ലോക്ക് ഡൗൺ ലംഘിച്ച് കേരളത്തിലേക്ക് യാത്ര; സമാന്തരപാതയിൽ അടിയന്തര ഇടപെടൽ വേണമെന്ന് എം എം മണി

By Web TeamFirst Published Apr 5, 2020, 4:43 PM IST
Highlights

സമാന്തരപാതകളിലൂടെ വരുന്നവരെ കസ്റ്റഡിയിലെടുത്ത് തമിഴ്നാടിന് കൈമാറുകയാണ് കേരള പൊലീസ് ഇപ്പോൾ. ഇനിയും നിയമലംഘനം കൂടിയാൽ കേസെടുക്കേണ്ടിവരുമെന്നാണ് പൊലീസ് പറയുന്നത്. 

ഇടുക്കി: കർശന പരിശോധനകൾക്കിടിയിലും കേരള തമിഴ്നാട് അതിർത്തിയിലെ സമാന്തരപാതകളിലെ യാത്രക്ക് ഒരു കുറവുമില്ല. പൊലീസിന്റെ കണ്ണുവെട്ടിച്ച് നിരവധി പേരാണ് ഇതുവഴിയെത്തുന്നത്. ഇവരെ നിയന്ത്രിക്കാൻ തമിഴ്നാട് സ‍ര്‍ക്കാ‍‍ര്‍ അടിയന്തിരമായി ഇടപെടണമെന്നാണ് മന്ത്രി എം എം മണി പറയുന്നത്. 
 
ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് മുതൽ കേരളവും തമിഴ്നാടും അവശ്യസർവീസുകളൊഴികെ മറ്റൊന്നും ചെക്ക് പോസ്റ്റിലൂടെ കടത്തിവിടുന്നില്ല. ഇതോടെ വെട്ടിലായത് ഇടുക്കിയിലെ തോട്ടം മേഖലയാണ്. ഇവിടെ പണിയെടുക്കുന്ന 90 ശതമാനവും തമിഴ്നാട്ടിൽ നിന്നുള്ള തൊഴിലാളികളായിരുന്നു. ലോക്ക് ഡൗണിനോട് അനുഭാവം പ്രകടിപ്പിച്ച് മിക്കവരും തോട്ടമടച്ചപ്പോൾ ചിലർ അനധികൃതമായി തൊഴിലാളികളെ എത്തിച്ച് പണിയെടുപ്പിക്കുകയാണ്. 

ചെക്ക് പോസ്റ്റുകളിൽ പരിശോധനയുള്ളതിനാൽ സമാന്തരപാതകളിലൂടെയാണ് തൊഴിലാളികളെ കൊണ്ടുവരുന്നത്. വലിയ വിസ്തൃതിയുള്ള പ്രദേശമായതിനാലും നിരന്തരം വന്യമൃഗ ശല്യമുള്ള സ്ഥലമായതിനാലും ഇവരെ കണ്ടെത്താൻ പൊലീസിനും പരിമിതികളുണ്ട്. സമാന്തരപാതകളിലൂടെ വരുന്നവരെ കസ്റ്റഡിയിലെടുത്ത് തമിഴ്നാടിന് കൈമാറുകയാണ് കേരള പൊലീസ് ഇപ്പോൾ. ഇനിയും നിയമലംഘനം കൂടിയാൽ കേസെടുക്കേണ്ടിവരുമെന്നാണ് പൊലീസ് പറയുന്നത്. 

click me!