
ദില്ലി: ബിജെപി സ്ഥാനാർത്ഥി പട്ടിക വന്നപ്പോൾ പുതുമുഖങ്ങൾക്ക് കാര്യമായ പരിഗണന കിട്ടി. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ഇക്കുറി പട്ടികയിൽ ഇടം നേടി. ഇതോടൊപ്പം പ്രമുഖനേതാക്കളെല്ലാം പോരാട്ടം കടുപ്പിക്കാൻ രംഗത്തുണ്ട്. യുഡിഎഫിൽ നിന്നും എൽഡിഎഫിൽ നിന്നും ചില സർപ്രൈസ് എൻട്രികളും ബിജെപി പട്ടികയിലേക്ക് ഉണ്ടായി.
ചാനൽ ചർച്ചകളിൽ പാർട്ടിയുടെ പ്രധാന മുഖമായ സന്ദീപ് വാര്യർ ഷൊർണ്ണൂരിലാവും മത്സരിക്കുക. സീരിയൽ നടൻ വിവേക് ഗോപൻ കൊല്ലം ചവറയിൽ ബിജെപി സ്ഥാനാർത്ഥിയാവും. മാവേലിക്കരയിൽ ഡിവൈഎഫ്ഐ നേതാവ് കെ.സജ്ഞു സ്ഥാനാർത്ഥിയാവും. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും സിപിഎം ചുനക്കര ലോക്കൽ കമ്മിറ്റി അംഗവുമാണ് സജ്ഞു.
നേരത്തെ ബിഡിജെഎസ് മത്സരിച്ചു വന്ന കോഴിക്കോട് സൗത്ത് ഇക്കുറി ബിജെപി ഏറ്റെടുത്തു. ഇവിടെ യുവനേതാവ് നവ്യ ഹരിദാസാണ് സ്ഥാനാർത്ഥി. കാൽനൂറ്റാണ്ടിന് ശേഷം മുസ്ലീം ലീഗ് വനിതാ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്നതും ഇതേ സീറ്റിലാണ്. കെ.പി. പ്രകാശ് ബാബുവാണ് ബേപ്പൂരിലെ സ്ഥാനാർത്ഥി. കോഴിക്കോട് സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ.അബ്ദുൾ സലാം തിരൂരിൽ ബിജെപി സ്ഥാനാർത്ഥിയായത് തീർത്തും അപ്രീതിക്ഷിതമായിട്ടാണ്. മുസ്ലീം ലീഗ് നോമിനിയായി കോഴിക്കോട് വിസി ആയ ആളാണ് അബ്ദുൾ സലാം.
കഴിഞ്ഞ തവണ പാർട്ടി രണ്ടാം സ്ഥാനത്ത് എത്തിയ മലമ്പുഴയിൽ സി.കൃഷ്ണകുമാർ വീണ്ടും ജനവിധി തേടും. തൃശ്ശൂർ ജില്ലാ സെക്രട്ടറി എ.നാഗേഷ് പാർട്ടി ശക്തികേന്ദ്രമായ പുതുക്കാട് മത്സരിക്കും. കഴിഞ്ഞ ആഴ്ച ബിജെപിയിൽ ചേർന്ന പന്തളം സുധാകരൻ്റെ സഹോദരൻ പന്തളം പ്രതാപൻ അടൂരിൽ പാർട്ടി സ്ഥാനാർത്ഥിയായി മത്സരിക്കും. തിരുവനന്തപുരം സെൻട്രലിൽ അഭിനേതാവ് കൃഷ്ണ കുമാർ പാർട്ടി സ്ഥാനാർത്ഥിയാവും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam