
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം രാജ്യത്തിന്റെ വ്യാപാര സാധ്യതകൾ വർധിപ്പിക്കുമെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ. തുറമുഖം പൂർണതോതിൽ പ്രവർത്തിക്കുന്നതോടെ നിർണായക വ്യാപാര കവാടമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് നടന്ന വിഴിഞ്ഞം കോൺക്ലേവ് 2025 ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വിഴിഞ്ഞത്തിലൂടെ കേരളത്തെ വ്യാപാരത്തിന്റേയും ഉത്പാദനത്തിന്റേയും ആഗോള ഹബ് ആക്കുകയാണ് ലക്ഷ്യം. ഭാവിയിൽ രാജ്യത്തെ തന്നെ ഏറ്റവും വലിയ തുറമുഖമായി വിഴിഞ്ഞം മാറും. ഇതിനായി സർക്കാരും ബന്ധപ്പെട്ട വകുപ്പുകളും വരും ദിനങ്ങളിൽ ചെയ്യുന്ന കാര്യങ്ങൾ നിർണായകമാണ്. തെക്കേ ഏഷ്യയിലെ സവിശേഷമായ തുറമുഖമാണ് വിഴിഞ്ഞം. മറ്റു തുറമുഖങ്ങൾക്ക് അവകാശപ്പെടാൻ കഴിയാത്ത പ്രത്യേകതകൾ വിഴിഞ്ഞത്തിനുണ്ട്. വിഴിഞ്ഞത്തിലൂടെ രാജ്യത്തിന്റെ 50 ശതമാനം ട്രാൻഷിപ്പ്മെന്റ് പ്രവർത്തനങ്ങളും നടക്കും. നിലവിൽ ദുബായ്, കൊളംബോ തുടങ്ങിയ തുറമുഖങ്ങൾ വഴിയാണ് ഇത് നടക്കുന്നത്. കൊച്ചി, വിഴിഞ്ഞം തുറമുഖങ്ങളുമായി സംസ്ഥാനത്തെ ചെറുകിട തുറമുഖങ്ങളെ ബന്ധിപ്പിച്ച് ചരക്കുനീക്കം നടത്തുന്നതിനുള്ള നടപടികളുണ്ടാവും. അഴീക്കലിൽ പുതിയ തുറമുഖത്തിന്റെ പണി നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കിഫ്ബി സഹായത്തോടെ തിരുവനന്തപുരം, കൊല്ലം, പുനലൂർ ഇൻഡസ്ട്രിയൽ ട്രയാംഗിൾ വികസിപ്പിക്കും. ഇതിന്റെ ഭാഗമായി വ്യത്യസ്ത വ്യവസായങ്ങൾ യാഥാർത്ഥ്യമാകുമെന്ന് മന്ത്രി പറഞ്ഞു.കേരളത്തെക്കുറിച്ചുള്ള നെഗറ്റീവ് കാഴ്ചപ്പാട് തെറ്റാണെന്ന് സംസ്ഥാനത്തിന്റെ വിവിധ നേട്ടങ്ങൾ പരിശോധിച്ചാൽ വ്യക്തമാകുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് പട്ടികയിൽ കേരളം ഒന്നാം സ്ഥാനത്താണ്. കഴിഞ്ഞ മൂന്നു നാലു പതിറ്റാണ്ടായി കേരളത്തിൽ സമരത്തിന്റെ പേരിൽ വ്യവസായ കേന്ദ്രങ്ങൾ ഒന്നും ആക്രമിക്കപ്പെട്ടിട്ടില്ല. ഭൂപ്രകൃതി അനുസരിച്ച് കേരളത്തെ നാം കൊച്ചു സംസ്ഥാനം എന്നാണ് വിശേഷിപ്പിക്കാറുള്ളത്. എന്നാൽ വിവിധ മേഖലകളിലെ നേട്ടങ്ങൾ പരിശോധിച്ചാൽ കേരളം വലിയ സംസ്ഥാനമാണെന്ന് വ്യക്തമാകും. രാജ്യത്ത് ഏറ്റവും അധികം പഞ്ചനക്ഷത്ര ഹോട്ടലുകൾ കേരളത്തിലാണുള്ളത്. വൻ നേട്ടങ്ങൾ കൊയ്ത വിവിധ വ്യവസായങ്ങളും കേരളത്തിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്നതായി മന്ത്രി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam