പഞ്ചായത്ത് പ്രസിഡൻ്റും കൂട്ടരും ഘെരാവോ ചെയ്തു; തൃശൂരില്‍ വനിതാ വില്ലേജ് ഓഫീസർ കൈ ഞരമ്പ് മുറിച്ചു

By Web TeamFirst Published Aug 10, 2020, 2:58 PM IST
Highlights

പുത്തൂർ പഞ്ചായത്ത് പ്രസിഡൻ്റും കൂട്ടരും ഘെരാവോ ചെയ്യുന്നതിനിടെയാണ് ആത്മഹത്യാശ്രമം. ലൈഫ് മിഷൻ പദ്ധതിയിലേയ്ക്ക് സർട്ടിഫിക്കറ്റ് നൽകാൻ വൈകിയിരുന്നു.

തൃശൂർ: തൃശൂര്‍ പുത്തൂര്‍ വില്ലേജ് ഓഫീസില്‍ വനിതാ വില്ലേജ് ഓഫീസറുടെ ആത്മഹത്യാശ്രമം. ലൈഫ് മിഷൻ പദ്ധതിയിലെ അപേക്ഷകര്‍ക്ക് ആവശ്യമായ രേഖകള്‍ നല്‍കുന്നില്ലെന്നാരോപിച്ച് പഞ്ചായത്ത് പ്രസിഡൻറും കൂട്ടരും ഓഫീസറെ ഘെരാവോ ചെയ്യുന്നതിനിടെയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ലൈഫ് മിഷൻ പദ്ധതിയ്ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനാവശ്യമായ വരുമാന സര്‍ട്ടിഫിക്കറ്റ് പുത്തൂര്‍ വില്ലേജ് ഓഫീസില്‍ നിന്ന് കിട്ടുന്നില്ലെന്ന് വ്യാപകമായ പരാതികള്‍ ഉയര്‍ന്നിരുന്നു. ഏതാണ്ട് 155 അപേക്ഷകളാണ് വില്ലേജ് ഓഫീസറുടെ മുന്നിലുളളത്. ഇതിനെതിരെയാണ് പഞ്ചായത്ത് പ്രസിഡൻറ് മിനി ഉണ്ണികൃഷ്ണനും കൂട്ടരും രാവിലെ മുതല്‍ ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് തുടങ്ങിയത്. സമരം തുടങ്ങിയതോടെ തഹസീല്‍ദാര്‍ വില്ലേജ് ഓഫീസര്‍ സിനിയെ ഫോണില്‍ ബന്ധപ്പെട്ടു വിവരങ്ങള്‍ തിരക്കിയിരുന്നു. ഇതിന് ശേഷമാണ് വില്ലേജ് ഓഫീസര്‍ ബ്ലോഡ് ഉപയോഗിച്ച് കൈഞെരമ്പ് മുറിച്ചത്. പൊലീസും നാട്ടുകാരും ചേര്‍ന്ന് ഉടൻ തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചു. അനാവശ്യമായ പരാതികളുമായി നിരന്തരം തന്നെ പീഡിപ്പിക്കുകയാണെന്നാണ് വില്ലേജ് ഓഫീസറുടെ നിലപാട്. കൊവിഡ് പരിശോധനയ്ക്ക് പോയ തന്നെ പ്രസിഡൻറ് വിളിച്ചു വരുത്തുകയായിരുന്നു.

നിരന്തരം പരാതികള്‍ ലഭിച്ചപ്പോള്‍ ഇക്കാര്യത്തെ കുറിച്ച് അന്വേഷിക്കാൻ ചെന്ന ജനപ്രതിനിധകളെ ഓഫീസര്‍ അപമാനിച്ചതായി പഞ്ചായത്ത് പ്രസിഡൻറ് കുറ്റപ്പെടുത്തി. പഞ്ചയാത്ത് അംഗത്തെ ചവുട്ടിയതായും ആരോപണമുണ്ട്. ഇതിനെതിരെ പൊലിസീല്‍ പരാതി നല്‍കി. ഒല്ലൂര്‍ പൊലീസ് വില്ലേജ് ഓഫീസറുടെ മൊഴിയെടുത്തു. ഇരു കൂട്ടരുടെയും പരാതിയില്‍ തുടര്‍ നടപടി സ്വീകരിക്കും.

click me!