
ഇന്ത്യയുടെ ചരക്ക് നീക്ക സംവിധാനങ്ങളില്‍ ഗെയിം ചേഞ്ചറായി മാറും വിഴിഞ്ഞം തുറമുഖം. മറ്റൊരു തീരത്തിനും അവകാശപ്പെടാനില്ലാത്ത സാധ്യതകളാണ് വിഴിഞ്ഞത്തിന്റെ പ്രത്യേകത. എന്തൊക്കെയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ സവിശേഷതകളെന്ന് അറിയാം..
ഒന്നരമാസത്തെ യാത്ര പൂര്‍ത്തിയാക്കിയാണ് ഷെന്‍ ഹുവ 15 എന്ന കപ്പല്‍ വിഴിഞ്ഞം തുറമുഖത്തേക്ക് എത്തുന്നത്. ഇത് വെറുമൊരു കപ്പല്‍ അല്ല. പതിറ്റാണ്ടുകളായി കേരളം കണ്ട സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് ഈ കപ്പല്‍. ലോകം വിഴിഞ്ഞത്ത് നങ്കൂരമിടുന്നു. വെറുമൊരു പരസ്യവാചകമല്ലയിത്. ഇന്ത്യയുടെ തെക്കേയറ്റത്തുള്ള ഒരു തീരത്തിന്റെ അനന്തസാധ്യതകള്‍ അത്രത്തോളമാണ്. ഇന്ത്യയുടെ ആദ്യത്തെ കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് തുറമുഖം. വിഴിഞ്ഞം യാഥാര്‍ത്ഥ്യമാകുന്നതോടെ കൂറ്റന്‍ മദര്‍ഷിപ്പുകള്‍ക്ക് ഇന്ത്യന്‍ തീരത്ത് തന്നെ നങ്കൂരമിടാം.
വര്‍ഷം 2015
പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവില്‍ വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ജീവന്‍ വച്ചു. 1000 ദിവസം കൊണ്ട് ആദ്യ ഘട്ട കമ്മീഷനിംഗ്.
ഇതായിരുന്നു അന്നത്തെ പ്രഖ്യാപനം. എന്നാല്‍ പാറക്കല്ലുകളുടെ ക്ഷാമം മുതല്‍, ഓഖി, കൊവിഡ് പോലെയുള്ള പ്രതിസന്ധികള്‍, രാഷ്ട്രീയവിവാദം, തുടര്‍ച്ചയായ പ്രതിഷേധങ്ങള്‍. ഇതിനെല്ലാം ഒടുവിലാണ് തുറമുഖം യാഥാര്‍ത്ഥ്യമാകുന്നത്. കണ്ടെയ്‌നര്‍ ബെര്‍ത്ത് നിര്‍മാണം 73 ശതമാനം പൂര്‍ത്തിയായി. യാര്‍ഡ് ബെര്‍ത്ത് നിര്‍മാണം, 34 ശതമാനം. പുലിമുട്ട് നിര്‍മാണം, 53 ശതമാനം. ഡ്രെഡ്ജിംഗ്, 65 ശതമാനം. തുറമുഖ പ്രവര്‍ത്തനത്തിന് വേണ്ട 39 ശതമാനം കെട്ടിടങ്ങളും സജ്ജം. ആദ്യഘട്ടത്തില്‍ ഒരേ സമയം രണ്ട് കൂറ്റന്‍ മദര്‍ ഷിപ്പുകള്‍ക്ക് ഇവിടെ നങ്കൂരമിടാം.
എന്താണ് വിഴിഞ്ഞത്തിന് പ്രത്യേകത?
