
ദില്ലി: 2015 ജൂൺ 26, അന്നാണ് വിജയശ്രീയുടെ ജീവിതത്തിലെ ദുരന്ത ദിവസം. ബിരുദ പഠനത്തിന് ശേഷം പുതിയ സ്വപ്നങ്ങളുമായി ദില്ലി സർവ്വകലാശാലയിൽ പിജി പ്രവേശനപരീക്ഷക്ക് അച്ഛനൊപ്പമെത്തിയതായിരുന്നു വിജയശ്രീ. കേരളഹൗസിൽ നിന്ന് നടക്കാനിറങ്ങിയപ്പോഴാണ് വഴിയരികിൽ നിന്ന മരത്തിന്റെ ചില്ല ഒടിഞ്ഞു ശരീരത്തിലേക്ക് പതിച്ചത്. തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റു. റോഡിൽ കിടന്ന വിജയശ്രീയെ അച്ഛനും ഓട്ടോക്കാരും ചേർന്ന് ആശുപത്രിയിലെത്തിച്ചു.
'അന്നേരം ഉമ്മൻചാണ്ടിസാർ കേരള ഹൗസിലുണ്ടായിരുന്നു. കേരള ഹൗസിൽ വിളിച്ച സമയത്ത് റിസപ്ഷൻ്റെ അടുത്ത് തന്നെ അദ്ദേഹം ഉണ്ടായിരുന്നു. സാർ വിഷയത്തിൽ ഇടപെട്ടു. ആരോഗ്യത്തിന് പ്രതിസന്ധി ഉള്ളത് കൊണ്ട് ഷിഫ്റ്റ് ചെയ്യാൻ കഴിയുമായിരുന്നില്ല. അങ്ങനെ ഉമ്മൻചാണ്ടി സാറിൻ്റെ സഹായത്തിലാണ് ഗംഗാറാം ആശുപത്രിയിലേക്ക് ഷിഫ്റ്റ് ചെയ്യുന്നത്. അങ്ങനെ ഷിഫ്റ്റ് ചെയ്ത് നല്ല ചികിത്സ ലഭിച്ചത് കൊണ്ടാണ് സത്യം പറഞ്ഞാൽ ഞാനിന്ന് ജീവിച്ചിരിക്കുന്നത്.'-വിജയശ്രീ പറയുന്നു.
'കഴുത്തിന് താഴോട്ട് ഭാഗികമായി തളർന്ന അവസ്ഥയിലായിരുന്നു. ഉമ്മൻചാണ്ടി സാറിന്റെ നിർദ്ദേശ പ്രകാരമാണ് കേരള ഹൗസിൽ താഴത്തെ നിലയിൽ തന്നെ മുറി ശരിയായിക്കിട്ടിയതെന്ന് വിജയശ്രീ പറയുന്നു. തളർന്ന അവസ്ഥയിലായത് കൊണ്ട് തന്നെ എല്ലാ കാര്യങ്ങൾക്കും വളരെ ബുദ്ധിമുട്ടായിരുന്നു. ഒരു മാസം അവിടെ കുടുംബവുമായി താമസിച്ചു. പിന്നീട് നാട്ടിലേക്ക് തിരിച്ചുപോന്നു. ആരോഗ്യ സ്ഥിതി പൂർണ്ണാവസ്ഥയിലാവാൻ ആറുമാസത്തോളമെടുത്തു. പിന്നീട് തിരുവനന്തപുരത്തെ ജഗതിയിലെ വീട്ടിലെത്തി അദ്ദേഹത്തെ കണ്ടു. എത്രയോ മാസങ്ങൾക്കു ശേഷവും ഞങ്ങളെ ഓർമ്മയുണ്ടായിരുന്നു ഉമ്മൻചാണ്ടി സാറിന്. അന്ന് ആരോഗ്യാവസ്ഥയൊക്കെ ചോദിച്ചറിഞ്ഞായിരുന്നു തിരിച്ചു വിട്ടത്. ഒരിയ്ക്കലും ജീവിതത്തിൽ മറക്കാൻ കഴിയില്ല ഉമ്മൻചാണ്ടിയെ.'-വിജയശ്രീ പറയുന്നു.
https://www.youtube.com/watch?v=dIUHCbq92FY
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam