സ്ത്രീകളെ അധിക്ഷേപിച്ച് യൂ ട്യൂബില്‍ വീഡിയോ: വിജയ് പി നായര്‍ കസ്റ്റഡിയില്‍

By Web TeamFirst Published Sep 28, 2020, 6:00 PM IST
Highlights

തിരുവനന്തപുരം കല്ലിയൂരിലെ വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഐടി ആക്ടിലെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതിന് പിന്നാലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

തിരുവനന്തപുരം: യൂട്യൂബിലൂടെ അധിക്ഷേപിച്ചെന്ന സ്ത്രീകളുടെ പരാതിയിൽ യൂട്യൂബർ വിജയ് പി നായർ കസ്റ്റഡിയിൽ. തിരുവനന്തപുരം കല്ലിയൂരിലെ വീട്ടിൽ നിന്നാണ് ഇയാള്‍ പിടിയിലായത്. ഐടി ആക്ടിലെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതിന് പിന്നാലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അതിനിടെ വിജയ് പി നായരുടെ ‍ഡോക്റ്റേറ്റ് വ്യാജമാണെന്ന പരാതിയുമായി ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്‌ രംഗത്തെത്തി. 

ഏറെ വിവാദങ്ങൾക്കും സമ്മർദ്ദങ്ങൾക്കും ഒടുവിലാണ് വിജയ് പി നായരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. യൂട്യൂബ് വീഡിയോയിലൂടെ അധിക്ഷേപിച്ചെന്ന് ശ്രീലക്ഷ്മി അറയ്ക്കലാണ് പൊലീസിന് പരാതി നൽകിയത്. ഗുരുതര പരാതി നൽകിയിട്ടും ദുർബല വകുപ്പുകൾ മാത്രം ചുമത്തി പൊലീസ് കേസെടുത്തത് ഏറെ വിവാദമായിരുന്നു. പിന്നീട്, ഹൈടെക് സെല്ലിന്‍റെ ചുമതലയുള്ള എസ്പിയുടെ ഉപദേശ പ്രകാരം ഇന്ന് രാവിലെയാണ് ഐടി ആക്ടിലെ 67, 67 (a) എന്നീ വകുപ്പുകള്‍ കൂടി ഇയാൾക്കെതിരെ ചുമത്തിയത്. ഇന്നലെ മുതൽ മ്യൂസിയം പരിസരത്തെ ലോഡ്ജ് വിട്ട് , കല്ലിയൂരിലെ വീട്ടിലായിരുന്നു ഇയാൾ. വൈകീട്ടോടെ മ്യൂസിയം പൊലീസ് കല്ലിയൂരെത്തി വിജയ്‍യെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. നാളെ കോടതിയിൽ ഹാജരാക്കും. അഞ്ച് വർഷം വരെ തുടവ് ലഭിക്കാവുന്ന കുറ്റമാണ് വിജയ്ക്കെതിരെ ചുമത്തിയിട്ടുള്ളത്. വിവാദ വീഡിയോകൾ നീക്കാനും നടപടി തുടങ്ങി. 

സൈക്കോളജിസ്റ്റാണെന്ന വ്യാജേനയായിരുന്നു യൂട്യൂബിലൂടെ ഇയാൾ സ്ത്രീകളെ അധിക്ഷേപിച്ചിരുന്നത്. ചെന്നൈ ആസ്ഥാനമായി പ്രവർ‍ത്തിക്കുന്ന ഗ്ലോബൽ ഹ്യൂമൻ പീസ് സർവ്വകലാശാലയിൽ നിന്നും ഡോക്റേറ്റ് ഉണ്ടെന്നായിരുന്നു ഇയാളുടെ അവകാശ വാദം. എന്നാൽ ചെന്നൈയിൽ ഗ്ലോബൽ ഹ്യൂമൻ പീസ് സർവ്വകലാശാലയുടെ ഓഫീസ് പ്രവർത്തിക്കുന്നില്ല. ഈ സർവ്വകലാശാലക്ക് യുജിസിയുടെ അംഗീകരവുമില്ല. ഐടി വകുപ്പുകൾക്ക് പുറമേ , കയ്യേറ്റം ചെയ്തെന്ന ഭാഗ്യലക്ഷ്മിയുടെ പരാതിയിൽ തമ്പാനൂർ പൊലീസെടുത്ത കേസും ഇയാൾക്കെതിരെയുണ്ട്. വിജയ്‍യുടെ പരാതിയിൽ ഭാഗ്യലക്ഷ്മിക്കും കൂട്ടർക്കുമെതിരെ തിരിച്ച് കേസെടുത്തിട്ടുണ്ടെങ്കിലും  ഇവർ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുള്ളതിനാൽ ഉടൻ അറസ്റ്റുണ്ടാവില്ല. ഈ പരാതികളിൽ വിശദമായ അന്വേഷണം വേണമെന്നാണ് പൊലീസ് പറയുന്നത്. 

click me!