'കരയിലും കടലിലും ആകാശത്തും ഒരുപോലെ വികസന കുതിപ്പ്', വിഴിഞ്ഞം വേദിയിൽ മോദിയെ പ്രകീർത്തിച്ച് മേയർ വിവി രാജേഷ്; 'മുൻ മുഖ്യമന്ത്രിമാരും സംഭാവന നൽകി'

Published : Jan 24, 2026, 07:17 PM IST
vv rajesh

Synopsis

വിഴിഞ്ഞം തുറമുഖത്തെ വികസനം മോദി സർക്കാരിന്റെ നേതൃത്വത്തിലുള്ള രാജ്യത്തെ വികസന പ്രവർത്തനങ്ങളുടെ തുടർച്ചയാണെന്ന് മേയർ വി വി രാജേഷ്. മോദി സർക്കാർ അധികാരത്തിൽ വന്നതോടെ കരയിലും കടലിലും ആകാശത്തും വികസന കുതിപ്പുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

തിരുവനന്തപുരം: നരേന്ദ്ര മോദി സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്ത് നടന്നുവരുന്ന സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളുടെ തുടർച്ചയാണ് വിഴിഞ്ഞം തുറമുഖത്ത് ദൃശ്യമാകുന്നതെന്ന് മേയർ വി വി രാജേഷ് അഭിപ്രായപ്പെട്ടു. വിഴിഞ്ഞം പദ്ധതിയുടെ വിവിധ ഘട്ടങ്ങളിൽ മുൻ മുഖ്യമന്ത്രിമാരെല്ലാം അവരവരുടേതായ സംഭാവനകൾ നൽകിയിട്ടുണ്ടെന്നും തിരുവനന്തപുരം മേയർ ചൂണ്ടിക്കാട്ടി. മോദി സർക്കാർ അധികാരത്തിൽ വന്നതോടെ കരയിലും കടലിലും ആകാശത്തും ഒരേപോലെ വികസന കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. ആ വികസനത്തിന്‍റെ ഭാഗമാണ് വിഴിഞ്ഞത്തും ദൃശ്യമാകുന്നത്. അടിസ്ഥാന സൗകര്യ വികസന മേഖലയിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന വൻകിട പദ്ധതികൾ കേരളത്തിന്റെ സാമ്പത്തിക ഭൂപടത്തിലും വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് വി വി രാജേഷ് കൂട്ടിച്ചേർത്തു. വിഴിഞ്ഞം തുറമുഖത്തിന്‍റെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മാണോദ്ഘാടന വേദിയിലായിരുന്നു മേയർ, മോദി സർക്കാരിനെ പ്രകീർത്തിച്ച് സംസാരിച്ചത്.

വിഴിഞ്ഞം തുറമുഖം വിസ്മയമായി മാറിയെന്ന് മുഖ്യമന്ത്രി

വിഴിഞ്ഞം തുറമുഖത്തിന്‍റെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍വഹിച്ചത്. വിഴിഞ്ഞം തുറമുഖത്തിന്‍റെ രണ്ടാം കുതിപ്പിനാണ് ഇതോടെ തുടക്കമായത്. വിഴിഞ്ഞം തുറമുഖം വിസ്മയമായി മാറിയെന്നും നാടിന്‍റെ സ്വപ്നമാണ് യഥാര്‍ഥ്യമായതെന്നും അടിസ്ഥാന സൗകര്യ വികസനത്തിൽ പുതിയ അധ്യായമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാളിന് സ്വാഗതം പറഞ്ഞാണ് മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ചത്. വിഴിഞ്ഞം തുറമുഖത്തിനായി കേന്ദ്ര മന്ത്രി സാധ്യമായത് എല്ലാം ചെയ്യുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എത്രയോ പതിറ്റാണ്ടുകളാണ് വിഴിഞ്ഞം തുറമുഖമെന്ന സ്വപ്നം പേറി നടന്നതെന്നും ഒരോ വട്ടവും വലിയ തടസങ്ങളുണ്ടായെന്നും പിണറായി വിജയൻ പറഞ്ഞു. വിഴിഞ്ഞം പ്രാവർത്തികമാകാനുള്ള നടപ‍ടികള്‍ തുടങ്ങിയപ്പോള്‍ പ്രയാസങ്ങള്‍ നേരിട്ടു. 2016 മുതലുള്ള കാര്യങ്ങൾ ഓർമയിൽ സജീവമായി ഉണ്ടാകും. ഒരു ഭാഗത്ത് പ്രകൃതി ദുരന്തങ്ങളും മഹാമാരിയുമടക്കം ഉണ്ടായി. മറുഭാഗത്ത് വലിയ തോതിൽ മറ്റു പ്രശ്നങ്ങളും ഉണ്ടായി. അത്തരം തടസ്സങ്ങൾക്ക് മുമ്പിൽ സ്തംഭിച്ച് നിൽക്കാനാവില്ല. 2016ന് മുമ്പ് യുഡിഎഫ് കാലത്താണ് പദ്ധതിക്ക് തുടക്കം കുറിച്ചതെങ്കിലും അത് നടപ്പാക്കാനുള്ള ഉത്തരവാദിത്വമുണ്ടായത് എൽഡിഎഫ് സർക്കാരിനാണ്. വികസനത്തിന് മുന്നിലുള്ള തടസ്സങ്ങൾ അതിജീവിക്കാനാണ് ശ്രമിച്ചത്. അതിന് ഫലം ഉണ്ടായി. പലതും നടക്കില്ല എന്നതായിരുന്നു നമ്മുടെ നാട് കേട്ടിരുന്ന ആക്ഷേപം. ഇതൊന്നും കേരളത്തിന് പറ്റിയ കാര്യമല്ല എന്നായിരുന്നു പരിഹാസം. അനേകം പദ്ധതികൾ നടപ്പാക്കി ആ ആക്ഷേപങ്ങള്‍ക്കും പരിഹാസങ്ങളും നമ്മൾ മറുപടി നൽകിയെന്നും ഇവിടെ പലതും നടക്കുമെന്ന് തെളിയിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒന്നാം ഘട്ടം കഴിഞ്ഞപ്പോൾ തന്നെ വിഴിഞ്ഞം കേരളത്തിന്‍റെ സാമ്പത്തിക നട്ടെല്ലായി മാറി കഴിഞ്ഞു. യുവാക്കൾക്ക് തൊഴിൽ അവസരം നൽകി. ചരക്ക് നീക്കത്തിന് മറ്റുള്ളവരെ ആശ്രയിച്ച കാലം അവസാനിച്ചു. ആഗോള കപ്പൽ ചാലിൽ കേരളത്തിന്‍റെ പേര് സുവർണ ലിപികളിൽ എഴുതപ്പെട്ടു. തുറമുഖത്തിന്‍റെ കരുത്ത് ലോകം തിരിച്ചറിഞ്ഞു. പല തുറമുഖങ്ങളെയും വിഴിഞ്ഞം പിന്നിലാക്കിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഭൂമി തരംമാറ്റാനുള്ള നടപടിക്രമങ്ങളിൽ വീഴ്ച; വയനാട് ഡെപ്യൂട്ടി കളക്ർക്ക് സസ്പെന്‍ഷൻ
വിഴിഞ്ഞം തുറമുഖത്തിന്‍റെ ശിൽപ്പി ഉമ്മൻചാണ്ടിയെന്ന് വിഡി സതീശൻ; പദ്ധതികള്‍ പൂര്‍ത്തിയാകാത്തതിൽ വേദിയിൽ വെച്ച് വിമര്‍ശനം