ ഗൂഡാലോചന വരെ ആരോപിച്ച് വിജിലൻസിൻ്റെ വിശ്വാസ്യത തകർക്കുന്നുവെന്നാണ് ഉദ്യോഗസ്ഥരുടെ വിമർശനം. വിജിലൻസിനെ കൂട്ടിലടക്കുമ്പോൾ അഴിമതി മൂടിവെച്ചു എന്ന വിമർശനം കൂടി ഇനി സർക്കാരും സിപിഎമ്മും കേൾക്കേണ്ടിവരും. 

 

click me!