എഡിഎം നവീൻ ബാബുവിൽ നിന്ന് ഇന്നലെ വിജിലൻസ് മൊഴിയെടുത്തു; ജീവനൊടുക്കിയത് യാത്രയയപ്പ് യോഗത്തിലെ വേഷത്തിൽ

Published : Oct 15, 2024, 04:37 PM ISTUpdated : Oct 15, 2024, 05:21 PM IST
എഡിഎം നവീൻ ബാബുവിൽ നിന്ന് ഇന്നലെ വിജിലൻസ് മൊഴിയെടുത്തു; ജീവനൊടുക്കിയത് യാത്രയയപ്പ് യോഗത്തിലെ വേഷത്തിൽ

Synopsis

കണ്ണൂരിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ എഡിഎം നവീൻ ബാബുവിൻ്റെ മൊഴി കൈക്കൂലി പരാതിയിൽ രേഖപ്പെടുത്തിയിരുന്നെന്ന് വിജിലൻസ്

കണ്ണൂർ: കണ്ണൂരിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ എഡിഎം നവീൻ ബാബുവിൽ നിന്ന് ഇന്നലെ വിജിലൻസ് മൊഴിയെടുത്തതായി വിവരം. കണ്ണൂരിലെ ഓഫീസിലെത്തിയാണ് വിജിലൻസ് ഡിവൈഎസ്പി വിവരങ്ങൾ അന്വേഷിച്ചത്. പെട്രോൾ പമ്പിന് അനുമതി നൽകാൻ കൈക്കൂലി വാങ്ങിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പ്രാഥമിക പരിശോധനയാണ് നടത്തിയതെന്ന് വിജിലൻസ് അധികൃതർ പറയുന്നു. ഇതിന് ശേഷം വൈകിട്ട് നടന്ന യാത്രയയപ്പ് യോഗത്തിലാണ് ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചത്. പരിപാടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയ നവീൻ ബാബു വസ്ത്രം മാറിയില്ലെന്നാണ് പൊലീസ് പരിശോധനയിൽ വ്യക്തമായത്. തീൻ മുറിയിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

നവീൻ ബാബുവിന്റെ മൃതദേഹത്തിൽ നിന്നോ വീട്ടിൽ നിന്നോ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ അജിത് കുമാർ വ്യക്തമാക്കിയിരുന്നു. അന്വേഷണം ആദ്യ ഘട്ടത്തിലാണ്. ഇതുവരെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ല. വീട്ടിലുണ്ടായിരുന്ന സാധനങ്ങൾ അന്വേഷണത്തിനായി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അത് പരിശോധിച്ച ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ. തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്നും പൊലീസ് കമ്മീഷണർ അജിത് കുമാർ വ്യക്തമാക്കി.

എഡിഎമ്മിൻ്റെ മരണത്തിൽ ജില്ലാ കലക്ടർ അരുൺ കെ വിജയൻ റവന്യു വകുപ്പ് മന്ത്രിക്ക് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. പിപി ദിവ്യ ഉന്നയിച്ച വിഷയം സംബന്ധിച്ച് പരാതിക്കാരന്റെ ഭാഗത്തുനിന്ന് രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്ന് കലക്ടർ റിപ്പോർട്ടിൽ അറിയിച്ചു. കൂടുതൽ അന്വേഷണം നടത്തിയ ശേഷം വിശദമായ റിപ്പോർട്ട് കലക്ടർ മന്ത്രിക്ക് സമർപ്പിക്കും. 

മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടത്തി. മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. എഡിഎമ്മിന്റെ ക്വാർട്ടേഴ്‌സിൽ കണ്ണൂർ തഹസിൽദാർ ഇൻ ചാർജ് സി കെ ഷാജിയാണ് മൃതദേഹം ഇൻക്വസ്റ്റ് നടത്തിയത്. മൃതദേഹത്തെ കണ്ണൂർ റവന്യു വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥ സംഘം പത്തനംതിട്ടയിലേക്ക് അനുഗമിക്കും.

നവീൻ ബാബുവിൻ്റെ മരണം ഗൗരവത്തോടെ കാണുന്നുവെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പറഞ്ഞു. കൃത്യമായ അന്വേഷത്തിലൂടെ ആവശ്യമായ നടപടികൾ സ്വീകരിക്കും. മാതൃകാപരമായ ഔദ്യോഗിക ജീവിതം നയിച്ച ആളാണ് നവീൻ ബാബുവെന്നും ഫേസ്ബുക്ക് കുറുപ്പിൽ സിപിഎം നേതാവ് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്‍റെ മരണം കൊലപാതകം; കുട്ടിയുടെ അച്ഛൻ കുറ്റം സമ്മതിച്ചു
ദാവോസിൽ കേരളത്തിനും വൻ നേട്ടം! ലോക സാമ്പത്തിക ഫോറത്തിൽ 1.18 ലക്ഷം കോടി രൂപയുടെ നിക്ഷേപ താൽപര്യപത്രം ഒപ്പുവെച്ചെന്ന് പി രാജീവ്