
തൃശ്ശൂർ : വിയ്യൂർ സെന്‍ട്രൽ ജയിലിൽ പ്രതികളെ ഉദ്യോഗസ്ഥർ സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി. എന്‍ഐഎ കേസിലെ പ്രതികളായ പി എം മനോജ് , അസ്ഹറുദ്ദീൻ എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇരുവരെയും ഗുരുതര പരിക്കുകളോടെ ചികിത്സയിൽ പ്രവേശിപ്പിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ വിയ്യൂർ, പൂജപ്പുര ജയിൽ സൂപ്രണ്ടുമാരോട് ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരാകാൻ എൻഐഎ കോടതി ഉത്തരവിട്ടു. മെഡിക്കൽ കോളേജ് സൂപ്രണ്ടിനോട് ആരോഗ്യസ്ഥിതി സംബന്ധിച്ച് റിപ്പോർട്ട് നല്‍കാനും എന് ഐ എ കോടതി ഉത്തരവിട്ടു.
കഴിഞ്ഞ 13 നാണ് ജയിൽപുള്ളികൾക്ക് മർദ്ദനമേറ്റത്. സെല്ലിൽ കയറ്റുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടർന്നാണ് മർദ്ദനമുണ്ടായത്. പിന്നാലെ ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുക്കാൻ ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി ലഭിച്ചു. ജയിൽ വാർഡനായ അഭിനവ്, ജോയിന്‍റ് സൂപ്രണ്ട് ശ്രീജിത്ത്, ഡപ്യൂട്ടി സൂപ്രണ്ട് കിരൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മർദ്ദനമെന്നാണ് പരാതിയിൽ പറയുന്നത്.