
തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളോടെ സംസ്ഥാനത്ത് നാളെ വിദ്യാരംഭ ചടങ്ങുകൾ നടക്കും. വിവിധ ക്ഷേത്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. പരമാവധി വീടുകളിൽ തന്നെ വിദ്യാരംഭ ചടങ്ങുകൾ നടത്തണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. കൊവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾക്ക് നടുവിലാണ് ഇക്കുറി കുരുന്നുകൾ ആദ്യക്ഷരം കുറിക്കുക. പൊതുവിടങ്ങളിലെ വിദ്യാരംഭം ഒഴിവാക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രധാന നിർദ്ദേശം.
നാവിൽ എഴുതാൻ ഉപയോഗിക്കുന്ന സ്വർണം അണുമുക്തമാക്കണമെന്നാണ് പ്രധാന നിർദ്ദേശം, ഒരു കുട്ടിയുടെ നാവിൽ ഉപയോഗിച്ച സ്വർണം വീണ്ടും അടുത്ത കുട്ടിയ്ക്ക് ഉപയോഗിക്കരുത്. ശാരീരിക അകലം, മാസ്‌ക് , സാനിറ്റൈസർ എന്നിവ ഉറപ്പാക്കണം. പ്രധാന എഴുത്തിനിരുത്തൽ കേന്ദ്രമായ കോട്ടയം പനച്ചിക്കാട് ദേവീ ക്ഷേത്രത്തിൽ ഓൺലൈനായി ബുക്ക് ചെയ്ത 500 പേർക്ക് മാത്രമേ വിദ്യാരംഭത്തിന് അവസരമുളളൂ. ഗുരുക്കൻമാരുടെ എണ്ണം മൂന്നാക്കി ചുരുക്കി.
തിരൂർ തുഞ്ചൻ പറന്പ് ഉൾപ്പെടെയുളള ഇടങ്ങളിലൊന്നും ഇക്കുറി വിദ്യാരംഭ ചടങ്ങ് നടക്കുന്നില്ല, കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ഇന്നായിരുന്നു വിദ്യാരംഭ ചടങ്ങ്. കുട്ടിക്കൊപ്പം ഒരു രക്ഷിതാവിന് മാത്രമേ സരസ്വതി മണ്ഡപത്തിലേക്ക് പ്രവേശനം അനുവദിച്ചുളളൂ. കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും നവരാത്രി ആഘോഷത്തിന്റെ ഭാഗമായുളള രഥാരോഹണ ചടങ്ങിനായി കൊല്ലൂരിൽ ഭക്തരുടെ വലിയ തിരക്കായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam