
തിരുവനന്തപുരം: വനിതാ കൗൺസിലർമാരെ അപമാനിച്ച് പരാമർശം നടത്തിയ തിരുവനന്തപുരം നഗരസഭാ കൗൺസിലർ ഡി.ആർ.അനിൽ രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് ബിജെപി നടത്തിയ മാർച്ചിൽ സംഘർഷം. മെഡിക്കൽ കോളെജിന് സമീപത്തുള്ള ഇ.കെ.നായനാർ ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസിലേക്കായിരുന്നു ബിജെപി മാർച്ച്. ഓഫീസ് കെട്ടിട്ടത്തിൽ ബിജെപി പ്രവർത്തകർ കരി ഓയിൽ ഒഴിച്ചു. പൊലീസും ബിജെപി പ്രവർത്തകരുമായുള്ള ഉന്തിനും തള്ളിനുമിടയിൽ ഓഫീസിന്റെ മുൻവശത്തെ ചില്ല് തകർന്നു. ബിജെപി പ്രവർത്തകരെ ഒടുവിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.
അതേസമയം തന്റെ ഓഫീസ് ഇതല്ലെന്നും നഗരസഭയുടെ റസ്റ്റ് ഹൗസ് പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്കാണ് ബിജെപി മാർച്ച് നടത്തിയതെന്നും ഡി.ആർ.അനിൽ പറഞ്ഞു. നഗരസഭയുടെ പൊതുമുതലാണ് ബിജെപി നശിപ്പിച്ചതെന്നും സിപിഎം വാദിക്കുന്നു. പൊതുമുതൽ നശിപ്പിച്ചതിന് ബിജെപി പ്രവർത്തകർക്ക് എതിരെ പരാതി നൽകുമെന്ന് ഡെപ്യുട്ടി മേയർ പി.കെ.രാജുവും വ്യക്തമാക്കി.