14,000 മുതല്‍ 20,000 കണ്ടെയ്‌നറുകളുമായി ഇന്ത്യയിലേക്ക് എത്തുന്ന മദര്‍ഷിപ്പുകള്‍ക്ക്, നിലവില്‍ രാജ്യത്ത് ഒരു തുറമുഖത്തും നങ്കൂരമിടാനാകില്ല. കൊളംബോ, സലാല, സിംഗപ്പൂര്‍ തുറമുഖങ്ങളിലാണ് ഇപ്പോള്‍ ഈ കപ്പലുകള്‍ നങ്കൂരമിടുന്നത്. അവിടെ നിന്ന് ചെറിയ കപ്പലുകളില്‍, ഫീഡര്‍ കപ്പലുകളില്‍ ചരക്ക് ഇന്ത്യന്‍ തുറമുഖങ്ങളിലേക്ക് എത്തിക്കും. സമയവും പണവും നഷ്ടം. വിഴിഞ്ഞം യാഥാര്‍ഥ്യമാകുന്നതോടെ മദര്‍ഷിപ്പുകള്‍ക്ക് ഇന്ത്യന്‍ തീരത്ത് തന്നെ നങ്കൂരമിടാം. വിഴിഞ്ഞം തുറമുഖപ്രദേശത്ത് കടലിന് 20 അടി ആഴമുണ്ട്. അന്താരാഷ്ട്ര കപ്പല്‍ ചാനല്‍ വെറും 10 നോട്ടിക്കല്‍ മൈല്‍ അകലെ. ചൈനയോട് കിടപ്പിടിക്കുന്ന, അല്ലെങ്കില്‍ ചൈനയെക്കോളും മികച്ച ലോജിസ്റ്റിക്ക് സംവിധാനമാണ് വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തനക്ഷമമാകുന്നതോടെ ഇന്ത്യക്ക് സ്വന്തമാകുന്നത്.
ഈ കപ്പലില്‍ എന്താണ്?
ലോകത്തെ ഏറ്റവും മികച്ച ക്രെയ്ന്‍ നിര്‍മാതാക്കളായ ഷാന്‍ഗായ് പിഎംസിയുടെ കപ്പലാണിത്. ഈ കപ്പലിലുള്ളത് വിഴിഞ്ഞത്തിനാവശ്യമായ പ്രധാനപ്പെട്ട ക്രെയ്‌നുകള്‍. ഒരു ഷിപ്പ് ടു ഷോര്‍ ക്രെയ്ന്‍. രണ്ട് യാര്‍ഡ് ക്രെയിനുകള്‍. കപ്പലില്‍ നിന്ന് യാര്‍ഡിലേക്ക് കണ്ടെയ്‌നറുകള്‍ എടുത്തു വയ്ക്കുന്നതിന് വേണ്ടിയാണ് ഷിപ്പ് ടു ക്രെയ്ന്‍. തുറമുഖത്തിനകത്തെ കണ്ടെയ്‌നര്‍ നീക്കത്തിന് വേണ്ടിയാണ് യാര്‍ഡ് ക്രെയ്‌നുകള്‍. ക്രെയ്‌നുകള്‍ പ്രവര്‍ത്തന സജ്ജമാക്കിയാല്‍ പിന്നെ ആറ് മാസം പരീക്ഷണകാലമാണ്. ഷാന്‍ഗായ് പിഎംസിക്കാണ് ഇക്കാലളവില്‍ ക്രെയ്‌നുകളുടെ പ്രവര്‍ത്തനച്ചുമതല. പിന്നീട് അദാനി ഗ്രൂപ്പ് ഓപ്പറേഷന്‍ ചുമതല ഏറ്റെടുക്കും. 600 ജീവനക്കാര്‍ തുറമുഖത്തുണ്ടാകും. കമ്മീഷനിംഗോടെ സുരക്ഷ ചുമതല സിഐഎസ്എഫ് ഏറ്റെടുക്കും. മെയ് മാസത്തില്‍ കമ്മീഷനിംഗ്.പിന്നാലെ ചരക്ക് കപ്പലുകള്‍ എത്തും. അങ്ങനെ തയ്യാറെടുപ്പുകള്‍ പൂര്‍ണം. ലോകം കാത്തിരിക്കുന്നു.
വിഴിഞ്ഞം തുറമുഖത്തേക്കുള്ള ആദ്യ കപ്പല്‍ പദ്ധതി പ്രദേശത്തേക്ക് നീങ്ങുകയാണ്. ഷെന്‍ ഹുവ 15ന്റെ ആദ്യ ദൃശ്യങ്ങള്‍ ഏഷ്യനെറ്റ് ന്യൂസിന് ലഭിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam