ആദ്യ കപ്പല്‍ എത്തിയിട്ടും വിഴിഞ്ഞത്ത് ആശങ്ക; 4 ദിവസമായിട്ടും ക്രെയിനുകള്‍ ഇറക്കാനായില്ല

Published : Oct 19, 2023, 06:40 AM IST
ആദ്യ കപ്പല്‍ എത്തിയിട്ടും വിഴിഞ്ഞത്ത് ആശങ്ക; 4 ദിവസമായിട്ടും ക്രെയിനുകള്‍ ഇറക്കാനായില്ല

Synopsis

കപ്പലിലെ ജീവനക്കാരായ ചൈനീസ് പൗരന്മാർക്ക് ബർത്തിലേക്ക് ഇറങ്ങാനുള്ള അനുമതി ഇനിയും കിട്ടാത്തതാണ് കാരണം.ഇമിഗ്രേഷൻ ക്ലിയറൻസിനായി അദാനി ഗ്രൂപ്പും സംസ്ഥാന സർക്കാരും സമ്മർദ്ദം ശക്തമാക്കി.

തിരുവനന്തപുരം: ആഘോഷപൂർവം സ്വീകരണം നൽകിയെങ്കിലും വിഴിഞ്ഞത്ത് എത്തിയ ആദ്യ കപ്പലിലെ ക്രെയിനുകൾ ഇറക്കുന്നതിൽ അനിശ്ചിതത്വം. കപ്പലിലെ ജീവനക്കാരായ ചൈനീസ് പൗരന്മാർക്ക് ബർത്തിലേക്ക് ഇറങ്ങാനുള്ള അനുമതി ഇനിയും കിട്ടാത്തതാണ് കാരണം.ഇമിഗ്രേഷൻ ക്ലിയറൻസിനായി അദാനി ഗ്രൂപ്പും സംസ്ഥാന സർക്കാരും സമ്മർദ്ദം ശക്തമാക്കി.

വിഴിഞ്ഞത്ത് ഷെൻ ഹുവ 15ന് ഗംഭീര വരവേൽപ്പ് നൽകിയിട്ട് ഇന്നേക്ക് നാലാം ദിനം. തിങ്കളാഴ്ച മുതൽ കപ്പലിൽ നിന്ന് ക്രെയിനുകൾ ഇറക്കാനുള്ള ജോലി തുടങ്ങുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. കടൽ പ്രക്ഷുബ്ദമായതിനാലാണ് ക്രെയിൻ ഇറക്കുന്നത് വൈകുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം എങ്കിലും കാരണം മറ്റൊന്നാണ്. ഷാങ് ഹായ് പിഎംസിയുടെ കപ്പലിലുള്ളത് 12 ചൈനീസ് ജീവനക്കാരാണ്. ഇവർക്ക് ഇതുവരെയും ഇന്ത്യയിൽ ഇറങ്ങാനുള്ള ഇമിഗ്രേഷൻ ക്ലിയറൻസ് കിട്ടിയിട്ടില്ല. കപ്പൽ എത്തിയപ്പോൾ തന്നെ ഈ പ്രശ്നം ഉയർന്നിരുന്നു. ക്രെയിൻ ഇറക്കാൻ ജീവനകർക്ക് ബർത്തിൽ ഇറങ്ങാൻ അനുമതി നൽകണം എന്നാവശ്യപ്പെട്ട് തുറമുഖ മന്ത്രി അന്ന് കേന്ദ്രത്തിന് കത്തെഴുതിയിരുന്നു. പക്ഷേ ദിവസങ്ങൾ കഴിഞ്ഞിട്ടും ഇമിഗ്രേഷൻ ക്ലിയറൻസ് ലഭിച്ചിട്ടില്ല. 

ക്രെയിൻ ഇറക്കുന്ന ജോലികൾ ബർത്തിൽ നിന്ന് നിയന്ത്രിക്കാനായി ഷാങ് ഹായ് പിഎംസിയുടെ 60 വിദഗ്ദർ മുംബൈയിൽ നിന്ന് എത്തിയിരുന്നു. പക്ഷ ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരമുള്ള ക്രെയിൻ ഇറക്കാൻ കപ്പലിലെ ജീവനക്കാർ കൂടി ബർത്തിൽ ഇറങ്ങണം. ഇമിഗ്രേഷൻ ക്ലിയറൻസ് കിട്ടാതെ ഇവർക്ക് ഇറങ്ങാനുമാകില്ല. ഇതേ കപ്പലിൽ മുന്ദ്ര തുറമുഖത്തേക്കുള്ള ക്രെയിനുകൾ കൊണ്ടുവന്നിരുന്നെങ്കിലും, നിലവിൽ പ്രവത്തിക്കുന്ന തുറമുഖം ആയതിനാൽ, അവിടെ ക്രെയിന് ഇറക്കാൻ സർവ്വ സൗകര്യങ്ങളും ഉണ്ടായിരുന്നു. പക്ഷേ കമ്മീഷങ്ങിന് മുമ്പ്, പണി നടക്കുന്ന തുറമുഖത്ത് വിദേശ പൗരന്മാർക്ക് ഇറങ്ങാൻ അനുമതി കിട്ടുക പ്രയാസമാണ്. 

കൊവിഡ് സമയത്ത് വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിന് പ്രത്യേക അനുമതി ലഭിച്ചിരുന്നു. അങ്ങനെയുള്ള അനുമതിക്കായാണ് ശ്രമം തുടരുന്നത്. ക്രെയിൻ ഇറക്കിയതിന് ശേഷം 20 നോ, 21നോ ഷെൻ ഹുവ 15ന് മടങ്ങണം. ക്രെയിൻ കൊണ്ടുവന്നത്  ആഘോഷമമാമാങ്കം നടത്തിയെന്ന തരത്തിൽ പ്രതിപക്ഷം സർക്കാരിനെ വിമർശിക്കുന്നതിനിടെയാണ് പുതിയ അനിശ്ചിതത്വം. ഇമിഗ്രേഷൻ ക്ലിയറൻസിനായുള്ള സമ്മർദ്ദം സർക്കാരും അദാനി ഗ്രൂപ്പും ശക്തമാക്കിയിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസ്; അറസ്റ്റ് തടയാതെ കോടതി, മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച
വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം